ADVERTISEMENT

തൃശൂർ∙ ആളിക്കത്തുന്ന ഗ്യാസ് സിലിണ്ടറിന്റെ സമീപം ധൈര്യത്തോടെ നടന്നെത്തുന്ന പെൺകുട്ടി. കൈകൊണ്ട് നോബ് അടച്ചു പിടിച്ചു റെഗുലേറ്റർ തിരിച്ചു നിഷ്പ്രയാസം അവൾ തീയണച്ചു. കൈകാര്യം ചെയ്യേണ്ടത് എങ്ങനെയെന്നതറിഞ്ഞാൽ തീ എന്നല്ല വൻദുരന്തമായി മാറാവുന്ന എന്തും നിസ്സാരമായി പരിഹരിക്കാനാവുമെന്നു പഠിക്കുകയായിരുന്നു തൃശൂർ കുട്ടനെല്ലൂർ സി.അച്യുതമേനോൻ മെമ്മോറിയൽ ഗവ. കോളജിലെ രണ്ടാം വർഷ ബിരുദ വിദ്യാർഥിനിയും എൻസിസി കെഡറ്റുമായ ചൈത്ര സതീഷ്.

thrissur-training-for-controlling-gas-cylinder-fire
ഗ്യാസ് സിലിണ്ടറില തീയണക്കുന്ന എൻ.സി. സി കെഡറ്റ് ചൈത്ര സതീഷ്

ലെഫ്റ്റനന്റ് കേണൽ വി. ദിവാകരൻ കമാൻഡിങ് ഓഫിസറായ 23 എൻസിസി കേരള ബറ്റാലിയന്റെ സംയുക്ത വാർഷിക പരിശീലന ക്യാംപിന്റെ ഭാഗമായി കുട്ടനെല്ലൂർ ഗവ. കോളജിൽ സംഘടിപ്പിച്ച ക്ലാസിലൂടെയാണ് ചൈത്രയുൾപ്പെടെയുള്ള 512 കെഡറ്റുകൾ ദുരന്തനിവാരണ മാർഗങ്ങളെക്കുറിച്ച് അറിവുനേടിയത്. സത്യസായി ദുരന്തനിവാരണ സംഘമാണ് സൗജന്യമായി പരിശീലനം നൽകിയത്.

1. വിവധ തരം കെട്ടുകൾ ചെയ്തു പരിശീലിക്കുന്ന കെഡറ്റ്സ്, 2. ബോധരഹിതരായവരെ എടുത്തുകൊണ്ടു പോകുന്ന ഫയർമാൻസ് ലിഫ്റ്റ് റെസ്ക്യൂമെത്തേഡ് എങ്ങനെ ചെയ്യണമെന്നു നിർദേശം നൽകുന്ന ബറ്റാലിയൻ ഹവിൽദാർമേജർ എം.ഡി മനോജ് കുമാറും, സത്യസായി ദുരന്തനിവാരണ സംഘം പ്രവർത്തക ഷീസ സജിത്തും.

തീ പിടിച്ചാൽ വെള്ളം ഒഴിക്കേണ്ടതും ഒഴിക്കാൻ പാടില്ലാത്തതുമായ സാഹചര്യങ്ങൾ ഏതാണെന്നു മനസ്സിലാക്കി പ്രവർത്തിക്കാനും മനുഷ്യശരീരം ഉപയോഗിച്ച് തന്നെ തീ കെടുത്തേണ്ടത് എങ്ങനെയാണെന്നുമുള്ള അറിവുകളും കുട്ടികൾ മനസ്സിലാക്കുകയും പരിശീലിക്കുകയും ചെയ്തു. ഭൂകമ്പം, വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ, സൂനാമി, കൊടുങ്കാറ്റ് എന്നീ അഞ്ചു ദുരന്തങ്ങളുണ്ടായാൽ എന്താണു ചെയ്യേണ്ടതെന്ന പരിശീലനമാണു പ്രധാനമായും നൽകിയത്.

ഈ അഞ്ചു പ്രകൃതിദുരന്തങ്ങളെക്കുറിച്ചു പഠിച്ചാൽ മനുഷ്യർക്കു സംഭവിക്കുന്ന തൊണ്ണൂറ് ശതമാനം  സാഹചര്യങ്ങളും കാര്യക്ഷമമായി കൈകാര്യം ചെയ്യാനാകും. ബിൽഡിങ് റെസ്ക്യൂവിൽ ഉപയോഗിക്കുന്ന ‘ഫയർമാൻ ചെയർ’ കെട്ടുമുതൽ വെള്ളത്തിൽ നിന്നു രക്ഷപ്പെടുത്താനുള്ള ബോലൈൻ കെട്ടുവരെ വിശദമാക്കി ഓരോ സാഹചര്യത്തിലും കയറുകൊണ്ടു ഉപയോഗിക്കേണ്ട ഒൻപതു തരം കെട്ടുകളെക്കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും പരിശീലനം നൽകി. അപകടത്തിൽപ്പെട്ടയാളെ എങ്ങനെ രക്ഷപ്പെടുത്തി കൊണ്ടു പോകാം എന്ന പത്തു രക്ഷാമാർഗങ്ങളും പരിശീലിച്ചു. 

ലിഫ്റ്റുകളോ കോണിപ്പടികളോ ഉപയോഗിക്കാൻ പറ്റാത്ത സാഹചര്യത്തിൽ അപകടത്തിൽപ്പെട്ടവരെ കയറു വഴി സുരക്ഷിതമായി താഴെ എത്തിക്കാവുന്ന ബിൽഡിങ് റെസ്ക്യൂ പരിശീലന പരിപാടിയിൽ മൂന്നാം നിലയിൽ നിന്ന് കയറു വഴി താഴെ ഇറങ്ങാൻ കെ‌ഡറ്റുകൾ ആവേശത്തോടെ മുന്നോ‌ട്ടു വന്നു. അതിൽ  ഒൻപതാം ക്ലാസുകാരൻ വരെയുണ്ടായിരുന്നു.

സ്ട്രക്ചചർ ഇല്ലെങ്കിൽ ഒരു ബെ‌ഡ്ഷീറ്റ് കൊ‌ണ്ട് രക്ഷാപ്രവർത്തനം നടത്താം. ഷീസ സജിത്ത് കെഡറ്റുകൾക്ക് നിർദേശം നൽകുന്നു.

പ്രളയമുണ്ടായപ്പോൾ  കെട്ടി‌‌‌ടത്തിനു മുകളിൽ കുടുങ്ങിയവരെ രക്ഷിച്ചത് ഈ മാർഗത്തിലൂടെയായിരുന്നു എന്നറിഞ്ഞതോടെയാണ് കുട്ടനെല്ലൂർ സെന്റ് അഗസ്റ്റിൻ ഹയർ സെക്കണ്ടറി സ്കൂളിലെ ഒൻപതാം ക്ലാസുകാരൻ ആൽബി റോഷൻ ഈ മാർഗം പരീക്ഷിച്ചു നോക്കിയത്. തീപിടിത്തത്തെ ധൈര്യസമേതം  നേരിട്ടവരിൽ തൃപ്രയാർ ശ്രീരാമ പോളിടെക്നിക്കിലെ രണ്ടാം വർഷ സിവിൽ എൻജിനീയറിങ് വിദ്യാർഥിനി സർജൻറ് ടി.ബി. അനഘയും ഉണ്ടായിരുന്നു. പ്രകൃതി ദുരന്തങ്ങളുണ്ടാകുമ്പോൾ എങ്ങനെ നേരിടണമെന്ന പരിശീലനമാണ് ഒരു പക്ഷേ  കൂടുതൽ പ്രയോജനകരമാകാൻ സാധ്യതയെന്ന് അനഘ പറഞ്ഞു.

പ്രകൃതിദുരന്തങ്ങളും മനുഷ്യനിർമിത അപകടങ്ങളും വർധിക്കുന്ന ഈ കാലത്ത് ദുരിത നിവാരണപരിശീലനത്തിന് ഏറെ പ്രാധാന്യമുണ്ട്. ഈ പരിശീലനപരിപാടിയിൽ നിന്ന് പ്രചോദനം നേടി കൂ‌ടുതൽ പഠിക്കണമെന്ന് ആഗ്രഹിക്കുന്ന കുട്ടികൾക്ക് അതിനുള്ള അവസരങ്ങളുമുണ്ടെന്ന് ക്യാംപ് അഡ്ജുവന്റ് കെ.ജെ. സംഗീത പറഞ്ഞു.

കഴിഞ്ഞ രണ്ടു പ്രളയത്തിലും ചുറ്റും വെള്ളം പൊങ്ങി പുറത്തിറങ്ങാനാവാതെ വീട്ടിനുള്ളിൽ കുടുങ്ങിയ അനുഭവം അനഘയ്ക്കും കുടുംബത്തിനുമുണ്ട്. ഇനി അതുപോലൊരു സാഹചര്യമുണ്ടായാൽ സ്വയം രക്ഷപ്പെ‌‌‌ടാൻ മാത്രമല്ല, രക്ഷാപ്രവർ‌ത്തനത്തിൽ ഏർപ്പെടാനുള്ള അറിവും ആത്മവിശ്വാസവും കൂടിയാണ് ഈ പരിശീലനത്തിലൂ‌ടെ കിട്ടിയതെന്ന് അനഘ പറയുന്നു.‌

പരിക്കേറ്റവരെ ചുമന്നുകൊണ്ടുകൊണ്ടു പോകുന്ന രീതി

പത്തുദിവസത്തെ ക്യാംപിൽ തൃശൂർ ജില്ലയിലെ 27 വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 512 കെ‌ഡറ്റുകളാണു പങ്കെടുത്തത്. പ്രഥമശുശ്രൂഷ, റോഡ് സുരക്ഷ, ലഹരിവിരുദ്ധ ബോധവൽക്കരണം തുടങ്ങിയ വിഷയങ്ങളിലും പരിശീലനം നൽകി. സുബേദാർ മനോജ് കുമാർ, ബറ്റാലിയൻ ഹവിൽദാർ മേജർ സി.ഡി. ഷാജിമോൻ, ക്യാംപ് അഡ്ജക്റ്റനറ് കെ.ജെ. സംഗീത, എൻസിസി ഓഫിസർമാരായ ടി.പി. പ്രഹേഷ്, ‌ടി.എം. കമറുദീൻ, ഗേൾസ് കെഡറ്റ്സ് ഇൻസ്ട്രക്ടർ ജോഷ് ലി സെബാസ്റ്റ്യൻ തുടങ്ങിയവരാണ് ക്യാംപിനു നേതൃത്വം നൽകിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com