ADVERTISEMENT

തൃശൂർ ∙ എംഎൽഎ സ്‌ഥാന ത്യാഗത്തിലുടെ പ്രശസ്‌തനായ നേതാവ് എന്നതിലുപരി തൃശൂരിലെ കോൺഗ്രസുകാർക്ക് ‘ഊർജിത ബലവാൻ’ ആയിരുന്നു അന്തരിച്ച വി.ബാലറാം.  ഗുരുവായൂർ–കുന്നംകുളം–വടക്കാഞ്ചേരി രാഷ്‌ട്രീയ മണ്ഡലത്തിലെ സുപരിചിതൻ. കോൺഗ്രസ് രാഷ്ട്രീയത്തിൽ ഗ്രൂപ്പുകൾക്കതീതമായ അവസാന വാക്ക്. നേതൃത്വത്തിലും ഭരണത്തിലും ഏത് ഗ്രൂപ്പുകാരായിരുന്നാലും പ്രശ്നങ്ങൾക്കു പരിഹാരം കാണാൻ നിയോഗിച്ചിരുന്നതു ബാലറാമിനെയായിരുന്നു.

കെഎസ്‌യു–യൂത്ത് കോൺഗ്രസിലൂടെ നേതൃനിരയിലേക്കു വന്ന ബാലറാം തൃശൂർ ഡിസിസി സെക്രട്ടറിയും ദീർഘകാലം കെപിസിസി അംഗവുമായിരുന്നു. ഡിസിസി പ്രസിഡന്റായിരിക്കുമ്പോഴും പിന്നീടും ബാലറാം മികച്ച നേതൃപാടവമാണു കാഴ്ചവച്ചത്. ഖാദി ബോർഡ് വൈസ് ചെയർമാനായിരുന്ന ഈ അഭിഭാഷകൻ 1987–ൽ കുന്നംകുളം നിയമസഭാ മണ്ഡലത്തിൽ മത്സരിച്ച് ചുരുങ്ങിയ വോട്ടിനു പരാജയപ്പെട്ടുവെങ്കിലും പിന്നീട് 1996, 2001 തിരഞ്ഞെടുപ്പുകളിൽ തുടർച്ചയായി വടക്കാഞ്ചേരിയിൽ നിന്നു ജയിച്ചു. 

വഴിമാറിക്കൊടുത്ത ചരിത്രം

സ്ഥാനമാനങ്ങൾക്കപ്പുറമാണു ബന്ധങ്ങളും രാഷ്ട്രീയ നിലപാടുകളുമെന്ന ബാലറാമിന്റെ വിശ്വാസത്തിന്റെ ഉദാഹരണമാണ് 2004–ലെ എംഎൽഎ സ്ഥാനത്യാഗം. ബാലറാം രാജിവയ്ക്കാൻ തയാറാകുമോ എന്നു പാർട്ടിയിലെ ചുരുക്കം ചിലർക്കെങ്കിലും സംശയമുണ്ടായിരുന്നെങ്കിലും ഒരു മടിയും കൂടാതെ, പകരം സ്ഥാനം ചോദിക്കാതെയാണു ബാലറാം രാജിക്കു തയാറായത്. ബാലറാം തന്നയായിരുന്നു മുരളിയുടെ പ്രചാരണത്തിനു നേതൃത്വ നൽകിയ കൺവീനറും. 

പക്ഷേ, വൈദ്യുതി മന്ത്രിയായിരുന്ന കെ. മുരളീധരൻ തോൽക്കുകയും എ.സി.മൊയ്തീൻ (സിപിഎം) ആദ്യമായി കേരള നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെടുകയും ചെയ്തതു. 2001ൽ വടക്കാഞ്ചേരിയിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട് എംഎൽഎ ആയപ്പോൾ സംസ്ഥാനത്ത് യുഡിഎഫ് ഭരണത്തിന്റെ അനുകൂല അന്തരീക്ഷം മണ്ഡലത്തിൽ പരമാവധി പ്രയോജയപ്പെടുത്താൻ ബാലറാമിനു കഴിഞ്ഞു. 

പുരാതന കുടുംബത്തിൽ നിന്നു രാഷ്ട്രീയത്തിലേക്ക്

ഗുരുവായൂർ ∙ പുരാതന തറവാടായ വെള്ളൂർ കുടുംബത്തിലാണു വി.ബാലറാമിന്റെ ജനനം. അമ്മാവൻ വെള്ളൂർ കൃഷ്ണൻ കുട്ടിനായർ സ്വാതന്ത്ര്യസമര സേനാനിയും അർബൻ ബാങ്കിന്റെ സ്ഥാപക പ്രസിഡന്റുമായിരുന്നു. അമ്മാവനാണു രാഷ്ട്രീയ ഗുരു. കോൺഗ്രസിന്റെ സംസ്ഥാന നേതൃ നിരയിലേക്കു ഗുരുവായൂരിൽ നിന്നു വളർന്നു വലുതായ മറ്റൊരു നേതാവില്ല.

ടൗൺഷിപ്പായിരുന്ന ഗുരുവായൂരിനെ മുനിസിപ്പാലിറ്റിയാക്കിയതിനു ശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പിൽ 1995ൽ കോൺഗ്രസിനെ വൻ ഭൂരിപക്ഷത്തിൽ വിജയത്തിലെത്തിക്കാൻ കഴിഞ്ഞത് അദ്ദേഹത്തിന്റെ നേതൃശേഷിയുടെ ഉദാഹരണമാണ്.ദീർഘകാലമായി കോൺഗ്രസിന്റെ ഭരണത്തിലുള്ള അർബൻ ബാങ്കിലെ നിയമനം സംബന്ധിച്ചുണ്ടായ പ്രശ്നങ്ങളെ തുടർന്ന് പാർട്ടിയിൽ അഭിപ്രായവ്യത്യാസം രൂക്ഷമായപ്പോൾ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മത്സരിച്ചു ജയിച്ചു. ഒരു വർഷമായി അർബൻ ബാങ്കിന്റെ ചെയർമാനാണ്. 

‘തിരുമേനി’ക്ക് സ്മാരകം തീർത്ത പിൻഗാമി

വടക്കാഞ്ചേരി ∙ നിയമസഭയിൽ തുടർച്ചയായി 19 വർഷം വടക്കാഞ്ചേരി നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച കെ.എസ്. നാരായണൻ നമ്പൂതിരിയെന്ന ‘തിരുമേനി’യെ ജനങ്ങൾ ഓർത്തിരിക്കണം. ഇതിനായി വടക്കാഞ്ചേരിയിൽ അദ്ദേഹത്തിന്റെ പേരിൽ സ്മാരകം നിർമിച്ചത് വി. ബാലറാം എന്ന ‘ബാലാജി’യുടെ നിശ്ചദാർഢ്യത്തിന്റെ ഫലമായിരുന്നു. ലീഡർ കെ. കരുണാകരന്റെ എക്കാലത്തെയും വിശ്വസ്തനായിരുന്ന തിരുമേനി തനിക്കു വേണ്ടിയാണു 1996ലെ തിരഞ്ഞെടുപ്പിൽ മൽസര രംഗത്തു നിന്നു പിന്മാറിയതെന്നു ബാലറാമിനു ബോധ്യമുണ്ടായിരുന്നു. 

അതുകൊണ്ടാണ് തിരുമേനിയുടെ 70–ാം ജന്മദിനത്തോടനുബന്ധിച്ചു അദ്ദേഹത്തിന്റെ പേരിൽ കോൺഗ്രസ് ഭവനം എന്ന ആശയം ബാലറാം മുന്നോട്ടു വച്ചത്. അതുവരെ വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന പാർട്ടിയുടെ ബ്ലോക്ക് ഓഫിസിനു സ്വന്തമായി കെട്ടിടം എന്ന പ്രവർത്തകരുടെ സ്വപ്നവും യാഥാർഥ്യമാവുമെന്നു ബാലാജി തിരിച്ചറിഞ്ഞു. 

കോൺഗ്രസ് മന്ദിരത്തിന്റെ ശിലാസ്ഥാപനം 1997 മാർച്ച് 15ന് കെ. കരുണാകരൻ നിർവഹിച്ചു. 5 വർഷം കൊണ്ടു 2 നിലകളോടെ മന്ദിര നിർമാണം പൂർത്തിയായി. 2002 മാർച്ച് 3ന് കെപിസിസി പ്രസിഡന്റായിരുന്ന കെ. മുരളീധരൻ എംപി ‘കെ.എസ്. നാരായണൻ നമ്പൂതിരി സ്മാരക മന്ദിരം’ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ബ്ലോക്ക് ഓഫിസായി ഇന്നും പ്രവർത്തിക്കുന്നത് ഈ മന്ദിരമാണ്.

മേൽപ്പാല പെരുമ

വടക്കാഞ്ചേരി റെയിൽവേ മേൽപലത്തിനായുള്ള സർവേ നടപടി പൂർത്തിയാക്കാൻ കഴിഞ്ഞതാണ് ബാലറാമിന്റെ ശ്രദ്ധേയമായ മറ്റൊരു നേട്ടം. പഴയ അലൈൻമെന്റ് മാറ്റി ഇന്നു കാണുന്ന രീതിയിൽ കാട്ടിലങ്ങാടി വഴിയുള്ള അലൈൻമെന്റും പാലവും എന്ന നിർദേശം ബാലറാമിന്റെ ഇടപെടലിലൂടെയാണു സാധ്യമായത്. അപ്രോച്ച് റോഡ് ഉദ്ഘാടനം ചെയ്തതും ബാലറാമിന്റെ കാലഘട്ടത്തിലായിരുന്നു. ആദ്യ 5 വർഷം പ്രതിപക്ഷ എംഎൽഎ ആയിരുന്നതിനാൽ മണ്ഡലത്തിൽ കൂടുതലായൊന്നും ചെയ്യാൻ കഴിയുന്നില്ലെന്ന് അദ്ദേഹം പലപ്പോഴും പറഞ്ഞിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com