ADVERTISEMENT

തൃശൂർ ∙ ജില്ലയിൽ  2 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; കോവിഡ് ബാധിച്ച് ദുബായിൽ തൃശൂർ സ്വദേശി മരിച്ചു. ദുബായ് റാഷിദ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കയ്പമംഗലം മൂന്നുപീടിക തേപറമ്പിൽ പരീദാണ് (67) മരിച്ചത്. ഇദ്ദേഹത്തിന് മറ്റു പല രോഗങ്ങളുമുണ്ടായിരുന്നു. കബറടക്കം ദുബായിൽ നടക്കും. ഇദ്ദേഹത്തിന്റെ കുടുംബം ദുബായിൽ നിരീക്ഷണത്തിലായിരുന്നെന്നാണു വിവരം. 

കഴിഞ്ഞ മാസം 29ന് മൊറീഷ്യസിൽ നിന്നെത്തി കോവിഡ് സ്ഥിരീകരിച്ച ചാലക്കുടി കോടശേരി സ്വദേശിയുടെ ഭാര്യയ്ക്കും (40) മകനുമാണ് (15) ഇന്നലെ ജില്ലയിൽ രോഗബാധ സ്ഥിരീകരിച്ചത്. വീട്ടിൽ നിരീക്ഷണത്തിലായിരുന്ന ഇരുവരെയും തൃശൂർ മെഡിക്കൽ കോളജിലെ ഐസലേഷൻ വാർഡിലാക്കി. ഫലം നെഗറ്റീവായ ഇവരുടെ മകൾ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ നിരീക്ഷണത്തിലാണ്.

മൊറീഷ്യസിലായിരുന്ന ഗൃഹനാഥൻ 23ന് മുംബൈ വഴി നെടുമ്പാശേരി വിമാനത്താവളത്തിലെത്തി. തുടർന്നു ചാലക്കുടിയിലെ വീട്ടിൽ ക്വാറന്റീനിലായിരുന്നു. സമ്പർക്കത്തിലൂടെയാണു മറ്റ് കുടുംബാംഗങ്ങൾക്കും രോഗം ബാധിച്ചത്. മകൻ ചാലക്കുടി നഗരത്തിലും കലിക്കൽകുന്നിലും കടകളിൽ പോയിരുന്നതായി ആരോഗ്യ വകുപ്പ് കണ്ടെത്തി. ആവശ്യമെങ്കിൽ റൂട്ട് മാപ്പ് തയാറാക്കും. രോഗം സ്ഥിരീകരിച്ചവരുടെ ആരോഗ്യനില തൃപ്തികരമാണ്.

∙ ജില്ലയിൽ ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത് 10 പേർക്ക്. ഇതിൽ രാജ്യത്താദ്യമായി കോവിഡ് സ്ഥിരീകരീച്ച മെഡിക്കൽ വിദ്യാർഥി ഉൾപ്പെടെ 2 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു. നിലവിൽ ജില്ലയിൽ ചികിത്സയിൽ ഉള്ളത് 8 പേർ.
∙ ജില്ലയിൽ ആകെ നിരീക്ഷണത്തിലുള്ളത് 18,863 പേർ; വീടുകളിൽ 18,825 പേരും ആശുപത്രികളിൽ 38 പേരും
∙ ഇന്നലെ പുതിയതായി 9 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 18 പേരെ ഡിസ്ചാർജ് ചെയ്തു. 249 പേരോട് പുതിയതായി വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ നിർദേശിച്ചു.

∙ ഇന്നലെ 34 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചു. ഇതുവരെ അയച്ച 726 സാംപിളുകളിൽ 680 സാമ്പിളുകളുടെ ഫലം വന്നു. 46 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
∙ നിലവിൽ നിരീക്ഷണത്തിൽ കഴിയുന്നവരിൽ പെൻഷൻ വാങ്ങുന്നവരുണ്ടെങ്കിൽ ട്രഷറിയിൽ പോകുന്നതു നിർബന്ധമായും ഒഴിവാക്കണം. നിരീക്ഷണത്തിൽ അല്ലാത്തവരാണെങ്കിലും ട്രഷറിയിൽ പെൻഷൻ വാങ്ങാൻ പോകുന്നത് ഒഴിവാക്കി ബദൽ സംവിധാനം വിനിയോഗിക്കണം.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com