സ്മാർട് റോഡുകളിൽ പാർക്കിങ് തിരക്ക്; പ്രശ്നം വെള്ളയമ്പലം തൈക്കാട്–ഗെസ്റ്റ് ഹൗസ് സംഗീത കോളജ് റോഡുകളിൽ
Mail This Article
തിരുവനന്തപുരം ∙ നഗരത്തിന് പുത്തൻമുഖം നൽകാനായി ആരംഭിച്ച വെള്ളയമ്പലം തൈക്കാട് , ഗവ. ഗെസ്റ്റ് ഹൗസ് സംഗീത കോളജ് സ്മാർട് റോഡുകളിൽ നാട്ടുകാരെ വലച്ച് വാഹന പാർക്കിങ്. റോഡുകളുടെ ഇരുവശത്തും വാഹനങ്ങൾ നിറഞ്ഞ സ്ഥിതിയാണ്. ഗവ. ഗെസ്റ്റ് ഹൗസ് മുതൽ തൈക്കാട് സംഗീത കോളജ് വരെയുള്ള റോഡിൽ ഒരു വശം പൂർണമായി പാർക്ക് ചെയ്ത വാഹനങ്ങൾ കയ്യേറിയിരിക്കുകയാണ്. ഇരുവശത്തേക്കും റോഡിന്റെ ഒരു ഭാഗത്ത് കൂടി മാത്രമേ പോകാൻ സാധിക്കൂ. ഇത് മൂലം ഭൂരിപക്ഷം സമയത്തും ഗതാഗതക്കുരുക്കുമുണ്ട്. ജനറൽ ആശുപത്രി വഞ്ചിയൂർ റോഡിലും സമാന സ്ഥിതിയാണ്.
തൈക്കാട് വെള്ളയമ്പലം റോഡിൽ തൈക്കാട് ആശുപത്രിക്ക് മുൻവശം മുതൽ ഭാരത് ഭവൻ വരെ റോഡ് കയ്യേറിയുള്ള വാഹന പാർക്കിങ്ങാണ്. മാസങ്ങൾ നീണ്ട നിർമാണ പ്രവർത്തനങ്ങൾക്ക് ഒടുവിലാണ് സ്മാർട് റോഡുകൾ പൂർത്തിയായത്. നിർമാണം പൂർത്തിയായ റോഡിലൂടെ സുഗമമായി സഞ്ചരിക്കാമെന്ന തലസ്ഥാനവാസികളുടെ പ്രതീക്ഷകൾക്കാണ് അനധികൃത പാർക്കിങ് മൂലം തിരിച്ചടിയേറ്റിരിക്കുന്നത്.