ADVERTISEMENT

തിരുവനന്തപുരം ∙ സർക്കാരിനെതിരെ കടുത്ത പ്രതിഷേധമുയർത്തി 45 ദിവസം നീണ്ട ആശാ സമരയാത്ര തലസ്ഥാനത്ത് സമാപിച്ചു. റാലിക്കു ശേഷം സെക്രട്ടേറിയറ്റിനു മുന്നിൽ നടന്ന സമാപനസമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്തു. ആശാ സമരത്തോടു പിണറായി വിജയൻ സർക്കാർ കാണിച്ച ക്രൂരത ജനമനസ്സുകളിൽ മായാതെ നിൽക്കുമെന്നും അത് അധികാരത്തിൽനിന്ന് ഈ സർക്കാരിനെ താഴെയിറക്കുമെന്നും അദ്ദേഹം പറഞ്ഞു. നിർധനരായ വനിതകൾ തുച്ഛമായ വേതന വർധനയ്ക്കു വേണ്ടി നടത്തിയ സമരത്തെ പരിഹസിച്ചും അവഹേളിച്ചും തോൽപിക്കാനായിരുന്നു സർക്കാരിന്റെയും ഭരണപക്ഷ നേതാക്കളുടെയും ശ്രമം.

സമരം ചെയ്യുന്ന സ്ത്രീകളെ തീവ്രവാദികളായി ചിത്രീകരിച്ചു. മുതലാളിത്ത മനോഭാവം പേറുന്ന പിണറായി സർക്കാർ തീവ്രവലതുപക്ഷമായി മാറിയിരിക്കുകയാണ്. യുഡിഎഫ് അധികാരത്തിലെത്തിയാൽ ആദ്യ കാബിനറ്റിൽ തന്നെ ആശമാരുടെ ഓണറേറിയം വർധിപ്പിക്കാൻ തീരുമാനമെടുക്കുമെന്നും സതീശൻ പറഞ്ഞു. കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വി.കെ.സദാനന്ദൻ അധ്യക്ഷനായി.

129 ദിവസമായി സെക്രട്ടേറിയറ്റിനു മുന്നിൽ തുടരുന്ന രാപകൽ സമരവും 45 ദിവസം നീണ്ട സമരയാത്രയും ആശമാരുടെ ഉള്ളിലെ കനൽ ആളിക്കത്തിച്ചെന്നു ജാഥാ ക്യാപ്റ്റനായ എം.എ.ബിന്ദു പറഞ്ഞു. ആശമാരുടെ സമരം സർക്കാരിനെ വല്ലാതെ അലോസരപ്പെടുത്തുന്നുണ്ടെന്നും വിജയിച്ച ശേഷമേ സമരത്തിൽനിന്നു പിന്മാറുകയുള്ളുവെന്നും സംസ്ഥാന വൈസ് പ്രസിഡന്റ് എസ്.മിനി പറഞ്ഞു. എംഎൽഎമാരായ ഡോ.എം.കെ.മുനീർ, മാത്യു കുഴൽനാടൻ, ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ, ഷാനിമോൾ ഉസ്മാൻ, പാലോട് രവി,

വി.വി.രാജേഷ്, ജോസഫ് എം.പുതുശേരി, ഡോ.എം.പി.മത്തായി, ജെയ്‌സൺ ജോസഫ്, കുസുമം ജോസഫ്, പ്രമോദ് പുഴങ്കര, റോസ് മേരി, ജെ.ദേവിക, ഫാ.റൊമാൻസ് ആന്റണി, ഡോ.ഡി.സുരേന്ദ്രനാഥ്, ബിന്ദു കൃഷ്ണ, ഗോമതി, കെ.പി.റോസമ്മ, എൻ.സുബ്രഹ്മണ്യൻ, പി.ഇ.ഉഷ, വി.പി.സുഹറ, സണ്ണി എം.കപിക്കാട്, എസ്.രാജീവൻ, ജോർജ് മുല്ലക്കര, എം.ഷാജർഖാൻ തുടങ്ങിയവർ പ്രസംഗിച്ചു. ‘വൈറ്റ്റോസ് ’ സാംസ്കാരിക കൂട്ടായ്മ അവതരിപ്പിച്ച‘ആശാഭരിതം’ തെരുവുനാടകവും സമരഗാനങ്ങളും അവതരിപ്പിച്ചു.

English Summary:

Kerala ASHA workers' protest concludes after 45 days, demanding a wage increase. Opposition leader VD Satheesan criticized the government's handling of the protest and pledged to address the issue if elected.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com