ADVERTISEMENT

മണ്ണുത്തി ∙ പീച്ചിയിൽ നിന്ന് തൃശൂരിലേക്കുള്ള ശുദ്ധജലവിതരണ പൈപ്പിന് ചോർച്ച പരിഹരിച്ചതോടെ കാർഷിക സർവകലാശാലയുടെ കുളം വേനൽ കനക്കും മുൻപേ വറ്റി.  ദേശീയപാതയുടെ വികസനത്തിന്റെ ഭാഗമായി പൈപ്പ് മാറ്റി സ്ഥാപിക്കുന്നതിനിടെയുണ്ടായ അപാകതയെ തുടർന്നു തോട്ടപ്പടിയിൽ പൈപ്പ് ചോർച്ച ഉണ്ടായിരുന്നു.  ഈ ചോർച്ചയെ തുടർന്നുള്ള വെള്ളമാണു തോട്ടപ്പടിയിലുള്ള കാർഷിക സർവകലാശാലയുടെ കുളം വർഷങ്ങളായി ജല സമൃദ്ധമാക്കിയിരുന്നത്. എന്നാൽ കഴിഞ്ഞ മഴക്കാലത്തു പീച്ചിയിലെ പൈപ്പ് ചോർച്ച പരിഹരിച്ചിരുന്നു. 

thrissur-repairing
തോട്ടപ്പടിയിൽ പൈപ്പ് ലൈൻ മാറ്റി സ്ഥാപിക്കുന്ന ജോലികൾ

ഇതോടെ വെള്ളം ചോർന്നൊഴുകി കുളത്തിലേക്കെത്തുന്നത് നിന്നു. ഈ വർഷം വേനൽക്കാലം രൂക്ഷമാകുന്നതിനു മുൻപേ കാർഷിക സർവകലാശാല ആസ്ഥാനത്തിനു മുൻവശത്തുള്ള കുളം വറ്റിയിരിക്കുകയാണ്. കുളം ഇരിക്കുന്ന ഭാഗത്തു കുഴിച്ചാൽ വെള്ളം ലഭിക്കില്ലെന്നു 2013 ൽ സിവിൽ എൻജിനീയർമാർ റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ അക്കാലത്തെ അധികൃതർ  സിവിൽ എൻജിനീയർമാരുടെ സംഘം നൽകിയ മുന്നറിയിപ്പ് അവഗണിച്ച്, കുളം നിർമിക്കുകയായിരുന്നു. 

പീച്ചിയിൽ നിന്നുള്ള ശുദ്ധജലത്തിനു വർഷം ഒരു കോടി രൂപ ചെലവ് വരുമെന്നതിനാൽ പുതിയ കുളം നിർമിച്ചതു വെള്ളം കണ്ടെത്താമെന്നായിരുന്നു കണക്കുകൂട്ടൽ. സർവകലാശാല ആസ്ഥാനത്തിനു മുൻവശത്തെ മറ്റൊരു കുളം ദേശീയപാത വികസനത്തിന്റെ ഭാഗമായി പാതി നികത്തിയിരുന്നു. പുതിയ കുളം നിർമിച്ചതിൽ കൃത്യമായ ചട്ടങ്ങൾ പാലിച്ചല്ലെന്ന ആരോപണമുണ്ടായിരുന്നു. 2 കോടി രൂപയോളം ചെലവഴിച്ചാണ് കുളം നിർമിച്ചത്. സർവകലാശാലയ്ക്കു സാമ്പത്തിക നഷ്ടമുണ്ടാക്കിയ കുളം നിർമാണത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്ന പരാതിയും അവഗണിക്കപ്പെട്ടിരുന്നു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com