ADVERTISEMENT

തൃശൂർ ∙ ശക്തൻ നഗറിലെ പച്ചക്കറി – മീൻ മാർക്കറ്റുകള‍‍ിലേക്കുള്ള പ്രവേശനത്തിനു കർശന നിയന്ത്രണം ഏർപ്പെടുത്തി കലക്ടറുടെ ഉത്തരവ്. ചില്ലറവിൽപന ശാലകളിലേക്കുള്ള പ്രവേശനം രാവിലെ 10 മുതൽ വൈകിട്ട് 5 വരെയാക്കി ചുരുക്കി. മീൻ മാർക്കറ്റിന്റെ പ്രവർത്തനം പുനരാരംഭിച്ച ദിവസം തന്നെ 1500ലേറെപ്പേർ തടിച്ചുകൂടിയെന്ന പൊലീസ‍ിന്റെയും ആരോഗ്യ വകുപ്പിന്റെയും റിപ്പോർട്ട് പരിഗണിച്ചാണ് ദുരന്ത നിവാരണ അതോറിറ്റി അധ്യക്ഷൻ കൂടിയായ കലക്ടറുടെ ഉത്തരവ്. 

ചന്ത ദിവസങ്ങളിൽ ലോക്ഡൗൺ ലംഘിച്ച് അയ്യായിരത്തോളം പേർ പച്ചക്കറി മാർക്കറ്റിലെത്തുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. ചിലരുടെ സാമൂഹികാവബോധം ഇല്ലായ്മ മൂലം വൻജനക്കൂട്ടം രൂപപ്പെടുന്ന അവസ്ഥയുണ്ടെന്നും കലക്ടറുടെ ഉത്തരവിൽ പറയുന്നു. 

മറ്റു പ്രധാന നിയന്ത്രണങ്ങൾ ഇങ്ങനെ: 

∙ പച്ചക്കറി കയറ്റിയെത്തുന്ന വാഹനങ്ങൾക്കു ക്യു സമ്പ്രദായം ഏർപ്പെടുത്തണം. ഒരു റൂട്ടിൽ നിന്ന് ഒരേ സമയം 5 വാഹനങ്ങൾക്കു മാത്രമേ മാർക്കറ്റിലേക്കു പ്രവേശനാനുമതി നൽകാവൂ. 

∙ മാർക്കറ്റിലെ ചായക്കടകൾ, ലഘുഭക്ഷണ ശാലകൾ എന്നിവ 7 മണിക്കു മുൻപു പ്രവർത്തിക്കാൻ പാടില്ല. 

∙ പെട്ടി ഓട്ടോറിക്ഷകൾക്ക് 30 മിനിറ്റും വലിയ വ‍ാഹനങ്ങൾക്ക് ഒരു മണിക്കൂറും മാത്രമേ പരമാവധി പാർക്കിങ് സമയം അനുവദിക്കാവൂ.

∙ കായ ലോറികൾ ബസ് സ്റ്റാൻഡിലോ തുറസിടങ്ങളിലോ പാർക്ക് ചെയ്യണം. 

∙ മീനും പച്ചക്കറിയും വിൽപനയ്ക്കു മുൻപ് ആരോഗ്യവകുപ്പ് പരിശോധിക്കണം. 

∙ ആൾക്കൂട്ടം രൂപപ്പെട്ടാൽ ദുരന്തനിവാരണ നിയമമനുസരിച്ചു കേസെടുക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com