ADVERTISEMENT

തൃശൂർ ∙ തേക്കിൻകാട് മൈതാനിയിലെ കിഴക്കേ നടയ്ക്ക് ഇപ്പോൾ വലിയൊരു കുട്ടയുടെ രൂപമാണ്. കുട്ടയ്ക്കുള്ളിൽ ഒരായിരം കൃഷി വിഭവങ്ങൾ നിരത്തിവച്ചിട്ടുണ്ട്. നാളികേരം, വാഴപ്പഴം, തേൻ, കിഴങ്ങുവർഗങ്ങൾ, പച്ചക്കറികൾ തുടങ്ങി വലിയ കലവറയാണ് കിഴക്കേനടയ്ക്കു സമീപത്തെ വൈഗ കാർഷിക മേളയിൽ. ഒരു രൂപയുടെ വിത്ത് പായ്ക്കറ്റ് മുതൽ 10 ലക്ഷത്തിന്റെ കാർഷിക യന്ത്രങ്ങൾ വരെ ഉണ്ട്.

thrissur-fruits-and-vegetables
വൈഗയിൽ ചുണ്ടൻ വള്ളത്തിന്റെ മാതൃകയിൽ നിറച്ചു വച്ചിരിക്കുന്ന വിവിധ പച്ചക്കറികളും ഫലങ്ങളും

വിവിധയിനം വിളകൾ, മൂല്യവർധിത ഉൽപന്നങ്ങൾ, കണ്ണിനു കുളിർമയും ആശ്ചര്യവും സമ്മാനിക്കുന്ന അലങ്കാര വസ്തുക്കൾ, മികച്ച കാർഷിക പരിപാലന കേന്ദ്രങ്ങൾ എന്നിങ്ങനെ കാഴ്ചകളുടെ വൈവിധ്യമാർന്ന നിര കൃഷിവകുപ്പിന്റെ വൈഗ കൃഷി ഉന്നതി മേളയിലുണ്ട്. കാർഷിക പ്രദർശനത്തിനൊപ്പം അറിവും വിജ്ഞാനവും പ്രദാനം ചെയ്യുന്ന സെമിനാറുകളും ഉണ്ട്.

എണ്ണൂറോളം സ്റ്റാളുകളാണുള്ളത്. 60% സ്ത്രീകൾ ഉൾപ്പെടെ നൂറോളം പുതുകൃഷി സംരംഭകരുടെ സ്റ്റാളുകളാണു കൂടുതൽ.  കശ്മീരും കർണാടകയും തമിഴ്‌നാടും ഉൾപ്പെടെ രാജ്യത്തെ 10 സംസ്ഥാനങ്ങൾ വൈഗയിൽ പങ്കെടുക്കുന്നു. ഭൂട്ടാൻ, ഇന്തോനേഷ്യ, നെതർലൻഡ്, ജപ്പാൻ എന്നീ രാജ്യങ്ങളിലെ പ്രതിനിധികളും വന്നിട്ടുണ്ട്. 

വൈവിധ്യ വൈഗ

കാർഷിക ഉൽപന്നങ്ങളുടെ വൈവിധ്യമായ ശേഖരവും മൂല്യവർധിത ഉൽപന്നങ്ങളുടെ വിപണി സാധ്യതകളും മേളയിൽ കാണാം. കാർഷിക ഉൽപന്നങ്ങളെ മൂല്യവർധിത ഉൽപന്നങ്ങളാക്കി മാറ്റുന്ന സംരംഭങ്ങൾ ആരംഭിക്കാനാഗ്രഹിക്കുന്നവർക്ക് പ്രദർശനം മുതൽക്കൂട്ടാണ്.ഉൽപന്ന നിർമാണം, കാർഷിക യന്ത്ര സമഗ്രികൾ, വിപണന മാർഗങ്ങൾ, പാക്കേജിങ്, ലൈസൻസിങ്, സർട്ടിഫിക്കേഷൻ തുടങ്ങി

thrissur-products
വൈഗ മേളയിൽ ഒരുക്കിയിരിക്കുന്ന വിവിധ കൃഷി മൂല്യവർദ്ധിത ഉൽപന്നങ്ങൾ

ഉൽപന്ന വിപണന ശൃംഖലയിലെ വിവിധ ഘട്ടങ്ങളെക്കുറിച്ചു കർഷകർക്കു അറിവു പകരാൻ വൈഗ‌യ്ക്കാകും. സംസ്ഥാനത്ത് ഉൽപാദിപ്പിക്കുന്ന കാർഷിക ഉൽപന്നങ്ങളിൽ നാമമാത്രമായ തോതിൽ മാത്രമേ മൂല്യവർധിത ഉൽപന്നങ്ങളാക്കി മാറ്റുന്നുള്ളു. എന്നാൽ ഈ രംഗത്ത് ഒട്ടേറെ തൊഴിൽ സാധ്യതകളുണ്ട്. കർഷകർക്കും കൃഷി സംരംഭകർക്കും ഇതിനെക്കുറിച്ചുള്ള അവബോധവും സഹായ സഹകരണങ്ങളും ലഭ്യമാക്കുവാനാണു കൃഷിവകുപ്പ് വൈഗ (വാല്യു അഡിഷൻ ഫോർ ഇൻകം ജനറേഷൻ ഇൻ അഗ്രിക്കൾച്ചർ) പ്രദർശനം.

പാഴ് വസ്തുക്കളുടെ ഉപയോഗം

സീറോ വേസ്റ്റ് ഗാർഡൻ എന്ന നൂതന ആശയവുമായി വണ്ടിപ്പെരിയാറിൽ നിന്നു സ്റ്റേജ് വെജിറ്റബിൾ ഫാം. പാഴ് വസ്തുക്കളുടെ പുനരുപയോഗം പരിസ്ഥിതിയെ ബാധിക്കാത്ത രീതിയിൽ എങ്ങനെ സാധ്യമാക്കാം എന്നതിനുള്ള ഉദാഹരണമാണ് സീറോ വേസ്റ്റ് ഗാർഡൻ. 

ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക് ബോട്ടിലുകൾ, ബക്കറ്റുകൾ, ഓയിൽ ക്യാനുകൾ, കന്നാസുകൾ, വാഹനങ്ങളുടെ ടയറുകൾ എന്നിവ ആവശ്യമായ രൂപ മാറ്റങ്ങൾ വരുത്തിയതിനോടൊപ്പം ആകർഷക നിറങ്ങൾ ഉപയോഗിച്ച് മനോഹരമാക്കിയും പൂന്തോട്ട അലങ്കാരത്തിനു കഴിയുന്ന രീതിയിൽ മാറ്റിയെടുക്കുന്നതാണിത്.

thrissur-pineapples
വെറ്റിലയും കൈതച്ചക്കയും ഉപയോഗിച്ചുള്ള അലങ്കാരം

ട്രാക്ടർ പോലുള്ള വലിയ വാഹനങ്ങളുടെ ടയറുകൾ രൂപമാറ്റം വരുത്തി അക്വേറിയങ്ങളാക്കി മാറ്റിയിട്ടുണ്ട്. ഉപയോഗ ശൂന്യമായ റഫ്രിജറേറ്ററുകളിൽ അക്വാപോണിക്സ് ചെയ്യുന്നു. ചെടി ചട്ടികളുടെ സ്ഥാനത്ത് പ്ലാസ്റ്റിക് ബോട്ടിലുകളും ബക്കറ്റുകളും ടയറുകളും പ്ലാസ്റ്റിക് പൈപ്പുകളും ഷൂസുകളും ഒക്കെ ഉപയോഗിക്കുന്നു. 

വയനാടൻ ഗോത്രസ്മൃതി

ഉൗരുകൂട്ടം പ്രദർശന സ്റ്റാളുകളിൽ ആദിവാസി ഉൗരുകളിലെ പരമ്പരാഗത കൃഷിയിൽ ഉപയോഗിച്ചു വന്നിരുന്ന ഉപകരണങ്ങളുടെയും പാത്രങ്ങളുടെയും പ്രദർശനവുമായി വയനാട് പ്രിൻസിപ്പൽ കൃഷി ഓഫിസിന്റെ ഗോത്രസ്മൃതി.നെല്ലെടുക്കാനും അളക്കാനുമായി ഉപയോഗിച്ചിരുന്ന ഏത്തവും ആഘോഷങ്ങൾക്കും മറ്റും ആദിവാസി ഉൗരുകളിൽ ഉപയോഗിച്ചിരുന്ന തുടിയും ഗോത്രസ്മൃതി സ്റ്റാളിലുണ്ട്. അപായ സൂചന നൽകുന്നതിനുള്ള ‘തട്ട’ കൃഷിക്കുപയോഗിച്ചിരുന്ന നുകം, പക്ക എന്നിവയും സ്റ്റാളിന്റെ പ്രത്യേകതയാണ്. 

60 ഇനം നെൽവിത്തുകൾ

നെൽ കൃഷിയിലെ നാട്ടറിവുകൾ പുതുതലമുറ പകർന്ന് നൽകി ഇടുക്കിയിൽ നിന്നൊരു യുവകർഷകൻ. തൃശൂർ നാട്ടിക സ്വദേശിയും തൊടുപുഴ കൃഷി ഓഫിസ് ഉദ്യോഗസ്ഥനുമായ ഇ.പി. എസ്.സുരേഷാണ് അപൂർവമായ വിത്തു ശേഖരവും നാടൻ കൃഷി അറിവുകളും വൈഗയിൽ പങ്കുവയ്ക്കുന്നത്. 60 ഇനം നാടൻ നെൽവിത്ത് ഇനങ്ങളാണ് പ്രദർശനത്തിലുള്ളത്.

ഒരു വർഷം മുൻപാണ് സ്റ്റാറ്റിസ്റ്റിക്‌സ് ഉദ്യോഗസ്ഥനായ സുരേഷ് കൃഷിയോടുള്ള താൽപര്യം മൂലം ഇടുക്കി തൊടുപുഴ കൃഷി ഓഫിസിലെത്തുന്നത്. അന്യം നിന്ന് പോകുന്ന പരമ്പരാഗത ഇനങ്ങളെ സംരക്ഷിക്കാൻ സുരേഷും ഒന്ന് രണ്ട് സുഹൃത്തുക്കളും ചേർന്നെടുത്ത തീരുമാനമാണ് നാടൻ നെൽ വിത്തുകളുടെ സമ്പാദ്യം. 

മാപ്പിള ചെമ്പൻ, ഇട്ടിക്കണ്ടപ്പൻ, ഉണ്ട ചെമ്പാൻ, കാത്തമ്പാലരി കൈമാ, ഉരുണി കൈമാ, ഓക്കൻ പുഞ്ച, ചെന്നൊൽ തൊണ്ടി, കനലി, സ്വർണ ഞവര, കൃഷ്ണ കാമോദീ, വെള്ള പെരുവാഴ, കരിമല ചെന്താടി, കുറുമാടി, തെക്കൻ ചീര, പാൽതോണി, ആൻഡ്മാൻ ബസൂരി എന്നിങ്ങനെ അപൂർവമായ 32 ഇനം നെല്ലിനങ്ങളാണ് വിവിധ ജില്ലകളിലായി പടർന്നു കിടക്കുന്ന സുരേഷിന്റെ പാടശേഖരങ്ങളിൽ നൂറുമേനി വിളവൊരുക്കി നിൽക്കുന്നത്. 

അഗ്രി ബിസിനസ് ഇൻക്യുബേറ്റർ

കൃഷി സംരംഭകർക്കായി അഗ്രി ബിസിനസ് ഇൻക്യുബേറ്ററുമായി കാർഷിക സർവകലാശാല. കാർഷിക മേഖലയിലെ സംരംഭകത്വത്തെ പ്രോത്സാഹിപ്പിക്കുകയും നവ സംരംഭകരെ കാർഷിക മേഖലയിലേക്ക് ആകർഷിക്കുകയും പുത്തൻ ആശയങ്ങളെ കണ്ടെത്തി വളർത്തുകയുമാണ് ഇതിന്റെ ലക്ഷ്യം. സാങ്കേതിക വിദ്യാ വികസനം, പരിശീലനം, വികസിപ്പിച്ച സാങ്കേതിക വിദ്യകളുടെ കൈമാറ്റം, വ്യവസായവൽക്കരണം, സംരംഭകത്വ വികസനം എന്നിവയാണ് ഇൻക്യുബേറ്റർ ലക്ഷ്യം വയ്ക്കുന്നത്. 

കാർഷിക സർവകലാശാലയുടെയും അഗ്രി ബിസിനസ് ഇൻക്യുബേറ്ററിന്റെ സഹായത്തോടെ നിർമിച്ച ചക്ക ചുളകൾ അരിഞ്ഞെടുക്കുന്ന യന്ത്രം ശ്രദ്ധേയമായാണ്.  യന്ത്രം ഉപയോഗിച്ച് മണിക്കൂറിൽ 50 കിലോ ഗ്രാം ചക്ക ചുളകൾ അരിഞ്ഞെടുക്കാം. തനതായ നിറവും രുചിയും നില നിർത്തി ഫ്രൈഡ് ചിപ്സുകൾ ഉണ്ടാക്കാവുന്ന വാക്വം ഫ്രൈയിങ് യന്ത്രവും ഇൻക്യൂബേറ്ററിന്റെ കണ്ടുപിടിത്തമാണ്. 

10 സംസ്ഥാനങ്ങൾ

കശ്മീർ ഉൾപ്പെടെ 10 സംസ്ഥാനങ്ങൾ വൈഗ മേളയിൽ പങ്കെടുക്കുന്നുണ്ട്. ഇതോടൊപ്പം 4 വിദേശരാജ്യങ്ങളുടെ പ്രാതിനിധ്യവുമുണ്ട്. താൽപര്യമുള്ള കർഷകരെ എത്തിക്കാനായി സംസ്ഥാനത്തെ എല്ലാ കൃഷിഭവനുകളിൽ നിന്നു സൗജന്യ ബസ് സേവനം കൂടിയായപ്പോൾ കേരളത്തിന്റെ മുഴുവൻ പ്രാതിനിധ്യം തൃശൂരിലെത്തി. 2വേദികളി്ൽ സെമിനാറും ഒരു വേദിയിൽ മത്സരങ്ങളും ഒരുക്കിയിട്ടുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com