തിരുവനന്തപുരത്തെ അമ്മത്തൊട്ടിലിൽ പുതിയ അതിഥിയെത്തി; ‘ജൂൺ’
Mail This Article
തിരുവനന്തപുരം ∙ സംസ്ഥാന ശിശുക്ഷേമ സമിതി ആസ്‌ഥാനത്തെ അമ്മത്തൊട്ടിലിലേക്ക് പുതിയ അതിഥിയെത്തി. തിങ്കളാഴ്‌ച രാത്രി 12.30നാണ് നാലു ദിവസം പ്രായം തോന്നിക്കുന്ന പെൺകുഞ്ഞ് അതിഥിയായി എത്തിയത്. കുഞ്ഞിന് ‘ജൂൺ’ എന്ന് പേരിട്ടതായി ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി.എൽ.അരുൺഗോപി അറിയിച്ചു. 2.700 കിലോഗ്രാം ഭാരമുള്ള കുഞ്ഞിനെ തൈക്കാട് സ്‌ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ പരിശോധന പൂർത്തിയാക്കിയ ശേഷം ശിശുക്ഷേമ സമിതിയുടെ ദത്തെടുക്കൽ കേന്ദ്രത്തിന്റെ സംരക്ഷണയിലേക്ക് മാറ്റി.
ദത്തെടുക്കൽ നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടതിനാൽ കുഞ്ഞിന്റെ അവകാശികൾ ആരെങ്കിലുമുണ്ടെങ്കിൽ രണ്ടു മാസത്തിനകം സംസ്ഥാന ശിശുക്ഷേമ സമിതി ഓഫിസുമായി ബന്ധപ്പെടണമെന്ന് ജനറൽ സെക്രട്ടറി അറിയിച്ചു. ശിശുക്ഷേമ സമിതിയുടെ തിരുവനന്തപുരം അമ്മത്തൊട്ടിലിൽ ഈ വർഷം 7 കുട്ടികളെയും ആലപ്പുഴയിൽ 3 കുട്ടികളെയും ലഭിച്ചു. വിവിധ ജില്ലകളിൽ അമ്മത്തൊട്ടിൽ സ്ഥാപിച്ച ശേഷം ഏറ്റവും കൂടുതൽ കുട്ടികളെ ലഭിക്കുന്നത് തിരുവനന്തപുരത്താണ്. കഴിഞ്ഞ 26 മാസത്തിനിടെ 163 കുട്ടികളെ നിയമപരമായ മാർഗങ്ങളിലൂടെ ദത്തു നൽകി.