ADVERTISEMENT

തൃശൂർ ∙ വിവാഹം വാക്കാലുറപ്പിക്കാൻ 30 കിലോ മീറ്ററകലേക്കു ലോക്ഡൗൺ ലംഘിച്ചു മൂന്ന‍ംഗ സംഘത്തിന്റെ കാർ യാത്ര. ചിയ്യാരം സ്വദേശിയായ ഇരുപത്തിനാലുകാരന്റെ വിവാഹം പറഞ്ഞുറപ്പിക്കാനാണ് ബന്ധുക്കളായ മൂന്നുപേർ  എരുമപ്പെട്ടിയിലേക്കു പുറപ്പെട്ടത്. കാർ തടഞ്ഞുനിർത്തിയ പൊലീസ്, കോവിഡ് രോഗത്തിന്റെ ഗൗരവത്തെക്കുറിച്ചറിയാമോ എന്നു ചോദിച്ചെങ്കിലും വളരെ അത്യാവശ്യ കാര്യത്തിനു പോകുകയാണെന്നായിരുന്നു ബന്ധുക്കളുടെ മറുപടി. ലോക്ഡൗൺ ലംഘനത്തിന് ഇവർക്കെതിരെ കേസെടുത്തു. 

ഇന്നലെ രാവിലെ ശക്തൻ നഗറിനു സമീപത്തായിരുന്നു സംഭവം. വ‍ാഹന പരിശോധനയ്ക്കു മുന്നിൽ കുടുങ്ങിയവർ വിവാഹമുറപ്പിക്കാൻ പോവുന്നു എന്നാണ് പൊലീസിനോടു പറഞ്ഞത്. വിവാഹ നിശ്ചയമാണെങ്കിൽ മാറ്റിവച്ചുകൂടെ എന്നു പൊലീസ് ചോദിച്ചു. നിശ്ചയം 6 മാസം കഴിഞ്ഞാണെന്നു  ബന്ധുക്കളുടെ മറുപടി, കല്യാണം ഒരു വർഷത്തിനു ശേഷവും. പിന്നെന്തിനു ത‍ിടുക്കപ്പെട്ടു പോകുന്നെന്നു ചോദിച്ചപ്പോൾ കാര്യങ്ങൾ വാക്കാൽ പറഞ്ഞുറപ്പിക്കാനെന്നു നിസ്സാര മട്ടിൽ ബന്ധുക്കളുടെ മറുപടി.

ഇതോടെ, ഈസ്റ്റ് സിഐ പി. ലാൽ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം വാഹനം കസ്റ്റഡിയിലെടുക്കുകയും മൂന്നംഗ സംഘത്തിനെതിരെ കേസെടുക്കുകയും ചെയ്തു. തൃശൂർ നഗരത്തിൽ മാത്രം ഇന്നലെ ലോക്ഡൗൺ ലംഘനത്തിന് 40 കേസെടുകളെടുത്തു. 62 പേരെ അറസ്റ്റ് ചെയ്തു. 

സമയം പോകുന്നില്ല സാറെ, കളിക്കാൻ കവടി വാങ്ങാൻ ഇറങ്ങിയതാ...

തൃക്കൂർ ∙ ലോക്ഡൗണിനിടെ ബൈക്കിൽ കറങ്ങിയ യുവാക്കളെ പൊലീസ് പിടിച്ചപ്പോൾ, ആദ്യം പറഞ്ഞത് പലചരക്ക് കടയിലേയ്ക്കാണെന്നാണ്.സംശയം തോന്നിയ പൊലീസ് ഇരുവരുടെയും വീട് അന്വേഷിച്ചപ്പോൾ വരാക്കരയെന്ന് മനസിലാക്കി. പലചരക്ക് വാങ്ങാൻ 6 കിലോമീറ്ററിലേറെ സഞ്ചരിച്ച് തൃക്കൂരിലെത്തണോ എന്ന ചോദ്യം വന്നപ്പോൾ സത്യം പറഞ്ഞു. സമയം പോകുന്നില്ല സാറെ, ഇവിടെയുള്ള സുഹൃത്തിന്റെ വീട്ടിൽ നിന്നും കളിക്കാൻ കവടി വാങ്ങാൻ ഇറങ്ങിയതാ എന്ന മറുപടി കേട്ടതോടെ ഇരുവരെയും പുതുക്കാട് പൊലീസ് അറസ്റ്റുചെയ്ത് ബൈക്ക് കസ്റ്റഡിയിലെടുത്തു. ഇപ്പോഴും ലാഘവത്തോടെ വീട് വീട്ടിറങ്ങുന്നവരുണ്ടെന്ന് പൊലീസ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com