മൊബൈൽ ഫോൺ മോഷ്ടിച്ചെന്ന് തെറ്റിദ്ധരിച്ച് ബന്ധുവിനെ കൊലപ്പെടുത്തി: പ്രതിക്ക് ജീവപര്യന്തം തടവും പിഴയും

Mail This Article
തിരുവനന്തപുരം∙ ബന്ധുവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും പിഴയും. മൊബൈൽ ഫോൺ മോഷ്ടിച്ചു എന്ന് തെറ്റിദ്ധരിച്ചുള്ള വിരോധത്താൽ ഭരതന്നൂർ പാലോട്ടുകോണം വിദ്യാസദനം വീട്ടിൽ ശിവശങ്കരപ്പിള്ളയുടെയും ശ്യാമളയുടെയും മകനായ വിഷ്ണുശങ്കറിനെ വീട്ടിൽ നിന്നും വിളിച്ചിറക്കികുത്തിക്കൊലപ്പെടുത്തിയ കേസിൽ ബന്ധുവായ കടയ്ക്കൽ ബൗണ്ടർ മുക്ക് വട്ടമുറ്റം സ്വദേശി സജി കുമാറിനാണ് ശിക്ഷ. തിരുവനന്തപുരം ഏഴാം അഡിഷണൽ സെഷൻസ് കോടതി ജഡ്ജി പ്രസൂൺ മോഹൻ ജീവപര്യന്തം തടവിനും 2 ലക്ഷം രൂപ പിഴ ഒടുക്കാനും ശിക്ഷ വിധിച്ചു.
2014 ലാണ് സംഭവം. ഒരുമിച്ച് പെയിന്റിങ് പണിക്കും മറ്റും പോയിരുന്ന പ്രതിയുടെ മൊബൈൽ ഫോൺ വിഷ്ണുശങ്കർ എടുത്തുമാറ്റി എന്ന് സംശയിച്ചാണ് വീട്ടിലെത്തി പ്രതി കൃത്യം നടത്തിയത്. സംഭവം നേരിൽ കണ്ട വിഷ്ണുശങ്കറിന്റെ അമ്മൂമ്മ കുഞ്ഞുലക്ഷ്മിയുടെയും അച്ഛൻ ശിവശങ്കരപ്പിള്ളയുടെയും മൊഴികളാണ് കേസിൽ നിർണായകമായത്. പ്രതിക്കെതിരെ പ്രോസിക്യൂഷൻ 26 സാക്ഷികളെ ഹാജരാക്കി 24 രേഖകളും 17 തൊണ്ടിമുതലുകളും ഹാജരാക്കി.