ADVERTISEMENT

ചാവക്കാട് ∙ കോവിഡ് ബാധിച്ച് മരിച്ച കദീജക്കുട്ടി(73) യുടെ കബറടക്കം നടത്തി. കടപ്പുറം അഞ്ചങ്ങാടി കെട്ടുങ്ങൽ പരേതനായ മുഹമ്മദിന്റെ ഭാര്യ പോക്കാക്കില്ലത്ത് കദീജക്കുട്ടി(73)യുടെ കബറടക്കം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് രാവിലെ 7.15ന് കടപ്പുറം അടിതിരുത്തി പള്ളിയിലാണ് നടന്നത്. താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് പി.വി.ഉമ്മർകുഞ്ഞി, മുൻ പ്രസിഡന്റ് പി.എം.മുജീബ് എന്നിവരുടെ നേതൃത്വത്തിൽ മുസ്‌ലിം യൂത്ത് ലീഗ് സന്നദ്ധസേനയായ വൈറ്റ് ഗാർഡ് പ്രവർത്തകർ ഏറ്റുവാങ്ങി.

വൈറ്റ് ഗാർഡ് പ്രവർത്തകർക്കു മാത്രമായിരുന്നു കബർസ്ഥാനിലേക്കു പ്രവേശനം ഉണ്ടായിരുന്നുള്ളൂ. പത്തടി താഴ്ചയിലെടുത്ത കുഴിയിലാണ് കബറടക്കം നടത്തിയത്. മൂന്ന് മാസം മുൻപ് മുംബൈയിലുള്ള മക്കളുടെ അടുത്തേക്ക് പോയ കദീജക്കുട്ടി ലോക്ഡൗൺ മൂലം അവിടെ കുടുങ്ങുകയായിരുന്നു. കഴിഞ്ഞ ദിവസം മുംബൈയിൽ നിന്നു ഒറ്റപ്പാലം സ്വദേശികൾക്കൊപ്പം കാറിൽ വന്ന ഇവർ പെരിന്തൽമണ്ണയിൽ ഇറങ്ങി.

ശ്വാസതടസ്സം അനുഭവപ്പെട്ടിരുന്നതിനാൽ ഇവിടെ നിന്നു മകൻ ആംബുലൻസിൽ കൂട്ടിക്കൊണ്ടുവന്ന് താലൂക്ക് ആശുപത്രി ഐസലേഷൻ വാർഡിൽ പ്രവേശിപ്പിക്കുകയായിരുന്നു. പ്രമേഹം ഉൾപ്പെടെയുള്ള അസുഖങ്ങളും ഉണ്ടായിരുന്നു. മരണത്തിനു ശേഷമാണ് സ്രവ പരിശോധനാഫലം വന്നത്. കദീജക്കുട്ടിയുടെ മകൻ കാസിം, ആംബുലൻസ് ഡ്രൈവർ, പരിശോധിച്ച താലൂക്ക് ആശുപത്രിയിലെ ഡോക്ടർ എന്നിവർ നിരീക്ഷണത്തിൽ പോയി. മറ്റു മക്കൾ: ഷാജി, മുഹമ്മദാലി, മുംതാസ്, ഫാത്തിമ്മ, ഹാജറ. മരുമക്കൾ: പരീത്, റഫീഖ്, അബ്ദുല്ല, അയൂബ്, ഷീബ, ഫസീല.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com