ADVERTISEMENT

തൃശൂർ ∙ രാജ്യം മുഴുവൻ റോഡ് സുരക്ഷാവാരമായി ആചരിച്ച കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ജില്ലയിൽ അപകടങ്ങളിൽ പൊലിഞ്ഞത് 11 ജീവനുകൾ. പരുക്കേറ്റവരുടെ കാര്യം കൂടി ഉൾപ്പെടുത്തിയാൽ പട്ടിക നീണ്ടു  പോകും. കഴിഞ്ഞ ഒരുവർഷത്തിനിടെ ജില്ലയിൽ അപകടത്തിൽ മരിച്ചവരുടെ എണ്ണം 411. സംസ്ഥാനത്തു നാലാം സ്ഥാനം. ഒരുവശത്തു ബോധവൽക്കരണവും മറുവശത്തു കർശന നടപടികളുമായി മോട്ടർ വാഹന വകുപ്പും പൊലീസും വിശ്രമമില്ലാതെ പണിയെടുത്തിട്ടും അപകടങ്ങളുടെ എണ്ണത്തിൽ കുറവില്ല. 

ഒരാഴ്ച; നഷ്ടപ്പെട്ട 11 ജീവനുകൾ 

∙ ഇരിങ്ങാലക്കുട തുമ്പൂരിൽ മദ്യപസംഘത്തിന്റെ കാറിടിച്ചു 4 പേർ മരിച്ചു. 

∙ അജ്ഞാത വാഹനമിടിച്ച് തമിഴ്നാട് സ്വദേശി ആമ്പല്ലൂരിൽ മരിച്ചു. 

∙ വെള്ളറക്കാട് മനപ്പടിയിൽ സ്കൂട്ടറുകൾ കൂട്ടിയിടിച്ചു മറിഞ്ഞു വയോധിക മരിച്ചു. 

∙ കാടുകുറ്റിയിൽ യുവാക്കൾ സഞ്ചരിച്ച ബൈക്കുകൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. 

∙ വാടാനപ്പിള്ളിയിൽ നിർത്തിയിട്ട ലോറിക്കു പിന്നിൽ ബൈക്ക് ഇടിച്ചു യുവാവ് മരിച്ചു. 

∙ തൃശൂർ – കൊടുങ്ങല്ലൂർ സംസ്ഥാനപാതയിലെ മനയ്ക്കപടിയിൽ സ്കൂട്ടറിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു. 

∙ പുല്ലൂറ്റ് നാരായണ മംഗലത്ത് ബൈക്കുകൾ കൂട്ടിയിടിച്ചു യുവാവ് മരിച്ചു.

∙ മുണ്ടൂർ സെന്ററിൽ ബൈക്ക് മറിഞ്ഞ് വയോധികൻ മരിച്ചു. 

പൊതുവായ കാരണങ്ങൾ 

∙ റോഡുകൾ മോശം അവസ്ഥ. 

∙ വാഹനങ്ങളുടെ അമിത വേഗം

∙ ഡ്രൈവറുടെ അശ്രദ്ധ 

ശ്രദ്ധിക്കേണ്ടത്..

∙ വാഹനം തിരിക്കുമ്പോഴും ട്രാക്ക് മാറുമ്പോഴും മറ്റൊരു വാഹനത്തെ മറികടക്കുമ്പോഴും പിന്നിലും വശങ്ങളിലും വാഹനമില്ലെന്നു തിരിഞ്ഞു നോക്കി ഉറപ്പാക്കണം. കണ്ണാടികളിൽ ദൃശ്യമാകാത്ത സ്ഥലങ്ങളിൽ (ബ്ലൈൻഡ് സ്പോട്) ചിലപ്പോൾ വാഹനങ്ങളുണ്ടാകാം. 

∙ ഇടതുവശം ചേർന്നു വാഹനമോടിക്കാം. മറി കടക്കേണ്ടതു വലതു വശത്തു കൂടി മാത്രം. 

∙ വലതു വശത്തു കൂടി മറികടന്നു കഴിഞ്ഞാൽ പിന്നിലുള്ള വാഹനം ഒരു വണ്ടിയുടെ അകലത്താണെന്ന് ഉറപ്പാക്കിയ ശേഷമേ ഇടത്തെ ട്രാക്കിലേക്കു മാറാവൂ. അപ്പോഴും ഇൻഡിക്കേറ്റർ ഉപയോഗിക്കുകയും ബ്ലൈൻഡ് സ്പോട്ടിൽ വാഹനങ്ങളില്ലെന്നു ഉറപ്പാക്കുകയും വേണം. 

∙ ട്രക്ക്, ലോറി, ബസ് തുടങ്ങി വലിയ വാഹനങ്ങളിൽനിന്ന് അകലം പാലിച്ചു വാഹനമോടിക്കുക. ചെറിയ വാഹനങ്ങൾ മറികടക്കുമ്പോൾ വലിയ വാഹനങ്ങളിലെ ഡ്രൈവറുടെ ശ്രദ്ധയിൽപ്പെടുത്താൻ ഹെഡ് ലൈറ്റ് പ്രകാശിപ്പിക്കണം. 

∙ ബസുകൾ മുന്നോട്ട് എടുക്കുമ്പോഴും പിന്നോട്ട് എടുക്കുമ്പോഴും കണ്ടക്ടർ ബ്ലൈൻഡ് സ്പോട്ടുകളിൽ ആളില്ലെന്നു ഉറപ്പാക്കി ഡ്രൈവർക്കു നിർദേശം നൽകണം. സ്കൂൾ ബസുകളിൽ സഹായി നിർബന്ധം.

ബ്ലാക് സ്പോട്ട്, ബ്ലൈൻഡ് സ്പോട്ട്

റോഡപകടങ്ങൾ പതിവായ മേഖലകളെയാണ് ബ്ലാക്ക് സ്പോട്സ് ആയി കണക്കാക്കുന്നത്. ഇവിടെ മുന്നറിയിപ്പു ബോർഡുകളും സിഗ്നലുകളും സ്ഥാപിച്ചുകൊണ്ടിരിക്കുന്നു. നമ്മുടെ വാഹനത്തിന്റെ തൊട്ടടുത്തെത്തുന്ന മറ്റൊരു വാഹനത്തെ കണ്ണാടിയിലൂടെ ദൃശ്യമാകാത്ത സ്ഥലങ്ങളുണ്ടാകും. ഇത്തരം സ്ഥലങ്ങളാണ് ബ്ലൈൻഡ് സ്പോട്ടുകൾ. രാജ്യത്തു നടക്കുന്ന വാഹനാപകടങ്ങളുടെ 25 ശതമാനവും ബ്ലൈൻഡ് സ്പോട്ടുകൾ കാരണമാണെന്ന് ദേശീയ റോഡ് സുരക്ഷാ അതോറിറ്റിയുടെ പഠനം പറയുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com