ADVERTISEMENT

തൃശൂർ ∙ പെൺസുഹൃത്തിനു മുൻപിൽ ‘ഷോ’ നടത്താനായി, കാർ കൊണ്ടിട്ട് കെഎസ്ആർടിസി ബസ് തടഞ്ഞ യുവാവ് വെട്ടിലായി. ഡ്രൈവറെ മർദിക്കുന്നതിനിടെ ഉണ്ടായ പിടിവലിയിൽ‌ താക്കോൽ പൊട്ടിപ്പോയതുകൊണ്ട് ബസിന്റെ ഓട്ടമാറ്റിക് വാതിൽ തുറക്കാനാവാത്തതിനാൽ പെൺകുട്ടിയുമായി കടന്നുകളയാനുള്ള യുവാവിന്റെ ശ്രമം പൊളിഞ്ഞു. സിസിടിവി ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളുടെയും കാർ നമ്പറിന്റെയും അടിസ്ഥാനത്തിൽ യുവാവിനെതിരെ പൊലീസ് കേസെടുത്തു. പെൺകുട്ടിയെ ശല്യം ചെയ്തെന്ന പരാതിയിൽ ബസ് ഡ്രൈവർക്കെതിരെയും കേസെടുത്തിട്ടുണ്ട്. 

കോഴിക്കോട് തൊട്ടിൽപ്പാലം ഡിപ്പോയുടെ സൂപ്പർ ഫാസ്റ്റ് ബസിലെ ഡ്രൈവർ ബാലുശേരി പറാഞ്ചേരി ടി.പി.രതീഷിനാണു മർദനമേറ്റത്. തന്റെ സീറ്റിൽനിന്നു കാൽമാറ്റാൻ ഡ്രൈവർ ആവശ്യപ്പെട്ടത് ഇഷ്ടപ്പെടാതിരുന്ന പെൺകുട്ടി ആൺസുഹൃത്തിനെ വിളിച്ചുവരുത്തുകയായിരുന്നു. തൊട്ടിൽപ്പാലത്തു നിന്നു കോട്ടയത്തേക്കു പോകുകയായിരുന്ന ബസിൽ ഡ്രൈവർ സീറ്റിനു തൊട്ടുപിന്നിൽ ഇരിക്കുകയായിരുന്ന യുവതി വളാഞ്ചേരിയിൽ വച്ച് കാൽ ഡ്രൈവർസീറ്റിലേക്കു കയറ്റിവച്ചപ്പോൾ തന്റെ ദേഹത്തു തട്ടിയെന്നും കാൽ മാറ്റാൻ ആവശ്യപ്പെട്ട ഉടൻ പെൺകുട്ടി അനുസരിച്ചുവെന്നും രതീഷ് പറയുന്നു.

എന്നാൽ, 11.30ന് തൃശൂർ കെഎസ്ആർടിസി ഡിപ്പോയുടെ പ്രവേശന കവാടത്തിലെത്തിയപ്പോൾ കാറുമായി ബസിനെ മറികടന്ന് യുവാവ് ബസ് തടയുകയായിരുന്നു. പിന്നിലെ നമ്പർ പ്ലേറ്റ് ഇല്ലാത്ത കാറുമായി ബസ് തടഞ്ഞ ഇയാൾ പെൺകുട്ടിയോടു മാപ്പുപറയണമെന്ന് ഡ്രൈവറോട് ആവശ്യപ്പെടുകയും പുറത്തുനിന്ന് ഡ്രൈവറെ മർദിക്കുകയുമായിരുന്നു. സീറ്റിനും സ്റ്റിയറിങ്ങിനും മറ്റും കേടുപാടു സംഭവിച്ചു. ഊരിയെടുക്കാൻ ശ്രമിക്കുന്നതിനിടെ താക്കോൽ പൊട്ടി. ഹൈഡ്രോളിക് വാതിൽ തുറക്കാനാവാത്ത സ്ഥിതിയായി. പെൺകുട്ടിയുമായി കാറിൽ രക്ഷപ്പെടാനുള്ള യുവാവിന്റെ ശ്രമം ഇതോടെ പാളി. 

കെഎസ്ആർടിസി ബസ് സ്റ്റാൻഡിനകത്തേക്കു കൊണ്ടിട്ടപ്പോൾ പെൺകുട്ടിയെ അന്വേഷിച്ച് ആൺസുഹൃത്ത് സ്റ്റാൻഡിനകത്തേക്കും സുഹൃത്തിനെ തേടി പെൺകുട്ടി കാറിനടുത്തേക്കും ഓടുക കൂടി ചെയ്തതോടെ എല്ലാവരുടെയും ശ്രദ്ധ ഇവരിലേക്കാവുകയും തടഞ്ഞുവച്ച് പൊലീസിൽ ഏൽ‌പിക്കുകയുമായിരുന്നു. കാറിന്റെ നമ്പർ വച്ച് നിധിൻ എന്ന പേര് കണ്ടെത്തിയെങ്കിലും കണ്ടാലറിയാവുന്ന ഒരാൾ എന്ന പേരിലാണ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. ഡ്രൈവർ രതീഷ് ചികിത്സ തേടി.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com