ADVERTISEMENT

തൃശൂർ ∙ സ്വന്തം പാളയത്തിലെ കൗൺസിലർമാരെ അഴിമതിക്കാരെന്നു വിളിച്ചു കൗൺസിലിൽ ഉയർത്തിയ പ്ലക്കാർഡുകൾക്കു വിശ്രമം പ്രതിപക്ഷ നേതാവിന്റെ ഓഫിസിനുള്ളിൽ.! ഹൈമാസ്റ്റ് ടെൻഡർ പാസാക്കിയ കഴിഞ്ഞ കൗൺസിലിൽ പ്രതിപക്ഷത്തെ 18 കൗൺസിലർമാർക്കെതിരെ  ഭരണപക്ഷം ഉയർത്തിയ പ്ലക്കാർഡുകളാണ് പ്രതിപക്ഷ നേതാവിന്റെ തന്നെ ഓഫിസിൽ സൂക്ഷിച്ചിരിക്കുന്നത്.  ‘ഹൈമാസ്റ്റ് ലൈറ്റ് വിഷയത്തിൽ ഒന്നരക്കോടി മോഷ്ടിക്കാൻ ശ്രമിച്ച 18 പേരെ തിരിച്ചറിയുക’ എന്ന ഗുരുതര ആരോപണം ഉന്നയിച്ച പ്ലക്കാർഡ് ലക്ഷ്യമിട്ടത്  പ്രതിപക്ഷത്തെത്തന്നെ. പക്ഷേ, ഈ പ്ലക്കാർഡുകൾ എങ്ങനെ പ്രതിപക്ഷ നേതാവിന്റെ ഓഫിസിലെത്തി.? 

thrissur-placards-using
പ്രതിപക്ഷത്തെ 18 കൗൺസിലർമാർക്കെതിരെ കഴിഞ്ഞ കൗൺസിലിൽ ഭരണപക്ഷം പ്ലക്കാർഡുകൾ ഉയർത്തിയപ്പോൾ.

മുഖ്യപ്രതിപക്ഷമായ കോൺഗ്രസിലെ വിഭാഗീയതയാണിതിനു പിന്നിലെന്നാണ് ആരോപണം. സ്വന്തം കൗൺസിലർമാർക്കെതിരെ പ്രതിപക്ഷത്തെ മൂന്നുപേർ തന്നെ പ്ലക്കാർഡുകൾ കൊണ്ടുവന്നെന്നും അത് ഭരണപക്ഷത്തിനു കൈമാറിയെന്നുമുള്ള ഗുരുതരമായ ആരോപണമാണ് ഉന്നയിക്കപ്പെടുന്നത്. പ്രതിപക്ഷത്തുള്ള ഒരാളുടെ കാറിൽ ഇത് കൊണ്ടുവന്നുവെന്നും പറയുന്നു. എന്തായാലും സ്വന്തം ആൾക്കാർക്കെതിരെ കൗൺസിൽ ഹാളിൽ ഉയർത്തപ്പെട്ട പ്ലക്കാർഡുകൾക്ക് പ്രതിപക്ഷനേതാവിന്റെ ഓഫിസിൽ   ഇടം കിട്ടിയത് നാണക്കേടായി.

പ്ലക്കാർഡിലേക്കുള്ള വഴി ഇങ്ങനെ: 

∙ 55 ഡിവിഷനുകളിലായി 110 ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കുന്ന പദ്ധതി കെൽട്രോണിനെക്കൊണ്ടു നടത്തിക്കാനായി ഡിപിസി ശുപാർശ ചെയ്തു.
∙ കൗൺസിലിൽ വിഷയം വന്നപ്പോൾ ഭരണപക്ഷം തന്നെ ഇതിനെതിരെ നിലപാടെടുത്തു. കെൽട്രോണിനെ ഏൽപിക്കാതെ ടെൻഡർ വിളിക്കണമെന്നായിരുന്നു ആവശ്യം.
∙ ഇതിനെതിരെ വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ഷീബ ബാബുവും ചില ഭരണകക്ഷി കൗൺസിലർമാരും രംഗത്തു വന്നു. അഴിമതിക്കുവേണ്ടിയാണു ടെൻഡറിലേക്കു പോകുന്നതെന്നായിരുന്നു ആരോപണം.

∙ പ്രതിപക്ഷത്തിന്റെ നിലപാട് നിർണായകമായി. പൊതുമേഖലാ സ്ഥാപനമായ കെൽട്രോണിനു തന്നെ നൽകണമെന്നും ടെൻഡർ വിളിക്കുന്നത് അഴിമതിക്കാണെന്നും പ്രതിപക്ഷത്തെ ഭൂരിപക്ഷം നിലപാടെടുത്തു. മൂന്നു പ്രതിപക്ഷ കൗൺസിലർമാർ ഇതിനു വിരുദ്ധമായി ഭരണകക്ഷിക്കൊപ്പം നിലപാട് സ്വീകരിച്ചു. കെൽട്രോണിനു കൊടുക്കുന്നത് അഴിമതിക്കാണെന്നായിരുന്നു ഇവരുടെ അഭിപ്രായം.
∙ കെൽട്രോണിനു കരാർ നൽകണമെന്നാവശ്യപ്പെട്ടു 18 പ്രതിപക്ഷ കൗൺസിലർമാർ കത്തു നൽകി.

∙ പൊതുമേഖലാ സ്ഥാപനങ്ങൾക്കുമാത്രമായി ടെൻഡർ വിളിക്കണമെന്നു ഡിസിസിയും നിലപാടെടുത്തു. ഇതനുസരിച്ച് ടെൻഡർ വിളിച്ചു. എന്നാൽ സ്വകാര്യ സ്ഥാപനങ്ങളെയും ഉൾപ്പെടുത്തിയിരുന്നു. ഇഎംഡി (ഏണസ്റ്റ് മണി ഡെപ്പസിറ്റ്) അടയ്ക്കണമെന്ന നിബന്ധന വച്ചതിനാൽ കെൽട്രോണിനു പങ്കെടുക്കാനായതുമില്ല.സിൽക് മാത്രമാണ് പൊതുമേഖലയിൽ നിന്നു പങ്കെടുത്തത്.
∙ ടെൻഡർ പ്രകാരം പൊതുമേഖലാ സ്ഥാപനമായ സിൽകിനു കരാർ നൽകാൻ തീരുമാനമായി. കെൽട്രോൺ ക്വോട്ട് ചെയ്ത തുകയേക്കാൾ ഒന്നരക്കോടി രൂപയോളം കുറഞ്ഞ തുകയ്ക്കാണു നൽകിയത്. ഇതു ചർച്ച ചെയ്ത കൗൺസിലിലാണ് കെൽട്രോണുമായി ചേർന്ന് ‘ഒന്നരക്കോടി രൂപ തട്ടിയെടുക്കാനാണു 18 കൗൺസിലർമാർ ശ്രമിച്ചെന്ന’ ആരോപണമുള്ള പ്ലക്കാർഡ് ‘ഭരണപക്ഷം’ ഉയർത്തിയത്.

ആരോ അറിയാതെ വച്ചത്: പ്രതിപക്ഷ നേതാവ്

തന്റെ മുറിയിൽ പ്രതിപക്ഷാംഗങ്ങൾക്കെതിരെയുള്ള പ്ലക്കാർഡുകൾ കൗൺസിലിലെ അറ്റൻഡർമാർ ആരോ അറിയാതെ തന്റെ മുറിയിൽ വച്ചതാണെന്നു പ്രതിപക്ഷ നേതാവ് കെ. മുകുന്ദ‍ൻ പറഞ്ഞു. കൗൺസിലിൽ സാധാരണ പ്രതിപക്ഷമാണല്ലോ പ്ലക്കാർഡുകൾ പിടിക്കുന്നത്. അങ്ങനെ വിചാരിച്ച് ചെയ്തതാവുമെന്നും മുകുന്ദൻ പറഞ്ഞു. അനാവശ്യ വിവാദം വേണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഡീൽ നഷ്ടമായതിന്റെ വിഷമമെന്ന് ഉപനേതാവ്

കെൽട്രോണുമായി നേരത്തെ തീരുമാനിച്ച് ഉറപ്പിച്ചിരുന്ന ഡീൽ നഷ്ടമായതിന്റെ കോലാഹലമാണ് പുതിയ പ്ലക്കാർഡ് വിവാദമെന്നു പ്രതിപക്ഷ ഉപനേതാവ് ജോൺ ഡാനിയൽ ആരോപിച്ചു.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com