കൊഴുപ്പുനീക്കൽ: യുവതിയുടെ ശസ്ത്രക്രിയയിൽ പിഴവുണ്ടായെന്ന് സംശയം; മുറിച്ചുമാറ്റിയത് 9 വിരലുകൾ

Mail This Article
തിരുവനന്തപുരം ∙ അടിവയറ്റിലെ കൊഴുപ്പു നീക്കാൻ സ്വകാര്യ ചികിത്സാ കേന്ദ്രത്തിൽ നടത്തിയ ശസ്ത്രക്രിയയ്ക്കു ശേഷം അണുബാധയെ തുടർന്ന് ഗുരുതരാവസ്ഥയിലായ യുവതിയുടെ 9 വിരലുകൾ മുറിച്ചുമാറ്റി. യുഎസ്ടി ഗ്ലോബലിലെ സോഫ്റ്റ്‌വെയർ എൻജിനീയർ എം.എസ്.നീതുവിന്റെ (31) ഇടതുകാലിലെ അഞ്ചും ഇടതുകയ്യിലെ നാലും വിരലുകളാണ് നീക്കിയത്. മുറിവ് ഉണങ്ങാത്ത അടിവയറിൽ തൊലി വച്ചുപിടിപ്പിച്ചു. വലതുകാലും കയ്യും ചികിത്സിച്ചു ഭേദമാക്കാമെന്ന പ്രതീക്ഷയാണുള്ളതെന്ന് ഡോക്ടർമാർ പറഞ്ഞു.
ഫെബ്രുവരി 22 നാണ് കഴക്കൂട്ടം കുളത്തൂർ തമ്പുരാൻമുക്കിലെ കോസ്മറ്റിക് ആശുപത്രിയിൽ കൊഴുപ്പു നീക്കാനുള്ള ശസ്ത്രക്രിയ നടന്നത്. പിറ്റേന്നു ക്ഷീണമുണ്ടെന്ന് അറിയിച്ചെങ്കിലും ഡോക്ടർമാർ കാര്യമായെടുത്തില്ല. 24ന് സ്ഥിതി വഷളായതിനെ തുടർന്നു ക്ലിനിക്കിലെത്തിച്ചു. രക്തസമ്മർദം കുറഞ്ഞെന്നറിയിച്ച് ക്ലിനിക്കിലെ ഡോക്ടർ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. തുടർന്നു ഹൃദയാഘാതം ഉണ്ടായെന്നും തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റിയെന്നും ബന്ധുക്കളെ അറിയിക്കുകയായിരുന്നു. ആന്തരികാവയവങ്ങളിലെ അണുബാധയെ തുടർന്ന് 21 ദിവസം നീതു വെന്റിലേറ്ററിൽ ചികിത്സയിലായിരുന്നു.
നീതുവിന്റെ ഭർത്താവ് പത്മജിത് നൽകിയ പരാതിയിൽ കോസ്മറ്റിക് ആശുപത്രിയിലെ ഡോ.ഷെനാൾ ശശാങ്കനെ പ്രതിയാക്കി തുമ്പ പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രത്യേക മെഡിക്കൽ സംഘം പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്ന് കഴക്കൂട്ടം അസി.കമ്മിഷണർ ജെ.കെ. ദിനിൽ ജില്ലാ മെഡിക്കൽ ഓഫിസറോട് ആവശ്യപ്പെട്ടിട്ടുണ്ട്. സംഘത്തിന്റെ യോഗം 8ന് ചേരും. ഇവരുടെ റിപ്പോർട്ടിനു ശേഷമായിരിക്കും പൊലീസിന്റെ തുടർനടപടികൾ.
കൊഴുപ്പു നീക്കൽ ശസ്ത്രക്രിയ: വിദഗ്ധ ഡോക്ടർമാരുടെ സേവനം ഉറപ്പാക്കണം
തിരുവനന്തപുരം ∙ അടിവയറ്റിലെ കൊഴുപ്പു നീക്കാനുള്ള ശസ്ത്രകിയകൾ മികച്ച സൗകര്യങ്ങളും പരിചയ സമ്പന്നരായ ഡോക്ടർമാരുടെ സേവനമുള്ളതുമായ ആശുപത്രികളിൽ തന്നെ നടത്തണം. ഇത്തരം ശസ്ത്രക്രിയകൾ പൊതുവേ അപകടകരമല്ലെന്നാണു വിലയിരുത്തൽ. യുഎസ്ടി ഗ്ലോബലിലെ വനിത സോഫ്റ്റ്‌വെയർ എൻജിനീയർ എം.എസ്.നീതുവിന് നടത്തിയ ശസ്ത്രക്രിയയിൽ ഏതെങ്കിലും തരത്തിലുള്ള പിഴവുകൾ ഉണ്ടായോ എന്നാണ് സംശയിക്കുന്നത്. ഇക്കാര്യത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് ആരോഗ്യ രംഗത്തെ വിദഗ്ധർ ആവശ്യപ്പെടുന്നു.
വയറിലെ കൊഴുപ്പ് ചർമത്തിന് തൊട്ടുതാഴെയുള്ള പാഡിങ് പാളിയിൽ മാത്രം ഒതുങ്ങുന്നതല്ല. വയറിനുള്ളിൽ ഇത് ആഴത്തിൽ മറ്റ് ആന്തരാവയവങ്ങള ചുറ്റിപ്പറ്റിയുമുണ്ടാകതും. വയറിലെ കൊഴുപ്പ് അമിതമാകുന്നത് ഉയർന്ന രക്തസമ്മർദം, രക്തത്തിലെ കൊഴുപ്പിന്റെ അളവ്, ഉറക്കക്കുറവ്, ഹൃദ്രോഗം, ചില തരം കാൻസർ, ഫാറ്റിലിവർ സ്ട്രോക്ക് എന്നിവയ്ക്കു വഴി വച്ചേക്കാം. വ്യായാമം വഴി വയറ്റിലെ പേശികളെ ശക്തിപ്പെടുത്തുകയാണ് ശസ്ത്രക്രിയ ഒഴിവാക്കാനുള്ള ഫലപ്രദമായ മാർഗമെന്നും ഡോക്ടർമാർ ചൂണ്ടിക്കാണിക്കുന്നു. ഇതു സാധ്യമല്ലാതെ വരുമ്പോഴാണ് പലരും ചികിത്സയിലേക്കും ശസ്ത്രക്രിയയിലേക്കും മാറുന്നത്.