ഗതാഗത നിയമലംഘനം; തിരുവനന്തപുരത്ത് 18 വാഹനങ്ങൾ പിടിച്ചെടുത്തു

Mail This Article
തിരുവനന്തപുരം∙ നമ്പർ പ്ലേറ്റ് ഘടിപ്പിക്കാതെയും നിരീക്ഷണ ക്യാമറകളിൽപെടാതിരിക്കുന്നതിനായി നമ്പർ പ്ലേറ്റ് രൂപമാറ്റം വരുത്തിയും ഇരുചക്ര വാഹനങ്ങളിൽ നഗരത്തിൽ കറങ്ങി നടക്കുന്നവർക്കെതിരെ സിറ്റി ട്രാഫിക് പൊലീസ് നടപടി തുടങ്ങി. മോട്ടർ വാഹന നിയമം ലംഘിച്ച് നമ്പർപ്ലേറ്റുകളിൽ വിജാഗിരി ഘടിപ്പിച്ചും ക്യാമറകളിൽപ്പെടാതെ നമ്പർ പ്ലേറ്റുകൾ ടെയിൽ ലാമ്പിനു അടിവശം ഘടിപ്പിച്ചതുമായ വാഹനങ്ങൾ, മഡ് ഗാർഡ്, ഇൻഡിക്കേറ്ററുകൾ തുടങ്ങിയവ രൂപം മാറ്റം വരുത്തിയും അമിത ശബ്ദമുണ്ടാക്കി സഞ്ചരിച്ചതുമായ ബൈക്കുകൾ എന്നിവ സിറ്റി പൊലീസ് കമ്മിഷണർ തോംസൺ ജോസിന്റെ നിർദേശ പ്രകാരം നടന്ന പരിശോധനയിൽ കണ്ടെത്തി. ഇത്തരത്തിൽ ഓടിച്ചിട്ടുളള 18 വാഹനങ്ങൾ പൊലീസ് പിടിച്ചെടുത്തു.
ബൈക്കുകൾ ഓടിച്ചവർക്കെതിരെയും വാഹനമുടമകൾക്കെതിരെയും നിയമനടപടികൾ ആരംഭിച്ചതായും പിടിച്ചെടുത്ത വാഹനങ്ങൾ കോടതിയിൽ ഹാജരാക്കുമെന്നും ട്രാഫിക് എസിപിമാർ അറിയിച്ചു. ഇത്തരത്തിൽ നിയമലംഘനം നടത്തുന്ന വാഹനങ്ങൾക്കെതിരെ കർശനമായ നിയമനടപടികൾ തുടർന്നുള്ള ദിവസങ്ങളിലും ട്രാഫിക് പൊലീസ് നടത്തുമെന്ന് സിറ്റി പോലീസ് കമ്മിഷണർ അറിയിച്ചു. സിറ്റി പൊലീസ് കമ്മിഷണർ തോംസൺ ജോസ് ഡിസിപിമാരായ നകുൽ രാജേന്ദ്ര ദേശ്‍മുഖ്, ടി.ഫറാഷ് എന്നിവരുടെ നേതൃത്വത്തിലാണ് വാഹന പരിശോധന നടത്തിയത്. ഗതാഗത നിയമലംഘനങ്ങൾ അറിയിക്കുന്നതിന് വേണ്ടി ഏർപ്പെടുത്തിയിട്ടുള്ള 'ട്രാഫിക് ഐ' വാട്സാപ് നമ്പരിൽ (9497930055) വിവരങ്ങൾ അറിയിക്കാം.