ADVERTISEMENT

തൃശൂർ ∙ ഒറ്റനോട്ടത്തിൽ കണ്ടാൽ സെവൻസ് ഫുട്ബോൾ ടൂർണമെന്റിന്റെ മൈതാനമാണെന്നേ തോന്നു. ഇളം പുല്ല് തളിർത്തു നിൽക്കുന്ന കിടിലനൊരു ഫുട്ബോൾ മൈതാനം. എന്നാൽ സംഗതി അതല്ല. തൃശൂരിന്റെ സാംസ്കാരിക സമ്പത്തായ വടക്കേച്ചിറയാണിത്. ഫലപ്രദമായ നവീകരണമോ അറ്റകുറ്റപ്പണിയോ ഇല്ലാത്തതിനാൽ വടക്കേച്ചിറ നശിക്കുകയാണ്.

Thrissur News
വടക്കേച്ചിറയിൽ വിരുന്നെത്തിയ ദേശാടനക്കിളികൾ. ചിറയോടു ചേർന്നുള്ള പാർക്കില്‍ അടിത്തറയിളകി അപകടാവസ്ഥയിൽ നിൽക്കുന്ന വ്യൂ പോയിന്റാണ് പിറകിൽ കാണുന്നത്.

ചിറ സംരക്ഷണത്തിനു നടപടി ഇല്ലാതായതോടെ മാലിന്യം വടക്കേച്ചിറയെ കൊല്ലുകയാണ്. ആർക്കും ഉപകാരമാകാതെ പായലുപിടിച്ചു കിടക്കുകയാണു നഗരത്തിലെ പ്രധാന ജലസ്രോതസ്. ‘പണ്ടാ വടക്കേച്ചിറ ഒന്നു കണ്ടാൽ അതിൽ കുളിച്ചീടണമെന്നു തോന്നും; പണ്ടാരമാം വാഴ്ചയിലിന്നതിപ്പോൾ കണ്ടാൽ കുളിച്ചീടണമെന്നു തോന്നും’ എന്നു മഹാകവി വൈലോപ്പിള്ളി പാടിയത് അർഥവത്തായിരിക്കുന്ന കാഴ്ചയാണ് ഇന്ന് ഈ ചിറയിലേക്കു നോക്കുമ്പോൾ.

Thrissur News
വടക്കേച്ചിറയിൽ വിരുന്നെത്തിയ ദേശാടനക്കിളികൾ.

ചിറയുടെ നാല് അതിരുകളിലും പ്ലാസ്റ്റിക് കുപ്പികൾ അടക്കമുള്ള മാലിന്യം നിറഞ്ഞു കിടക്കുകയാണ്. ഇവിടെയുള്ള പല വൈദുത വിളക്കുകളും പ്രവർത്തിക്കുന്നില്ല. വൈകിട്ട് 3 മുതൽ 7 വരെയാണു സന്ദർശകർക്കായി ചിറ തുറന്നുകൊടുക്കുന്നത്. രാത്രിസമയത്തു മാംസാവശിഷ്ടങ്ങൾ അടക്കമുള്ളവ ഇവിടേക്കു ചാക്കിലാക്കി തള്ളുന്നുവെന്ന പരാതികളുണ്ട്.

എവിടെ തുടർ പരിപാലനം?

1984ൽ മുഖ്യമന്ത്രിയായിരുന്ന കെ.കരുണാകരന്റേയും ജലസേചന മന്ത്രി എം.പി.ഗംഗാധരന്റേയും നേതൃത്വത്തിലാണു ചിറ സംരക്ഷിക്കാനുള്ള ആദ്യഘട്ട നടപടികൾ സ്വീകരിച്ചത്. 

2005ൽ ടൂറിസം വകുപ്പ് ഒരു കോടി ചെലവിട്ടാണു ചിറ സൗന്ദര്യവൽക്കരണം നടത്തിയത്. എന്നാൽ അന്നു നടത്തിയ നവീകരണ പ്രവർത്തനങ്ങളെല്ലാം വേണ്ട രീതിയിൽ അറ്റകുറ്റപ്പണി നടത്തിയില്ല. 

ചിറയോടു ചേർന്നുള്ള പാർക്കിലെ കോഫി ഷോപ്പിനായി പണിത കെട്ടിടം നശിച്ചു നിലംപൊത്താറായി. ചിറയിലേക്കു നീണ്ടു നിൽക്കുന്ന രീതിയിൽ പണിത വ്യു പോയിന്റുകൾപലതും അടിത്തറയിളകി അപകടാവസ്ഥയിലായി. ഇവിടേക്കു പ്രവേശിക്കുന്ന സന്ദർശകർ വ്യു പോയിന്റിലെ കല്ല് ഇളകി വെള്ളത്തിൽ വീണ് അപകടം സംഭവിക്കാനുള്ള സാധ്യതയുണ്ട്. ശക്തൻ പാലസിനോടു ചേർന്നുള്ള ചിറയുടെ ഭാഗത്തു പുല്ല് വളർത്തി ഭംഗിയാക്കിയതും നശിച്ചു പോയിട്ടുണ്ട്. 

പ്രധാന ജലസ്രോതസ്

ചിറയിൽ അടിഞ്ഞുകൂടിയ മാലിന്യം നീക്കാൻ 2014ൽ വരൾച്ചാ പദ്ധതിയിൽ ഉൾപ്പെടുത്തി സർക്കാർ 10.3 ലക്ഷം രൂപ അനുവദിച്ചതാണെങ്കിലും ഫലപ്രദമായി നടപ്പായില്ല. ഈ പദ്ധതിയിൽ ഇപ്പോഴും തുക ബാക്കിയുണ്ടെന്നാണ് സൂചന. വടക്കേച്ചിറ ഉപയോഗപ്പെടുത്തിയുള്ള കുടിവെള്ള പദ്ധതിക്കായുള്ള നിർദേശം 2014ൽ ജല അതോറിറ്റി മുന്നോട്ടുവച്ചെങ്കിലും അതും ഫയലിൽ മാത്രം ഒതുങ്ങി.

പിന്നീട് ജനകീയ പിന്തുണയോടെ നവീകരണം നടന്നെങ്കിലും തുടർ പരിപാലനമുണ്ടായില്ല. നിലവിൽ പൂരം പ്രദർശനം നടക്കുന്ന തേക്കിൻകാട് മൈതാനിയിലെ കിഴക്കേനടയിലേക്ക് വെള്ളമെത്തിക്കുന്നത് വടക്കേച്ചിറയിൽ നിന്നാണ്. അടുത്തിടെ സമാപിച്ച കൃഷി വകുപ്പിന്റെ വൈഗ കാർഷിക മേളയിലേക്കുള്ള വെള്ളമെത്തിച്ചത് ചിറയിൽ നിന്നായിരുന്നു.

ഇതോടൊപ്പം തേക്കിൻകാട് മൈതാനിയിലെ നെഹ്റു പാർക്കിലേക്ക് ആവശ്യമായ വെള്ളമെത്തിക്കുന്നതും ചിറയിൽ നിന്നു തന്നെ. ചിറയുടെ അടിഭാഗത്താകെ ചെളി അടിഞ്ഞുകിടക്കുകയാണ്. അതു നീക്കണം. ഇതോടൊപ്പം വെള്ളം വറ്റിച്ചു പായൽ നീക്കി ചിറ ശുദ്ധീകരിക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം. നിലവിൽ ചിറയോടു ചേർന്നുള്ള ഈ പാർക്കിന്റെ അവസ്ഥയും ശോചനീയമാണ്. പാർക്കിന്റെ നവീകരണം നടപ്പാക്കണമെന്നും ആവശ്യമുണ്ട്.

ദേശാടനകിളികൾക്കും കഷ്ടകാലം

എരണ്ടകൾ അടക്കം ആയിരക്കണക്കിനു ദേശാടനകിളികളുടെ ആവാസകേന്ദ്രം കൂടിയാണു വടക്കേച്ചിറ. നാടൻ താമരക്കോഴി,  അങ്ങാടിക്കുരുവി, ചെറിയ നീർക്കാക്ക,  പൊൻമാൻ എന്ന മീൻകൊത്തി,  ചൂളൻ എരണ്ട, ചാരനിറത്തിലുള്ള അമ്പലപ്രാവുകൾ, കറുപ്പും ചാരനിറവും ചേർന്ന പേനക്കാക്ക, തുടങ്ങി അപൂർ‍വ ഇനം പക്ഷികളുടെ സങ്കേതം കൂടിയാണ് വടക്കേച്ചിറ.

പായൽ മൂടി കിടക്കുന്നതിനാൽ കിളികൾക്ക് സ്വൈരമായി നീന്താൻ കഴിയാത്ത അവസ്ഥയാണ്. കിളികൾ പായലിൽ കരുങ്ങികിടക്കുന്ന കാഴ്ച്ചയും പതിവാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com