പരേതരുടെ റേഷൻ കാർഡുകളുപയോഗിച്ച് അരിയും ഗോതമ്പും മണ്ണെണ്ണയും വെട്ടിച്ചു; റേഷൻ കടകൾക്കെതിരെ നടപടി തുടങ്ങി
തൃശൂർ ∙ പരേതരായ റേഷൻ കാർഡുടമകളുടെ പേരിൽ അരിയും മണ്ണെണ്ണയും ഗോതമ്പും വെട്ടിച്ച റേഷൻ കടയുടമകൾക്കെതിരെ സിവിൽ സപ്ലൈസ് വകുപ്പു നടപടി തുടങ്ങി. ചാലക്കുടി, പിറവം എന്നിവിടങ്ങളിൽ ഓരോ കടകളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. ചാലക്കുടിയിൽ മാത്രം 22 കടകൾക്കു നോട്ടിസ് നൽകി. പരേതരുടെ പേരിൽ റേഷൻ വെട്ടിച്ചു കരിഞ്ചന്തയിലേക്കു കടത്തിയതിന്റെ പേരിൽ സംസ്ഥാന വ്യാപകമായി അന്വേഷണം പ്രഖ്യാപിച്ചേക്കും. നാലു വർഷം മുൻപു കാർഡുടമ മരിച്ചിട്ടും വിവരം സപ്ലൈ ഓഫിസിൽ അറിയിക്കാതെ ധാന്യങ്ങൾ കൈവശപ്പെടുത്തിയ കടയുടമകളും നോട്ടിസ് ലഭിച്ചവരിൽപ്പെടുന്നു.

ഒരാൾ മാത്രം താമസിക്കുന്ന വീടുകളിലെ കാർഡുടമ മരിക്കുമ്പോഴാണ് ഇ–പോസ് മെഷീനെ പറ്റിച്ച് ‘മാന്വൽ ട്രാൻസാക്‌ഷൻ’ രീതിയിൽ ചില റേഷൻ കടയുടമകൾ വെട്ടിപ്പു നടത്തുന്നത്. ഓരോ ജില്ലയിലും ആയിരത്തോളം പേർ പരേതരുടെ പട്ടികയിൽപ്പെടുന്നു എന്നാണ് സിവിൽ സപ്ലൈസ് വകുപ്പിന്റെ നിഗമനം. ഇവരുടെ കാർഡുകൾ കടയുടമകൾ കൈവശപ്പെടുത്തിയ അവസ്ഥയാണ്. ഇതിൽ എവൈ, ബിപിഎൽ വിഭാഗം കാർഡുടമകളുടെ പേരിലാണ് വെട്ടിപ്പു കൂടുതൽ നടക്കുന്നത്.
എവൈ കാർഡുടമയ്ക്ക് ഓരോ മാസവും 35 കിലോ ഗ്രാം അരിയും 5 കിലോ ഗ്രാം ഗോതമ്പും അര ലീറ്റർ മണ്ണെണ്ണയും ഒരു കിലോ ഗ്രാം പഞ്ചസാരയും സൗജന്യമായി ലഭിക്കും. ബിപിഎൽ കാർഡുടമകൾക്കു നിസ്സാര വിലയ്ക്കും റേഷൻ വിഹിതം ലഭിക്കും. കാർഡുടമ മരിച്ചാൽ ഇവരുടെ കാർഡുപയോഗിച്ചു റേഷൻ വിഹിതം മാന്വൽ രീതിയിൽ കടയുടമകൾ തന്നെ തട്ടുകയാണെന്നാണു കണ്ടെത്തിയത്. ഒരാൾ മാത്രമുള്ള വീടുകളിൽ കാർഡുടമ ജീവനോടെയുണ്ടോ എന്ന കാര്യത്തിൽ ഇപ്പോഴും സിവിൽ സപ്ലൈസ് വകുപ്പിന്റെ കൈവശം കൃത്യമായ കണക്കുകളില്ല.
രണ്ടു കാർഡുകളിലൂടെ മാത്രംതട്ടിയത് 2000 കിലോ അരി!
പരേതരുടെ പേരിൽ റേഷൻ തട്ടിയതിനു ലൈസൻസ് സസ്പെൻഡ് ചെയ്യപ്പെട്ട പിറവത്തെ റേഷൻ കടയുടമ 2 രണ്ടു കാർഡുകളിലൂടെ മാത്രം തട്ടിയത് 2000 ഗ്രാം കിലോ അരി. കടയുടെ മേശവലിപ്പിൽ നിന്നു രണ്ട് എവൈ കാർഡുകൾ റേഷനിങ് ഇൻസ്പെക്ടറുടെ പരിശോധനയിൽ കണ്ടെടുത്തു. ഈ കാർഡുകൾ ഉപയോഗിച്ച് 2000 കിലോ ഗ്രാം അരി, 175 കിലോ ഗ്രാം ഗോതമ്പ്, 35 ലീറ്റർ മണ്ണെണ്ണ, 16 കിലോ ഗ്രാം പഞ്ചസാര എന്നിവ മാന്വൽ രീതിയിൽ വെട്ടിച്ചെന്നാണ് കണ്ടെത്തൽ. ഇതു ഗുരുതര കൃത്യവിലോപമാണെന്നു ചൂണ്ടിക്കാട്ടിയാണ് ലൈസൻസ് സസ്പെൻഡു ചെയ്തത്.