ADVERTISEMENT

മുക്കുപണ്ടമാണെന്ന‌് സുശീല; 6 വളകൾ  ‌നഷ്ടപ്പെട്ടില്ല

തലയിൽ അടിച്ച ശേഷം മാല കവരാൻ ശ്രമിച്ച ഓട്ടോ ഡ്രൈവറോട് സുശീല പറഞ്ഞു, ‘അതു മുക്കുപണ്ടമാണ്. പണം വേണമെങ്കിൽ ഞാൻ വീട്ടിലെത്തിയിട്ട് എടുത്തു തരാം.’  മുക്കുപണ്ടമാണ‍ു കേട്ടതോടെ അക്രമി പിടിവിട്ടു. എന്നാൽ, മാല സ്വർണത്തിന്റെതായിരുന്നു. സുശീലയുടെ കൈകളിൽ 6 സ്വർണവളകൾ കൂടി കിടന്നിരുന്നു. എല്ലാം മുക്കുപണ്ടമാകുമെന്ന ധാരണയിലാകാം അക്രമികൾ വളയൂരാൻ ശ്രമിച്ചില്ല.

വയോധികയെ ഓട്ടോറിക്ഷയിൽ വിളിച്ചുകയറ്റി കഴുത്തിൽ കയർ കുരുക്കിയ ശേഷം ചുറ്റിക കൊണ്ടു തലയ്ക്കടിച്ച് മൂന്നു പവന്റെ മാല കവർന്നു. പൂമല വട്ടായി കരിമ്പത്തു പരേതനായ ബാലന്റെ ഭാര്യ സുശീലയാണ് (70) ആക്രമണത്തിനിരയായത്. മാല മുക്കുപണ്ടമാണെന്നു സുശീല പറഞ്ഞതോടെ ഇവരെ പത്താഴക്കുണ്ട് ഡാമിലെറിഞ്ഞു കൊലപ്പെടുത്താൻ ഓട്ടോ ഡ്രൈവറും കൂട്ടാളിയായ യുവതിയും ശ്രമിച്ചു. സുശീലയെ ഓട്ടോയിൽ വിളിച്ചു കയറ്റിയതും കഴുത്തിൽ കയർ കുരുക്കി കൊലപ്പെടുത്താൻ ശ്രമിച്ചതും പിൻസീറ്റിലിരുന്ന യുവതി. സുശീല നിലവിളിച്ചതോടെ ഡാമിനു സമീപം റോഡരികിൽ തള്ളി അക്രമികൾ മുങ്ങി.

തലയിൽനിന്നു രക്തമൊലിക്കുന്ന നിലയിൽ 70 മീറ്ററോളം റോഡിലൂടെ നടന്ന് സമീപത്തെ വീട്ടിൽ അഭയം തേടിയതുകൊണ്ടു സുശീലയുടെ ജീവൻ രക്ഷപ്പെട്ടു. ഇന്നലെ ഉച്ചയ്ക്കു രണ്ടേമുക്കാലോടെ തിരൂർ സെന്ററിലാണു സംഭവങ്ങളുടെ തുടക്കം. അടുത്ത ബന്ധുവിന്റെ വിവാഹച്ചടങ്ങിൽ പങ്കെടുത്ത ശേഷം വീട്ടിലേക്കു മടങ്ങാൻ ബസ് കാത്തുനിൽക്കുകയായിരുന്നു സുശീല. ഓട്ടോയിലെത്തിയ അപരിചിതരായ യുവാവും യുവതിയും വട്ടായിയിലേക്കു ലിഫ്റ്റ് നൽകാമെന്നു പറഞ്ഞു വിളിക്കുകയായിരുന്നു.

ആദ്യം മടിച്ചെങ്കിലും യുവതി നിർബന്ധിച്ചപ്പോൾ സുശീല ഓട്ടോയിൽ കയറി. അത്താണിയിൽ നിന്നു പൂമല റോഡിലേക്കു തിരിയുന്നതിനു പകരം ഓട്ടോ  കുറാഞ്ചേരി ഭാഗത്തേക്കു പോകുന്നതു കണ്ടപ്പോൾ ഇറങ്ങണമെന്ന് സുശീല ആവശ്യപ്പെട്ടെങ്കിലും നായരങ്ങാടി വഴി പോകാമെന്നു വിശ്വസിപ്പിച്ചു യാത്ര തുടർന്നു. കനാൽ ബണ്ടിനു സമീപത്തെ വിജനമായ ഭാഗത്തെത്തിയപ്പോൾ ഡീസൽ നിറയ്ക്കാനെന്ന പേരിൽ ഡ്രൈവർ വണ്ടി നിർത്തി ഇറങ്ങി. ഇയാൾ കയ്യിലൊരു ചുറ്റിക കരുതിയിരുന്നു. യുവതി പ്ലാസ്റ്റിക് കയറെടുത്തു സുശീലയുടെ കഴുത്തിൽ കുരുക്കി.

വായിൽ തോർത്തും തിരുകി. മാല പൊട്ടിക്കാൻ ഡ്രൈവർ ശ്രമിച്ചപ്പോൾ സുശീല കയറും മാലയും ഒന്നിച്ചുപിടിച്ചു പ്രതിരോധിച്ചു. ഇതോടെ ഡ്രൈവർ സുശീലയുടെ തലയിലും നെറ്റിയിലും ചുറ്റിക കൊണ്ടു പലവട്ടം അടിച്ചു. അപ്പോഴും മാലയുടെ ഒരുഭാഗം സുശീല മുറുക്കെപ്പിടിച്ചിരുന്നു. സുശീലയെ ഡാമിൽ തള്ളാൻ ഒരു കിലോമീറ്ററോളം വീണ്ടും വണ്ടിയോടിച്ചെങ്കിലും ആരെങ്കിലും കാണ‍ുമെന്നു ഭയന്ന് റോഡരികിൽ തള്ളുകയായിരുന്നു. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച സുശീലയുടെ തലയിൽ 9 തുന്നലുണ്ട്. പ്രതികൾക്കായി പൊലീസ് തിരച്ചിൽ തുടങ്ങി.             

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com