ADVERTISEMENT

കരുതലിന്റെ സ്കൂട്ടർ ഓടുന്നു; ഷെഫീഖിന്റെ ഡയാലിസിന്

തൃശൂർ∙ സ്കൂട്ടറിന്റെ പിന്നിൽ പിടിച്ചിരിക്കുമ്പോൾ ഷെഫീഖിനു തോന്നുന്നത് കരുതലിന്റെ തോളിൽ പിടിച്ചിരിക്കുന്നതു പോലെയാണ്. അങ്ങോട്ടുമിങ്ങോട്ടുമായി നീളുന്ന ഈ 44കിലോമീറ്റർ സ്കൂട്ടർ യാത്രയിലെ വെയിലും ചൂടും ഒരു പ്രശ്നമല്ല, ഈ ലോക് ഡൗൺ കാലത്തും ഡയാലിസിസ് മുടങ്ങാതെ നടക്കുന്നുണ്ടല്ലോ എന്നതാണ് ആശ്വാസം..

thrissur-shanavas
ഡയാലിസിസ് രോഗി ഷെഫീഖുമൊത്ത് ഷാനവാസ് തൃശൂർ മിഷൻ ആശുപത്രിയിൽ നിന്നു പുറത്തേക്ക് വരുന്നു.

അന്തിക്കാട് എളയേടത്തു പറമ്പിൽ ഷെഫീഖിന്റെ ഡയാലിസിസ് മുടങ്ങാതിരിക്കാൻ സഹായവുമായെത്തുന്നത് നാലുപേരാണ്. ദിവസങ്ങൾ മാറും തോറും ഇതിൽ ആരെങ്കിലും മാറി വരും. സ്കൂട്ടറുമായി ഷെഫീഖിന്റെ വീട്ടുമുറ്റത്തെത്തും. സ്കൂട്ടറിൽ പിന്നിലിരുത്തി ജൂബിലി മിഷൻ വരെ 22 കിലോമീറ്റർ. അഞ്ചു മണിക്കൂർ കഴിഞ്ഞാൽ ഷെഫീഖിന്റെ ഡയാലിസിസ് കഴിയും.  പുറത്തിറങ്ങുമ്പോൾ സ്കൂട്ടറും ഏതെങ്കിലുമൊരു സാരഥിയും കാത്തിരിപ്പുണ്ടാകും.

പൊതുപ്രവർത്തകൻ കൂടിയായ ഷാനവാസ് അന്തിക്കാട്, ഉസ്മാൻ അന്തിക്കാട്... വിജേഷ് പന്നിപ്പുല്ലത്ത്, കെ.വി. രാജീവ് എന്നിവരാണ് മാറിമാറി ഓരോ ദിവസവും ഷെഫീഖിനെ ആശുപത്രിലെത്തിക്കുന്നതും തിരിച്ചെത്തിക്കുന്നതും. അങ്ങോട്ടുമിങ്ങോട്ടുമായി 44 കിലോമീറ്റർ യാത്രയും ഡയാലിസിസിന്റെ ക്ഷീണവും ഷെഫീഖിനെ തളർത്തും. ‘ കുറച്ചു നേരം കിടക്കും.  അതു കഴിഞ്ഞാൽ പിറ്റേ  ദിവസത്തെ യാത്രയ്ക്കു മനസുകൊണ്ടു തയാറെടുക്കും’ ഷാനവാസ് പറയുന്നു. 

17–ാം വയസിൽ പ്ലസ്ടുവിനു പഠിക്കുമ്പോഴാണു ഷെഫീക്കിന്റെ വൃക്ക തകരാറിലാകുന്നത്. അന്നു മുതൽ ഡയാലിസിസാണ് എക ആശ്രയം.  വാപ്പയും ഉമ്മയും പ്രായത്തിന്റെ അവശതയിലാണ്. ജോലിക്കൊന്നും പോകാനാവില്ല. വാടകവീട്ടിലാണ് താമസം. കഴിഞ്ഞ രണ്ടു ഡയാലിസിസിന്റെയും പണം ജൂബിലി ആശുപത്രിയിൽ കൊടുത്തിട്ടില്ല. അവർ ചോദിച്ചു ബുദ്ധിമുട്ടിച്ചില്ല. ആഴ്ചയിൽ മൂന്നു ഡയാലിസിസ്.. അതു നടന്നേ തീരൂ. ജീവിതം എന്നും ലോക് ഡൗണിലാണ് ഷെഫീഖിന്. സഹായത്തിന്റെ കൈകൾ എത്തുമെന്നാണു പ്രതീക്ഷ.

ആശുപത്രിയിലേക്കു പോകാൻ ബുദ്ധിമുട്ടുന്ന രോഗികളെ സഹായിക്കാൻ  നൽകിയ പരസ്യം കണ്ടാണ് ഷെഫീഖ് ഈ സഹായികളെ ബന്ധപ്പെട്ടത്.  ന്യൂനപക്ഷ കോൺഗ്രസ് നാട്ടിക മണ്ഡലം ചെയർമാൻ കൂടിയാണു ഷാനവാസ്. കൂടെയുള്ള സംഘം എപ്പോഴും എന്തിനും തയ്യാറാണ്. പൊരിവെയിലത്ത് ഷെഫീഖുമായി സ്കൂട്ടറിൽ പായുമ്പോൾ ഇവർ ആരും ക്ഷീണം അറിയുന്നില്ല.   അറിയാതിരിക്കട്ടെ ക്ഷീണം; ഈ ലോക് ഡൗൺ കാലത്തു നീളുന്ന സഹായഹസ്തങ്ങൾ...

thrissur-kabir
കബീർ

വൃക്കരോഗികൾക്ക് സഹായമെത്തിച്ച് കബീർ

ചേർപ്പ് ∙  പാറളം പഞ്ചായത്തിൽ ഡയാലിസിസ് രോഗികൾ ആശുപത്രികളിലേക്ക് പോകാൻ ബുദ്ധിമുട്ടുന്നുണ്ടോ?എങ്കിൽ ഉടൻ പഞ്ചായത്തുമായി ബന്ധപ്പെടൂ. സമയത്തിന് സ്വന്തം കാറുമായി ചേനം സ്വദേശി വലിയകത്ത് കബീർ നിങ്ങളുടെ വീട്ടുപടിക്കലെത്തും. രോഗികളെ ജില്ലയിലെ വിവിധ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതും തിരികെ എത്തിക്കുന്നതും സൗജന്യമാണ് മാത്രമല്ല ഡ്രൈവറായി വാഹനം ഓടിക്കുന്നതും ഇദ്ദേഹം തന്നെ.

എറണാകുളത്ത് ഇവന്റ് മാനേജ്മെന്റ് സ്ഥാപനം നടത്തുകയാണ് കബീർ. ലോക് ഡൗൺ സമയം മറ്റുള്ളവർക്കിയ  ഉപയോഗപ്പെടുത്താം എന്ന ചിന്തയാണ് പ്രചോദനം.  പഞ്ചായത്ത് അംഗം എ.ആർ.ജോൺസൻ, പ്രാഥമിക ആരോഗ്യ കേന്ദ്രം ജീവനക്കാർ എന്നിവർ ഉറച്ച പിന്തുണയുമായി ഒപ്പം ഉണ്ടെന്ന് കബീർ പറഞ്ഞു. ഇന്നലെ 3 രോഗികളെ  വിവിധ ആശുപത്രികളിലേക്ക് ഡയാലിസിസിന് എത്തിച്ചു. 

thrissur-health-workers
ആരോഗ്യ പ്രവർത്തകർ ബസിൽ

ഈ ബസ് ഓർഡിനറി, കാരുണ്യത്തിൽ എക്സ്ട്രാ ഓർഡിനറി

ചാലക്കുടി ∙ കെഎസ്ആർടിസി ചാലക്കുടി ഡിപ്പോയുടെ ഈ ബസ് ഓർഡിനറിയാണ്. കലക്ടറുടെ നിർദേശത്തെ തുടർന്ന് ചാലക്കുടിയിൽ നിന്നു മെഡിക്കൽ കോളജിലേക്കും തിരിച്ചും സൗജന്യമായി ആരോഗ്യ പ്രവർത്തകരെ എത്തിക്കുന്ന ബസ് പക്ഷേ കാരുണ്യത്തിന്റെയും സുരക്ഷയുടെയും കാര്യത്തിൽ എക്സ്ട്രാ ഓർഡിനറിയും. കൃഷ്ണനാണ് ബസിന്റെ ഡ്രൈവർ .   

മാസ്ക് ധരിച്ചാണ് ആരോഗ്യ പ്രവർത്തകരെല്ലാം ബസിൽ യാത്ര ചെയ്യുന്നത്. 3 പേർക്ക് ഇരിക്കാവുന്ന സീറ്റിൽ 2 പേരും 2 പേരുടെ സീറ്റിൽ ഒരാളും മാത്രം ഇരിക്കും. കൃത്യമായ അകലം പാലിച്ച് സുരക്ഷ ഉറപ്പാക്കും. ഇന്നലെ ബസിൽ 37 പേരാണുണ്ടായത്. സൗജന്യ യാത്രയായതിനാൽ ആർക്കും ടിക്കറ്റ് നൽകേണ്ടതില്ല. അതിനാൽ കണ്ടക്ടറുമുണ്ടായിരുന്നില്ല. 3.30ന് മെഡിക്കൽ കോളജിൽ നിന്ന് മടക്ക സർവീസ് ആരംഭിച്ച് 4.45നു ചാലക്കുടി സ്റ്റാൻഡിൽ യാത്ര അവസാനിച്ചു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com