ADVERTISEMENT

തൃശൂർ ∙ ഡോക്ടറുടെ ക‍ുറിപ്പടി പ്രകാരം എക്സൈസ് ലിക്വർ പാസ് അനുവദിച്ച 8 പേരുടെ വീടുകളിൽ ഇന്നു മദ്യം എത്തും. ബവ്റിജസ് കോർപറേഷന്റെ ഗോഡൗണുകളിൽ നിന്നു ജീവനക്കാർ ഏറ്റെടുക്കുന്ന മദ്യം പൊലീസിന്റെയോ എക്സൈസിന്റെ യോ അകമ്പടിയിലാകും മദ്യപരുടെ വീടുകളിലെത്ത‍ിക്കുക. ബവ്കോയുടെ സ്റ്റോക്കിലെ ഏറ്റവും വിലകുറഞ്ഞ ‘റം’ ആണ് വിതരണം ചെയ്യുന്നത്.

100 രൂപ സർവീസ് ചാർജ് ഇനത്തിൽ അധികം നൽകണം. ഡോക്ടർമാരുടെ കുറിപ്പടി പ്രകാരം മദ്യം നൽകാമെന്നു സർക്കാർ ഉത്തരവിട്ടതിനു പിന്നാലെ ചൊവ്വാഴ്ച ജില്ലയിൽ ഒരാൾക്ക് എക്സൈസ് വകുപ്പ്  ലിക്വർ പാസ് അനുവദിച്ചിരുന്നു. എന്നാൽ, മദ്യവിതരണം സംബന്ധിച്ചു ബവ്റിജസ് കോർപറേഷൻ ജീവനക്കാർക്കു വ്യക്തമായ മാർഗനിർദേശം ലഭിക്കാത്തതുമൂലം വിതരണം നടന്നില്ല.

ഇന്നലെ മാർഗനിർദേശം ലഭിച്ചതിനു പിന്നാലെ 7 പേർ കൂടി ഡോക്ടറുടെ കുറിപ്പടി വാങ്ങി അപേക്ഷയുമായി വിവിധ എക്സൈസ് റേഞ്ച് ഓഫിസുകളിലെത്തി. ഇതിൽ കൊടുങ്ങല്ലൂർ റേഞ്ചിനു കീഴിൽ ലഭിച്ച 4 കുറിപ്പടികളിൽ ഡോക്ടറുടെ സീൽ പതിച്ചിരുന്നില്ല. അപാകത ചൂണ്ടിക്കാട്ടിയതോടെ സീൽ പതിച്ച പുതിയ കുറിപ്പടിയുമായി മദ്യപരെത്തി. ഇവരടക്കം 8 പേർക്കാണ് ആകെ പാസ് അനുവദിച്ചത്. 

എന്നാൽ, ഇന്നലെ ഡ്രൈ ഡേ ആയതിനാൽ മദ്യവിതരണം നടത്താൻ കഴിയില്ലെന്നു ബവ്കോ എക്സൈസിനെ അറിയിച്ചു. ഇന്നു രാവിലെ തന്നെ 3 ലീറ്റർ വീതം മദ്യം മദ്യപരുടെ വീടുകളിൽ ബവ്കോ ജീവനക്കാർ എത്തിക്കും. ബവ്കോയുടെ ഔട്‌ലെറ്റുകൾ തുറക്കാൻ അനുവാദമില്ലാത്തതുകൊണ്ടാണ് ഗോഡൗണിൽ നിന്നു മദ്യം ഏറ്റെടുക്കുന്നത്. ലിക്വർ പാസ് ദുരുപയോഗിക്കുന്നതു തടയാൻ കർശന നടപടി സ്വീകരിക്കുമെന്ന് എക്സൈസ് ഡപ്യൂട്ടി കമ്മിഷണർ പി.കെ. സനു അറിയിച്ചു. 

ഗൃഹ സത്യഗ്രഹത്തിന് ആഹ്വാനം

കുറിപ്പടിയുടെ പേരിൽ മദ്യം വീടുകളിൽ എത്തിച്ചുനൽകാനുള്ള സർക്കാർ തീരുമാനത്തിനെതിരെ ഗൃഹ സത്യഗ്രഹത്തിന് ആഹ്വാനം. മദ്യനിരോധന സമിതിയാണ് കോവിഡിന്റെ പശ്ചാത്തലത്തിൽ വീട്ടിലിരുന്നു സത്യഗ്രഹത്തിന് ആഹ്വാനം നൽകിയത്. വീടിനുള്ളിൽ ഉപവാസം, മൗനവൃതം, നിൽപുവൃതം, വീടിനു മുന്നിൽ കരിങ്കൊടി ഉയർത്തൽ, പോസ്റ്റർ പതിക്കൽ തുടങ്ങിയ ഗാന്ധിയൻ സമരമാർഗങ്ങൾ പിന്തുടരാനാണ് ആഹ്വാനം. 

പിൻവലിക്കണം: സംഘടന

ബവ്കോ ജീവനക്കാരെ ഉപയോഗിച്ചു വീടുകളിൽ മദ്യമെത്തിക്കുന്ന ഏർപ്പാട് പിൻവലിക്കണമെന്നു കേരള സ്റ്റേറ്റ് ബവ്റിജസ് കോർപറേഷൻ എംപ്ലോയീസ് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി. കോവിഡ് ഭീഷണി നിലനിൽക്കെ ജീവനക്കാരുടെ ജീവൻവച്ചു കളിക്കുകയാണ് സർക്കാരെന്നു സംഘടന കുറ്റപ്പെടുത്തി. വീടുകളിൽ മദ്യമെത്തിക്കാൻ വെയർ ഹൗസുകളിൽ ജീവനക്കാരെ നിയോഗിക്കുന്നതും  വിസമ്മതിക്ക‍ുന്നവരെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത് അവസാനിപ്പിക്കണമെന്നും  ആവശ്യപ്പെട്ടു. 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com