ADVERTISEMENT

തൃശൂർ ∙ ഇന്ത്യയിൽ ആദ്യമായി കോവിഡ് സ്ഥിരീകരിച്ച തൃശൂരിൽ ആദ്യ കോവിഡ് മരണം. ആദ്യമായി രോഗം സ്ഥിരീകരിച്ച് 111ാം ദിവസമാണ് ആദ്യത്തെ മരണം. മുംബൈയിൽ നിന്നെത്തി ശ്വാസതടസ്സത്തെത്തുടർന്നു ചാവക്കാട് താലൂക്ക് ആശുപത്രിയിലിരിക്കെ കഴിഞ്ഞ ദിവസം മരിച്ച വയോധികയുടേത് കോവിഡ് മരണമാണെന്നു സ്രവ പരിശോധനയിൽ സ്ഥിരീകരിക്കുകയായിരുന്നു. കടപ്പുറം അഞ്ചങ്ങാടി കെട്ടുങ്ങൽ പോക്കാക്കില്ലത്ത് കദീജക്കുട്ടി (73) മുംബൈയിലുള്ള മകളുടെ അടുത്തു പോയി ലോക് ഡൗൺ കാലത്ത് അവിടെ കുടുങ്ങിയതാണ്.

ഒറ്റപ്പാലം സ്വദേശികളായ മൂന്നു പേരൊടൊപ്പം കാറിൽ മടങ്ങിയ കദീജക്കുട്ടി 20ന് പുലർച്ചെയാണു പെരിന്തൽമണ്ണയിൽ ഇറങ്ങിയത്. ശ്വാസതടസ്സം  അനുഭവപ്പെട്ടിരുന്നതിനാൽ മകൻ പാർട്ടീഷൻ  ഉള്ള ആംബുലൻസുമായി ചെല്ലുകയും ഇവരെ  ചാവക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. സ്ഥിതി  ഗുരുതരമായതിനെ തുടർന്ന് മെഡിക്കൽ കോളജിലേക്ക് മാറ്റാൻ തീരുമാനിച്ചിരുന്നെങ്കിലും മാറ്റുന്നതിനു മുൻപു മരിച്ചു.

പ്രമേഹവും രക്താദിമർദവും ശ്വാസതടസ്സവും  ഉണ്ടായിരുന്ന കദീജ ഇതിനുള്ള ചികിത്സ നേരത്തെ തേടിയിട്ടുണ്ട്. മരണശേഷം കോവിഡ് പരിശോധനയ്ക്കുള്ള സ്രവങ്ങൾ സ്വീകരിച്ചു പരിശോധനയ്ക്ക് അയച്ചിരുന്നു. ഫലം വന്നപ്പോൾ കോവിഡ് സ്ഥീരീകരിച്ചതോട മകനും ആംബുലൻസ് ഡ്രൈവറും ഇപ്പോൾ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണ്. മൃതദേഹം ചാവക്കാട് താലൂക്ക് ആശുപത്രി മോർച്ചറിയിൽ.

മെഡിക്കൽ പഠനം മുടങ്ങി വിദ്യാർഥികൾ

കേരളത്തിൽ എത്തിയപ്പോൾ മൊബൈൽ സിം കാർഡ് കിട്ടിയില്ല; ഉദ്ദേശിച്ച സ്ഥലത്ത് ക്വാറന്റീനിൽ കഴിയാൻ പറ്റിയില്ല; എത്തിയിടത്ത് വൈഫൈയും ഇല്ല. ഓൺലൈൻ ക്ലാസ് മുടങ്ങുന്നതിനാൽ ഒരു വർഷം തന്നെ നഷ്ടപ്പെടുമോ എന്ന ആശങ്കയിൽ ഫിലിപ്പീൻസിൽ നിന്ന് എത്തിയ മെഡിക്കൽ വിദ്യാർഥികൾ.

കഴിഞ്ഞ ദിവസം കൊച്ചിയിൽ എത്തിയ വിമാനത്തിലെ തൃശൂർ ജില്ലക്കാരായ വിദ്യാർഥികളാണ് കൈപ്പറമ്പിലെ ക്വാറന്റീൻ കേന്ദ്രത്തിൽ ആശങ്കയിൽ കഴിയുന്നത്. മൂന്നും നാലും വർഷ മെഡിക്കൽ വിദ്യാർഥികൾ ഈ സംഘത്തിലുണ്ട്. ചിലർക്ക് വീട്ടുകാരുമായി ഇതുവരെ ഫോണിൽ ബന്ധപ്പെടാനും കഴിഞ്ഞിട്ടില്ല.

ഫിലിപ്പീൻസിൽ വാലൻസ്വലയിലും മനിലയിലും മെഡിക്കൽ വിദ്യാർഥികളാണ് ഇവർ. അവിടെ നിന്നു പുറപ്പെടും മുൻപ് തിര‍ഞ്ഞെടുത്ത സ്ഥലമല്ല നിരീക്ഷണത്തിൽ‌ കഴിയാൻ‌ കിട്ടിയത്. ജില്ലക്കാരായ ആളുകളെ ഒന്നിച്ച് ഒരിടത്തേക്കു കൊണ്ടുവരികയായിരുന്നു. ഇറങ്ങുമ്പോൾ കിട്ടുമെന്നു പ്രതീക്ഷിച്ച സിം കാർഡും കിട്ടിയില്ല. ക്ലാസ് മുടങ്ങുന്ന കാര്യം ബന്ധുക്കൾ അധികൃതരെ അറിയിച്ചിട്ടുണ്ട്. എന്നാൽ, അധിക‍ൃതർ ഇത് ഗൗരവമായി കാണുന്നില്ലെന്നാണു പരാതി.

ജാർഖണ്ഡ് ട്രെയിൻ പുറപ്പെട്ടു

ലോക്ഡൗൺ കാരണം ജില്ലയിൽ കുടുങ്ങിയ അതിഥിത്തൊഴിലാളികളെ അവരുടെ നാടുകളിലെത്തിക്കുന്നതിനുള്ള മൂന്നാമത്തെ പ്രത്യേക ശ്രമിക് ട്രെയിനും പുറപ്പെട്ടു. തൃശൂർ റെയിൽവേ സ്റ്റേഷനിൽ ഇന്നലെ വൈകിട്ട് 4നാണ് 841പേരുമായി ജാർഖണ്ഡിലേക്കുള്ള ട്രെയിൻ പുറപ്പെട്ടത്. ആരോഗ്യ പരിശോധനയ്ക്കു ശേഷം കെഎസ്ആർടിസി ബസിൽ റെയിൽവേ സ്റ്റേഷനിൽ എത്തിച്ചു.ജില്ലാ ലേബർ വകുപ്പും തദ്ദേശ സ്ഥാപനങ്ങളും ചേർന്നു തൊഴിലാളികൾക്ക് ആവശ്യമായ ഭക്ഷണവും കുടിവെള്ളവും നൽകി യാത്രയാക്കി. പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നിന്നുള്ള 612 അതിഥിത്തൊഴിലാളികളും പ്രത്യേക ട്രെയിനിൽ നാട്ടിലേക്കു തിരിച്ചു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com