വേദനകൾ മറികടന്ന് ഹർഷയുടെ നിറചിരി

Mail This Article
കിളിമാനൂർ ∙ രോഗമാണോ പത്താം ക്ലാസ് പരീക്ഷയാണോ വെല്ലുവിളിയായത് എന്ന ചോദ്യത്തിന് രണ്ടിനെയും അതിജീവിച്ചതിന്റെ മറുപടിയാണ് എം.ഹർഷയുടെ (17) എ പ്ലസ് ചിരി. കഴിഞ്ഞ വർഷം എസ്എസ്എൽസി പരീക്ഷ എഴുതേണ്ടതായിരുന്നു പോങ്ങനാട് ഗവ.ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനി ഹർഷ.
2023 ഏപ്രിലിൽ ഹർഷ പത്താം ക്ലാസിലേക്കു കടന്നപ്പോൾ മറ്റൊരു പരീക്ഷണത്തിന്റെ ഫലം വന്നു– മൈലോഡിസ്പ്ലാസ്റ്റിക് സിൻഡ്രം എന്ന രക്താർബുദ വകഭേദം. ലക്ഷത്തിൽ ഒരാളിലുണ്ടാകാവുന്ന അവസ്ഥ. അതിനെ അതിജീവിച്ചു നേടിയ ഫുൾ എ പ്ലസ് നേട്ടത്തിന്റെ ഈ കഥയാണ് യഥാർഥ വിജയകഥ!
കിളിമാനൂർ മലയാമഠം തെങ്ങുവിള വീട്ടിൽ പൊലീസ് ക്രൈംബ്രാഞ്ച് ഹെഡ്ക്വാർട്ടേഴ്സ് ഉദ്യോഗസ്ഥൻ ആർ.ഹരികുമാറിന്റെയും കെഎസ്ആർടിസി കിളിമാനൂർ ഡിപ്പോയിലെ കണ്ടക്ടർ എസ്.മഞ്ജുഷയുടെയും മകളായ ഹർഷയ്ക്ക് ചികിത്സയുടെ ഭാഗമായി ഒന്നര വർഷത്തോളം നഷ്ടമായി. ഇത്തവണത്തെ എസ്എസ്എൽസി പരീക്ഷയ്ക്ക് മൂന്നു മാസം മുൻപാണ് പഠനം തുടങ്ങിയത്. ഓൺലൈൻ വഴിയായിരുന്നു പഠനം.
പരീക്ഷയ്ക്കൊഴികെ ഒരു ദിവസവും സ്കൂളിലെത്തിയില്ല. പരസഹായം കൂടാതെ പരീക്ഷയെഴുതിയ ഹർഷ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. സയൻസ് ഗ്രൂപ്പ് എടുത്ത് പ്ലസ് വണിനു ചേരണമെന്ന ആഗ്രഹം സാധ്യമാകാൻ ഇനിയും കടമ്പയുണ്ട്. ഡോക്ടറുടെ അനുമതി വേണം, അടുത്തുള്ള സ്കൂളിൽ സയൻസ് പ്രവേശനം നേടണം.
ചികിത്സയുടെ ഭാഗമായി രക്തത്തിന്റെ മൂലകോശം മാറ്റിവയ്ക്കാൻ രക്തപരിശോധനയ്ക്കായി കേരള പൊലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിലുൾപ്പെടെ ഒട്ടേറെ ക്യാംപുകൾ നടത്തി. ഒന്നും ശരിയായില്ല. ഒടുവിൽ, പൂർണമായി യോജിക്കുന്നതല്ലെങ്കിലും ഇളയ സഹോദരിയുടെ രക്ത മൂലകോശം സ്വീകരിക്കാൻ വിദഗ്ധ നിർദേശം ലഭിച്ചു.
രണ്ടു വർഷമായി വിവിധ ആശുപത്രികൾ കടന്ന് ചെന്നൈ അപ്പോളോയിലാണു ചികിത്സ. ദിവസവും ഓൺലൈൻ കൺസൽറ്റേഷനിലൂടെ അപ്ഡേഷൻ നടത്തിവരുന്നു. ഡോക്ടറുടെ നിർദേശം കിട്ടുന്ന ദിവസം നേരിട്ട് പരിശോധനയ്ക്കു പോകും. ഇതുവരെ 80 ലക്ഷത്തിലധികം രൂപ ചികിത്സയ്ക്കായി ചെലവായി. വകുപ്പിന്റെയും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും ഉൾപ്പെടെ സഹായം ലഭിച്ചെങ്കിലും ഇപ്പോൾ ലക്ഷങ്ങളുടെ കടബാധ്യതയാണ് ഈ കുടുംബത്തിന്റെ സമ്പാദ്യം. എങ്കിലും മകളുടെ എ പ്ലസ് ചിരിക്കു മുന്നിൽ ബാധ്യതകൾ മറക്കുകയാണ് കുടുംബം.