ADVERTISEMENT

തൃശൂർ ∙ കുരയ്ക്കാത്ത നായയെ കണ്ടിട്ടുണ്ടോ? കുരച്ചും മുരണ്ടും ശൗര്യം കാട്ടി ഓടിനടക്കുന്നവർക്കൊപ്പം പാവമൊരു ഊമപ്പയ്യൻ. കുരയ്ക്കാൻ കഴിവില്ലാത്ത ഇവന്റെ പേര്–ബസാഞ്ചി. നീല നാവും പുറത്തിട്ട് ചൈനക്കാരൻ ചൗ ചൗ. ഇരുവശത്തേയ്ക്കും ചീകിയൊതുക്കിയ മുടിയുമായി ചൈനീസ് സുന്ദരി ഷിട്സു. എല്ലാ സുന്ദരീസുന്ദരന്മാരെയും ഇന്നു കൂടി തൃശൂരിൽ ഒന്നിച്ചു കാണാം. മണ്ണുത്തി വെറ്ററിനറി കോളജ് മൈതാനിയിൽ നടക്കുന്ന ശ്വാനപ്രദർശന നഗരിയിലാണു നായകളുടെ ‘ക്യാറ്റ് വോക്’. 

ശ്വാന പ്രദർശനത്തിന് എത്തിച്ച, നാവിനു നീല നിറമുള്ള ചൗ ചൗ നായ.
ശ്വാന പ്രദർശനത്തിന് എത്തിച്ച, നാവിനു നീല നിറമുള്ള ചൗ ചൗ നായ.

മുട്ടോളമിറങ്ങിയ മുടി ഷാംപൂ ചെയ്ത് ഇരുവശത്തേയ്ക്കും ചീകിയൊതുക്കിയാണ് അമേരിക്കൻ ക്രോക്കർ സ്പാനിയലിന്റെ നിൽപ്. ചൂട് അസഹനീയമായതിനാൽ കിടപ്പും ഇരിപ്പുമെല്ലാം എസിയിൽ. ബബിൾ വാഷ് ഷവറിൽ മാത്രമേ കുളിക്കൂ. നനഞ്ഞ മുടി ഉണക്കിയെടുക്കാൻ  ടവൽ പോര. ബ്ലോവർ വേണം ഈ അമേരിക്കൻ സുന്ദരിക്ക്. ചിരവയോളം പോന്ന ഷിവാവയും മിനിയേച്ചർ പിൻഷറും ടോയ് പൂഡിലും ആരാധകരുടെ ഓമനക്കുഞ്ഞന്മാരായി ഓടിനടപ്പുണ്ട്. 

സൗമ്യ ഭാവത്തിലാണു സെന്റ് ബർണാഡിന്റെ ഇരിപ്പ്. ആർട്ടിക്, അന്റാർട്ടിക് മഞ്ഞുമലകളിൽ കാണാതായവരെ കണ്ടെത്തുന്നതിൽ വിരുതൻ. ഒഴുകിപ്പോകുന്നവരെ ഓടിയെത്തി വലിച്ച് കരയ്ക്കടുപ്പിക്കാനും കേമൻ. ഉസാമ ബിൻ ലാദനെയും ബാഗ്ദാദിയെയും വധിക്കാൻ നിയോഗിക്കപ്പെട്ട അമേരിക്കയുടെ ഓപ്പറേഷൻ നെപ്ട്യൂൺ ടീമിൽ ഉൾപ്പെട്ട കെയ്റോയുടെ തനി ജനുസാണു ബെൽജിയൻ മാനോയിസ്. 10 അടി ഉയരത്തിൽ വരെ ചാടും. ഓട്ടത്തിൽ ഉസൈൻ ബോർട്ടിന്റെ വേഗവും. 

നായ് വംശത്തിലെ ഗ്ലാഡിയേറ്റർ എന്നു വിളിപ്പേരുള്ള ബുൾ ടെറിയർ, ക്ഷുഭിത സ്വഭാവം കാരണം ചില രാജ്യങ്ങളിൽ വിലക്കുള്ള ബ്രസീലുകാരൻ ഫില ബ്രസീലിയാറോ, ഏറ്റവും വലിയ നായ ഗ്രേറ്റ് ഡെയ്ൻ, സിനിമ–സീരിയൽ താരമായി പേരെടുത്ത ജാക് റസൽ ടെറിയർ, ജാപ്പനീസ് സിനിമാതാരം (ഹച്ചിക്കോ ഫെയിം) ഷിബ, ജാക് റസൽ ടെറിയർ, സൈബീരിയൻ ഹസ്കി, ഗോൾഡൻ റിട്രീവർ, ജർമൻ വംശജരായ റോട്ട്‌വീലർ എന്നിവർക്കൊപ്പം ചിപ്പിപ്പാരായ്, മുദോൾ ഹൗണ്ട്, രാജപാളയം, കാരവാൻ ഹൗണ്ട് തുടങ്ങിയ ഇന്ത്യൻ വംശജരും പ്രദർശനത്തിലുണ്ട്. 49 ബ്രീഡുകളിലായി 311 നായ്ക്കളാണ് ഉള്ളത്. അഴകും ആകാരവടിവും ഉശിരും അനുസരണയും അടക്കം വിവിധ ശ്രേണികളിലായാണ് മത്സരം. ഇതിൽനിന്നു ഏറ്റവും മിടുക്കനായ ഒരുവന് ‘ഇന്ത്യൻ ഡോഗ് ഓഫ് ദി ഇയർ’ പട്ടം സമ്മാനിക്കും.

ഇറക്കുമതി ചെയ്ത ഡോഗ് ഫുഡിന്റെ 12 കമ്പനികളും നായ്ക്കൾക്കായുള്ള സൗജന്യ ഗ്രൂമിങ്–മെയ്ക്കപ് സെഷനും പ്രദർശനത്തിലുണ്ട്. കെന്നൽ ക്ലബ് ഓഫ് ഇന്ത്യയുടെ ഔദ്യോഗിക ഘടകമായ തൃശൂർ കനൈൻ ക്ലബ് ആണ് ശ്വാനപ്രമാണിമാരുടെ പ്രദർശനം ഒരുക്കിയത്. രാജ്യത്തെ മികച്ച 10 ശ്വാനപ്രദർശനങ്ങളിൽ ഒന്നാണിത്. സമയം രാവിലെ 10മുതൽ 8 വരെ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com