പൊലീസും പഞ്ചായത്തും പിൻവലിഞ്ഞു ; പാളി പാർക്കിങ് ക്രമീകരണം

Mail This Article
കാട്ടാക്കട ∙ വ്യാപാര സമൂഹത്തിന്റെ കടുത്ത എതിർപ്പിനെ തുടർന്ന് ഇളവ് വരുത്തിയ പട്ടണത്തിലെ പാർക്കിങ് ക്രമീകരണം വീണ്ടും പഴയപടി. ജംക്‌ഷനിൽ ഗതാഗതക്കുരുക്ക് ഉണ്ടാക്കുന്ന കഞ്ചിയൂർക്കോണം, ബിഎസ്എൻഎൽ റോഡുകളിൽ വീണ്ടും പാർക്കിങ്. നിത്യവും പട്ടണത്തെ കുരുക്കിലാക്കിയിരുന്ന ഗതാഗത തടസ്സത്തിനു അടുത്തകാലത്ത് അറുതി വന്നതാണ്. പൊലീസ്,മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ അനാസ്ഥയും പഞ്ചായത്തിന്റെ ആവേശം അടങ്ങിയതും പട്ടണത്തെ വീണ്ടും പഴയ പടിയിലേക്ക് കൊണ്ടു പോകുന്ന സ്ഥിതിയിലായി.
പട്ടണത്തിൽ ഗതാഗത തടസ്സം സൃഷ്ടിക്കുന്ന അനധികൃത പാർക്കിങ് കർശനമായി നിരോധിച്ചും, പാർക്കിങ്ങിനു സ്ഥലം കണ്ടെത്തി നൽകിയും തെരുവോര കച്ചവടം പരമാവധി ഇല്ലാതാക്കിയുമാണ് പട്ടണത്തിലെ പാർക്കിങ് ക്രമീകരണത്തിനു ട്രാഫിക് ക്രമീകരണ സമിതി തീരുമാനിച്ചത്. പൊലീസ്,റവന്യു,മരാമത്ത്,പൊലീസ്, മോട്ടർ വാഹന വകുപ്പ്, പഞ്ചായത്ത് ഉദ്യോഗസ്ഥർക്ക് പുറമേ വ്യാപാരി സംഘടന പ്രതിനിധികളും പങ്കെടുത്ത യോഗമാണ് പാർക്കിങ് ക്രമീകരണത്തിനു പച്ചക്കൊടി കാട്ടിയത്. ആദ്യ ഘട്ടം വിജയകരമായി നടന്നു. പിന്നാലെ പരാതികളെത്തി. ഇതോടെ സാധനങ്ങൾ വാങ്ങാനെത്തുന്നവരുടെ വാഹനങ്ങൾക്ക് പാർക്കിങ് ടാഗ് വേണമെന്ന നിബന്ധന വ്യാപാരി സമൂഹത്തിന്റെ ആവശ്യം പരിഗണിച്ച് വേണ്ടെന്ന് വച്ചു. ഇതിന്റെ മറവിലാണ് പഴയ പടി പാർക്കിങ് മാറിയത്.
നിയന്ത്രണങ്ങളില്ലെന്നു പ്രചാരണം വന്നതോടെ വീതികുറഞ്ഞ കഞ്ചിയൂർക്കോണം,ബിഎസ്എൻഎൽ റോഡുകളിൽ പാർക്കിങ് പഴയ പടിയായി. പൊലീസാകട്ടെ പലപ്പോഴും സമ്മർദങ്ങളുടെ ഭാഗമായി നടപടിക്ക് മടിക്കുന്നു. ഇത് രാവിലെ റോഡ് വക്കിൽ വാഹനം പാർക്ക് ചെയ്ത് പോകുന്നവർക്ക് ഇപ്പോൾ തുണയായി. പാർക്കിങ് ക്രമീകരണം വന്നതു മുതൽ അലക്ഷ്യമായി റോഡ് വക്കിൽ തോന്നും പോലെയുള്ള പാർക്കിങ് ഒഴിവാക്കാനായി. പട്ടണത്തിലെ ഓരോ റോഡിന്റെയും ഒരു ഭാഗം പാർക്കിങ് നിരോധനമുണ്ടെങ്കിലും ജംക്‌ഷനിൽ ഒഴികെ മറു ഭാഗം പാർക്കിങ്ങിനായി നീക്കി വച്ചാണ് പാർക്കിങ് ക്രമീകരണം നടപ്പാക്കിയത്. നെയ്യാറ്റിൻകര റോഡിലെ വഴിവാണിഭം ഒഴിപ്പിച്ച് ഇവിടെ പാർക്കിങ് ഏരിയയാക്കി. ഇതൊക്കെ ഫലം കണ്ട് തുടങ്ങിയപ്പോഴാണ് അധികൃതർ പിന്നാക്കം പോയത്. ഇതോടെ പഴയ നിലയിൽ കാര്യങ്ങളെത്തി.
ഇതേ സമയം, പാർക്കിങ്ങിൽ ഇളവ് വരുത്തിയിട്ടില്ലെന്നും, കടകളിൽ വാഹനത്തിൽ സാധനങ്ങൾ വാങ്ങാനെത്തുന്നവരുടെ വാഹനങ്ങളിലെ ടാഗ് മാത്രമാണ് വ്യാപാരി സമൂഹത്തിന്റെ അഭ്യർഥന മാനിച്ച് വേണ്ടെന്ന് വച്ചതെന്നും ഇട റോഡുകളിൽ ഉൾപ്പെടെ നിരോധിച്ച സ്ഥലങ്ങളിൽ പാർക്കിങ് അനുവദിക്കില്ലെന്നും പഞ്ചായത്ത് അധികൃതർ അറിയിച്ചു. അനധികൃത പാർക്കിങ്ങിനെതിരെ നടപടി സ്വീകരിക്കേണ്ടത് പൊലീസും മോട്ടർ വാഹന വകുപ്പുമാണ്. അവർ അത് ചെയ്യുന്നുണ്ടെന്നും സെക്രട്ടറി പറഞ്ഞു.