ADVERTISEMENT

പുതുക്കാട് ∙ ഫാസ്ടാഗ് എടുക്കാത്തവരുടെ വാഹനങ്ങൾ ടോൾ ബൂത്തിനരികിൽ സൃഷ്ടിക്കുന്ന ട്രാഫിക് കുരുക്കിൽ ജീവനുവേണ്ടി നിലവിളിച്ച് ആംബുലൻസുകളും. ഓരോ മണിക്കൂറിലും നാല് ആംബുലൻസുകളെങ്കിലും ഇതു വഴി കടന്നു പോകുന്നുണ്ടെന്നാണ് ആംബുലൻസ് ഡ്രൈവേഴ്‌സ് ഓണേഴ്‌സ് അസോസിയേഷന്റെ കണക്ക്. ഓരോന്നിലും അത്യാസന്ന നിലയിലുള്ള രോഗികളുമുണ്ട്. പകലും രാത്രിയിലും ആംബുലൻസുകൾ കുടുങ്ങുന്നുണ്ട്. രാത്രി പോലും 20 മിനിറ്റോളം  ആംബലൻസുകൾ വാഹനകുരുക്കിൽപ്പെടുന്നുണ്ട്. 

∙ എമർജൻസി ട്രാക്കിൽ എത്താനാവുന്നില്ല

ടോൾപ്ലാസയ്ക്ക് 50 മീറ്റർ അടുത്തെത്തിയാൽ മാത്രമാണ് എമർജൻസി ട്രാക്കിലേയ്ക്ക് കയറി വേഗത്തിൽ കുതിക്കാൻ ആംബുലൻസുകൾക്കാകുന്നുള്ളൂ. പ്ലാസ വരെയുള്ള ഒരു കിലോമീറ്റർ ദൂരം ഡ്രൈവർക്കും രോഗിക്കും നിർണായകമാവുകയാണ്. ജീവനുമായി പായുന്ന ആംബുലൻസുകൾക്ക് അർഹിക്കുന്ന പരിഗണന ഇവിടെ ലഭിക്കുന്നില്ലെന്ന പരാതിയും വ്യാപകമാണ്. ദിവസം നൂറോ അതിലധികമോ ആംബുലൻസുകൾ മണ്ണുത്തി ഇടപ്പള്ളി ദേശീയപാത ഉപയോഗിക്കുന്നുണ്ട്. 

പരിഹാരം

1. ആംബുലൻസുകൾ ഉൾപ്പെടെയുള്ള അവശ്യവാഹനങ്ങൾ ടോൾപ്ലാസയ്ക്ക് 2 കിലോമീറ്റർ മുമ്പ് എത്തുമ്പോൾ തന്നെ നിരീക്ഷിക്കാൻ ക്യാമറ സംവിധാനം ഏർപ്പെടുത്തണം. ഇതനുസരിച്ച് ടോൾപ്ലാസയിൽ ക്രമീകരണം ഏർപ്പെടുത്തണം.
2. എമർജൻസി ട്രാക്ക് ഒരു കിലോമീറ്ററെങ്കിലും നീട്ടണമെന്നാണ് മറ്റൊരാവശ്യം.

3. തർക്കങ്ങൾ ഒഴിവാക്കാനും അവശ്യവാഹനങ്ങൾ കടത്തിവിടാനും സ്ഥിരം പൊലീസ് സംവിധാനവും വേണം.കൂടുതൽ വാഹനങ്ങൾ ഫാസ്ടാഗിലേയ്ക്ക് മാറുകയെന്നതാണ് ശാശ്വത പരിഹാരം. തദേശീയരുടെ വാഹനങ്ങളും ഫാസ്ടാഗിലേയ്ക്ക് മാറ്റണം. ഇതിനായി കേന്ദ സംസ്ഥാന സർക്കാരുകൾ നയം രൂപീകരിക്കണം.
4. ചരക്കുവാഹനങ്ങൾ വർഷംതോറും ടെസ്റ്റ് നടത്തുമ്പോഴോ പേരുമാറ്റം തുടങ്ങി ആർസി ബുക്കിൽ മാറ്റങ്ങൾ വരുത്തുമ്പോഴും ഫാസ്ടാഗ് നിർബന്ധമാക്കാം..
5. സാധാരണ വാഹനങ്ങൾക്ക് വർഷം തോറും ഇൻഷൂറൻസ് പുതുക്കുമ്പോൾ ഫാസ്ടാഗ് നിർബന്ധമാക്കാം.

thrissur-preebanan-JPG
ആംബുലൻസുകൾ ടോളിൽ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ വിവരിക്കുന്ന ഡ്രൈവർ പ്രീബനൻ ചുണ്ടേലപറമ്പിൽ.

‘‘മനസ്സിൽ  മായാതെ,പൊള്ളലേറ്റ കുഞ്ഞിന്റെ നിലവിളി ’’

‘‘ആംബുലൻസിൽ രോഗിയുടെയും ബന്ധുക്കളുടെയും കൂട്ട നിലവിളി, മുമ്പിൽ വാഹന നിര, ആംബുലൻസിന് വഴിമാറിതരാൻ തയാറായാലും മറ്റു വാഹനങ്ങൾക്കാകാത്ത അവസ്ഥ. പലപ്പോഴും വലിയ സമ്മർദത്തിലാണ് ടോൾപ്ലാസയിലെത്തുമ്പോൾ ഓരോ ആംബുലൻസ് ഡ്രൈവർമാരും നേരിടുന്നത്’’ ബ്ലോക്ക് പഞ്ചായത്തംഗവും ആംബുലൻസ് ഡ്രൈവറുമായ പ്രീബനൻ ചുണ്ടേലപറമ്പിൽ പറഞ്ഞു. 

കഴിഞ്ഞ ദിവസം തീപൊള്ളലേറ്റ് ഗുരുതരാവസ്ഥയിലുള്ള പെൺകുട്ടിയേയും കൊണ്ട് മെഡിക്കൽ കോളജിലേയ്ക്കു പോകുമ്പോൾ 20 മിനിറ്റുനേരമാണ് ഗതാഗത കുരുക്കിൽപ്പെട്ടത്. വേദനകൊണ്ട് പുളഞ്ഞ പെൺകുട്ടിയുടെ നിലവിളി, വാഹനത്തിലുള്ളവരുടെ അവസ്ഥ, മുന്നിലെ ഗതാഗതകുരുക്ക് എല്ലാം വെല്ലുവിളിയാണ്. മെഡിക്കൽ കോളജിലെത്തിച്ച പെൺകുട്ടി പിന്നീട് മരിച്ചു. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com