ആനയറയിലെ വൈദ്യുതി മുടക്കം: ശാശ്വത പരിഹാരം ഇനിയും അകലെ

Mail This Article
തിരുവനന്തപുരം ∙ തുടർച്ചയായുള്ള വൈദ്യുതി മുടക്കത്തിൽ പൊട്ടിത്തെറിക്കുകയാണ് ആനയറ നിവാസികൾ. മൂന്നു ദിവസത്തിലേറെയായി ഇവിടെ വൈദ്യുതി തടസ്സപ്പെട്ടതോടെ ജനങ്ങൾ വൻ പ്രതിഷേധവുമായി രംഗത്തെത്തി. ഗുരുതര വിഷയമായിട്ടും ഇത് പരിഹരിക്കാൻ കെഎസ്ഇബി നടപടിയെടുക്കുന്നില്ലെന്നാണ് ആരോപണം. ശാശ്വത പരിഹാരം കാണാതെ പിന്നോട്ടില്ല എന്ന് ജനങ്ങളും ഒന്നടങ്കം പറയുന്നു. വൈദ്യുതി മുടങ്ങിയതിൽ സഹികെട്ടാണ് ജനങ്ങൾ കെഎസ്ഇബി ഉദ്യോഗസ്ഥരെ തടഞ്ഞു വച്ചത്. ഇതിനു പിന്നാലെ ബുധനാഴ്ച വൈകിട്ടോടെ ആനയറ ഗവ. എൽപി സ്കൂളിന് സമീപത്തെ ട്രാൻസ്ഫോമർ മാറ്റി മറ്റൊന്ന് സ്ഥാപിച്ചെങ്കിലും രാത്രി വീണ്ടും പ്രദേശം ഇരുട്ടിലായി.

ഇതോടെ ജനങ്ങൾ രോഷാകുലരായി. ചൊവ്വാഴ്ച രാവിലെ 10 മണിയോടെയായിരുന്നു പ്രശ്നങ്ങളുടെ തുടക്കം. ആനയറ– പേട്ട റോഡിലെ ഗവ. എൽപി സ്കൂളിന് സമീപത്തെ ട്രാൻസ്ഫോമറിൽ നിന്ന് പൊട്ടിത്തെറി ശബ്ദമുണ്ടായി. പിന്നാലെ വൈദ്യുതി നിലച്ചു. ജനങ്ങളുടെ പ്രതിഷേധത്തെ തുടർന്നു ട്രാൻസ്ഫോമർ മാറ്റിവച്ചെങ്കിലും പ്രശ്നത്തിന് പൂർണ പരിഹാരം കാണാത്തതാണ് ആളുകളെ ചൊടിപ്പിച്ചത്. പേട്ട കെഎസ്ഇബി ഇലക്ട്രിക്കൽ സെക്‌ഷന്റെ പരിധിയിൽപ്പെടുന്നതാണ് ആനയറ മേഖല. കോൺഗ്രസിന്റെ നേതൃത്വത്തിൽ കെഎസ്ഇബി ഓഫിസിൽ പ്രതിഷേധം നടത്തിയിരുന്നു. പ്രതിഷേധത്തെത്തുടർന്ന് ഇന്നലെ മുടക്കമില്ലാതെ വൈദ്യുതി ലഭിച്ചു.
ബാധിക്കുന്നത് 600 വീട്ടുകാരെ
കോർപറേഷനിലെ കടകംപള്ളി ഡിവിഷനിൽ, ആനയറയിലും പരിസരത്തുമായുള്ള 600 വീടുകളെയാണ് വൈദ്യുതി മുടക്കം കാര്യമായി ബാധിച്ചത്. പ്രശ്നത്തെ തുടർന്ന് മാറ്റിവച്ച ട്രാൻസ്ഫോമർ പഴയതാണെന്നും പുതിയത് സ്ഥാപിക്കണമെന്നുമാണു നാട്ടുകാരുടെ ആവശ്യം. ഈ ട്രാൻസ്ഫോമറിന് താങ്ങാവുന്നതിലും കൂടിയ അളവിലുള്ള വേനൽക്കാലത്തെ വൈദ്യുതി ഉപയോഗമാണ് വൈദ്യുതി തടസ്സത്തിനു കാരണം എന്നും നാട്ടുകാർ പറയുന്നു.
ട്രാൻസ്ഫോമറിലെ തകരാർ
ആദ്യ ദിവസം ട്രാൻസ്ഫോമറിന്റെയും രണ്ടാം ദിവസം ട്രാൻസ്ഫോമറിലെ ഡിഒ ഫ്യൂസിന്റെയും തകരാറാണ് പ്രദേശത്ത് വൈദ്യുതി മുടങ്ങാൻ കാരണമെന്നു പേട്ട ഇലക്ട്രിക്കൽ സെക്‌ഷൻ അധികൃതർ പറഞ്ഞു. ഈ പ്രശ്നം പരിഹരിച്ചെന്നും അധികൃതർ അറിയിച്ചു. റോഡ് പണിയുടെ ഭാഗമായി ട്രാൻസ്ഫോമർ മാറ്റി സ്ഥാപിക്കാൻ ജനങ്ങൾ അനുവദിക്കാത്തതും പ്രദേശത്ത് പ്രതിസന്ധി ഉണ്ടാക്കുന്നു.