ADVERTISEMENT

മുളങ്കുന്നത്തുകാവ് ∙ ഡൽഹിയിൽ നിന്നെത്തി ക്വാറന്റീൻ നിർദേശങ്ങൾ പാലിക്കാതെ അലഞ്ഞു തിരിഞ്ഞു നടന്ന കോട്ടയം കുറിച്ചിത്താനം സ്വദേശി അത്താണിയിൽ ഭീതി പരത്തി. വിവരമറിഞ്ഞ് വടക്കാഞ്ചേരി പൊലീസെത്തി മെഡിക്കൽ കോളജ് ആശുപത്രിയിലാക്കി. ഇയാൾ ചെന്ന ബസ് കാത്തിരിപ്പു കേന്ദ്രവും എടിഎം കൗണ്ടറുകളും ഹോട്ടലും നഗരസഭാ അധികൃതരും അഗ്നിരക്ഷാ വിഭാഗവും അണുവിമുക്തമാക്കി.  

രാജധാനി എക്‌സ്പ്രസിൽ എറണാകുളത്തെത്തുകയും അവിടെ ക്വാറന്റീൻ സൗകര്യമില്ലാത്തതിനാൽ, നേരത്തെ സെക്യൂരിറ്റിയായി ജോലിചെയ്ത സ്ഥാപനത്തിൽ തങ്ങുന്നതിന് അത്താണിയിൽ വന്നെന്നുമാണു പൊലീസിനു നൽകിയ വിശദീകരണം. ക്ഷേത്രക്കുളത്തിൽ  കുളിക്കാനെത്തിയപ്പോൾ നാട്ടുകാരാണു വിവരം തിരക്കിയത്. 

കോവിഡ് നെഗറ്റീവാണെന്നു സ്ഥിരീകരിച്ച് ഡൽഹി ഡിഎംഒ നൽകിയ സർട്ടിഫിക്കറ്റ് ദേഹപരിശോധനാ വേളയിൽ ഹാജരാക്കിയതോടെ ആശുപത്രിയിൽ കിടത്താൻ ഡോക്ടർമാർ  വിസമ്മതിച്ചു. ദേശമംഗലം കൊട്ടിപ്പാറക്കലുള്ള ആശ്രമത്തിൽ ക്വാറന്റീനിലാക്കാൻ ശ്രമിച്ചെങ്കിലും ആശ്രമം അധികൃതർ തയാറായില്ല. തുടർന്ന് പാഞ്ഞാളിലുള്ള ജ്യോതി എൻജിനീയറിങ് കോളജിലെ ക്വാറന്റീൻ കേന്ദ്രത്തിലാക്കിയിരിക്കുകയാണ്. ക്വാറന്റീൻ നിർദേശങ്ങൾ ലംഘിച്ച കുറ്റത്തിനു പൊലീസ് കേസെടുത്തിട്ടുണ്ട്.

സമൂഹമാധ്യമങ്ങളിൽ വ്യാജ സന്ദേശം; അത്താണി നിശ്ചലം

മുളങ്കുന്നത്തുകാവ് ∙ കോവിഡ് സ്ഥിരീകരിച്ചു എന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ വ്യാജസന്ദേശം പ്രചരിച്ചതിനെ ത്തുടർന്ന് അത്താണി സെന്റർ മണിക്കൂറുകളോളം നിശ്ചലമായി. തുറന്ന കടകളിൽ പെട്ടെന്ന് ആളൊഴിഞ്ഞു. വീടുകളിൽ നിന്ന് പുറത്തിറങ്ങാൻ പലരും ആശങ്കപ്പെട്ടു. വിവിധ ആവശ്യങ്ങൾക്കായി സെന്ററിൽ എത്തിയവരാകട്ടെ പെട്ടെന്ന് വീടുകളിലേക്കു മടങ്ങി.  നാട്ടുകാർ പരസ്പരം ഫോണിൽ ബന്ധപ്പെട്ട് വാർത്തയുടെ നിജസ്ഥിതി അന്വേഷിക്കാൻ തുടങ്ങി. ദൂരെയുള്ള ബന്ധുക്കളും ഇവിടേക്കു ഫോൺവിളി തുടങ്ങി.  ക്വാറന്റീൻ ലംഘിച്ചനിലയിൽ കണ്ടെത്തിയ കോട്ടയം സ്വദേശിക്ക് രോഗമില്ലെന്ന് മെഡിക്കൽ കോളജ് അധികൃതർ സ്ഥിരീകരിക്കുന്നതുവരെ ഭീതിയുടെ മുൾമുനയിലായിരുന്നു അത്താണിയും പരിസരവും. 

വ്യാജസന്ദേശം പ്രചരിപ്പിച്ച 3 പേരെ അറസ്റ്റു ചെയ്തു

വടക്കാഞ്ചേരി ∙ കോവിഡ് രോഗി അത്താണിയിൽ എത്തിയെന്ന് വാട്സാപ്പിലൂടെ വ്യാജസന്ദേശം അയച്ച കുറ്റത്തിന് അമ്പലപുരം പുളിക്കൽ അനന്തുവിനെയും(28) സന്ദേശം പങ്കുവച്ച കുറ്റത്തിന് അത്താണി കരുമത്തിൽ സുജിത്ത്(27), പൂമല പുല്ലാനക്കുഴിയിൽ എൽദോസ്(27) എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തു. 

വയോധികനെതിരെ കേസെടുത്തു

പാഞ്ഞാൾ ∙ക്വാറന്റീൻ നിർദേശങ്ങൾ ലംഘിച്ച് പുറത്തിറങ്ങി നടന്ന പാഞ്ഞാൾ സ്വദേശിയായ വയോധികനെതിരെ ചെറുതുരുത്തി പൊലീസ് കേസെടുത്തു. കുടുംബത്തോടെ ക്വാറന്റീനിൽ കഴിയുന്നതിനിടെ വയോധികൻ ഇടയ്ക്കിടെ പുറത്തിറങ്ങാറുണ്ടെന്നു നാട്ടുകാർ പരാതിപ്പെട്ടിരുന്നു. ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിൽ വയോധികനെ ഉച്ചയ്ക്ക് വീടിനു സമീപത്തെ പാടത്ത് കണ്ടെത്തുകയായിരുന്നു. മകളും കുട്ടിയും 22 ന് ചെന്നൈയിൽനിന്ന് എത്തിയതിനെ ത്തുടർന്നാണ് കുടുംബം ക്വാറന്റീനിലായത്. 

ക്വാറന്റീൻ ലംഘിച്ചു കറങ്ങിയതിനു കേസ്

തിരുവില്വാമല∙ നവി മുംബൈയിൽ നിന്നെത്തി ക്വാറന്റീനിലിരിക്കേണ്ട സമയത്ത് കറങ്ങിനടന്ന വലിയപറമ്പിൽ അജിത്തിനെതിരെ (22) പൊലീസ് കേസെടുത്തു. എറണാകുളത്ത് ട്രെയിനിറങ്ങിയ യുവാവ് ബസ് മാർഗം തൃശൂരും ടാക്സിയിൽ തിരുവില്വാമലയിലും എത്തി. ഇവിടെ ഇയാൾ കയറിയ 2 എടിഎം കൗണ്ടറുകൾ പിന്നീട് അണു വിമുക്തമാക്കി.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com