ADVERTISEMENT

വടക്കഞ്ചേരി∙ 29 കിലോമീറ്റർ വടക്കഞ്ചേരി–മണ്ണുത്തി ആറുവരിപ്പാത നിർമാണം നീളുന്നു. 4 തവണ കരാർ വ്യവസ്ഥ ലംഘിച്ചിട്ടും നിർമാണ കമ്പനിയായ കെഎംസിക്കെതിരെ നടപടിയില്ല. 2009 ഓഗസ്റ്റ് 24ന് ദേശീയപാത അതോറിറ്റിയും നിർമാണ കമ്പനിയും ഉണ്ടാക്കിയ കരാർ പ്രകാരം 30 മാസം കൊണ്ടു 2012ൽ പണി പൂർത്തിയാകേണ്ടതാണ്. എന്നാൽ പതിനൊന്നാം വര്‍ഷത്തിലും പാത നിർമാണം പാതിവഴിയിൽ തന്നെ.  കരാർ ലംഘനം നടത്തുന്ന കമ്പനിയെ കരിമ്പട്ടികയിൽപെടുത്തണമെന്ന ജനങ്ങളുടെ ആവശ്യവും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകൾ ചെവിക്കൊള്ളുന്നില്ല. 

കഴിഞ്ഞ 10 വർഷത്തിനുള്ളിൽ വാഹനാപകടങ്ങളിൽ 233 പേരുടെ ജീവൻ പൊലിഞ്ഞിട്ടും നിർമാണ കമ്പനിക്കെതിരെ കേസെടുക്കാൻ പോലും അധികൃതർ തയാറായിട്ടില്ല. റോഡ് പണി വൈകുന്നതു സംബന്ധിച്ച ഹൈക്കോടതിയുടെ ചോദ്യത്തിനു 2018ലെ പ്രളയം കാരണമായി കാണിച്ചു കമ്പനി തടിതപ്പി. ഹൈക്കോടതി നിയമിച്ച കമ്മിഷൻ സുരക്ഷാ വീഴ്ച ചൂണ്ടിക്കാണിച്ചപ്പോൾ ഉടൻ പരിഹരിക്കുമെന്ന മറുപടിയാണു ദേശീയപാത അതോറിറ്റി നൽകിയത്. സുരക്ഷയുടെ കാര്യത്തിൽ തുടർനടപടി ഉണ്ടായില്ല.

ദേശീയപാതയുടെ ഇരുഭാഗത്തുമുള്ള അപകടകരമായ മരങ്ങളും മണ്ണും നീക്കാനും മണ്ണിടിച്ചിലിനു പരിഹാരം കാണാനും മനുഷ്യാവകാശ കമ്മിഷൻ നല്‍കിയ ഉത്തരവിലും നടപടിയുണ്ടായില്ല.    ശമ്പളം കിട്ടാതെ സമരം നടത്തുന്ന തൊഴിലാളികൾക്കും വാഹന ഉടമകള്‍ക്കും പകുതി കുടിശിക നൽകിയതു മാത്രമാണ് ആശ്വാസം. 

വടക്കഞ്ചേരി മേൽപാലം, കുതിരാൻ ഇടത് തുരങ്കം എന്നിവ പൂർത്തീകരിച്ച് ടോൾ പിരിവ് ആരംഭിക്കാനാണ് ശ്രമം. ഇതിനുള്ള നടപടി നടക്കുകയാണെന്നു നിർമാണ കമ്പനി പറയുമ്പോഴും എന്ന് പണി തുടങ്ങുമെന്നു മാത്രം ഉറപ്പില്ല.

തുറക്കാതെ തുരങ്കം

2019 ജനുവരിയിൽ കുതിരാൻ തുരങ്കം തുറക്കുമെന്നു മന്ത്രി ജി. സുധാകരൻ പ്രഖ്യാപനം നടത്തി ഒരു വർഷം പിന്നിടുമ്പോഴും ഒരു നടപടിയും ഉണ്ടായില്ല. 2020 ജനുവരി അവസാനിക്കാറാകുമ്പോൾ തൊഴിലാളി സമരം പോലും അവസാനിപ്പിക്കാനായിട്ടില്ല. 2018 ഓഗസ്റ്റ് മുതൽ തുരങ്ക നിർമാണം പൂർണമായും നിലച്ചു. ഇടതു തുരങ്കത്തിലെ ജോലികൾ 90 ശതമാനവും വലതു തുരങ്കത്തിലേതു 70 ശതമാനവും പൂർത്തിയായപ്പോഴാണു തുരങ്കത്തിനുള്ളിൽ പണിയെടുക്കുന്ന തൊഴിലാളികളും ഡ്രൈവർമാരും വാഹന ഉടമകളും ശമ്പളം കിട്ടാതെ പണിമുടക്കാരംഭിച്ചത്. വലത് തുരങ്കമുഖവുമായി ബന്ധിപ്പിക്കുന്ന കൊമ്പഴ മേൽപാലത്തിന്റെ നിർമാണവും പാതിവഴിയിലാണ്. ഉപകരാർ ഏറ്റെടുത്ത കമ്പനികൾ ഓരോരുത്തരായി ഇട്ടൊഴിഞ്ഞു പോകുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com