ADVERTISEMENT

തൃശൂർ ∙ കൊടകരയിൽ ബുക്ക് ചെയ്താൽ കൊടുങ്ങല്ലൂരിൽ കിട്ടും. വാടാനപ്പള്ളിയിൽ  ബുക്ക് ചെയ്താൽ കോടാലിയിലും! ബവ്ക്യു ആപ്പിലൂടെ മദ്യത്തിനു ടോക്കൺ എടുത്തവരിൽ പലരും മദ്യപിക്കാതെ തന്നെ തലചുറ്റിയ അവസ്ഥയിലാണ്. ടോക്കൺ വിതരണം നടക്കുന്നതു തോന്നിയപടി. 50 കിലോമീറ്ററിലേറെ ദൂരമുള്ള മദ്യശാലകളിൽ ടോക്കൺ ലഭിച്ച പലരും മദ്യം വേണ്ടെന്നുവച്ചു. 

ചില ബാറുകളിൽ ടോക്കണുകൾ കൂട്ടത്തോടെ ലഭിക്കുമ്പോൾ മറ്റു ബാറുകളിലും ബവ്കോ ഔട്ട്‌ലെറ്റുകളിലും ടോക്കൺ ലഭിക്കുന്നതു വല്ലപ്പോഴും മാത്രം. ബാറുകളും ബവ്കോ ഔട്‌ലെറ്റുകളും ഒരേപോലെ പ്രത‍ികരിക്കുന്നത് ഒറ്റക്കാര്യത്തിൽ മാത്രം; മദ്യവിൽപന ആദ്യത്തെ ദിവസത്തിന്റെ പകുതിപോലും രണ്ടാംദിവസം നടന്നിട്ടില്ല. 

ടോക്കണില്ലാതെയും മദ്യം

രാവിലെ 9 വരെ ബവ്ക്യു ആപ്പിലൂടെ മദ്യം ബുക്ക് ചെയ്യാൻ ശ്രമിച്ച പലരും കണ്ടത് കണക്‌ഷൻ തകരാർ എന്ന സന്ദേശമാണ്. 9നു ശേഷം ബുക്ക് ചെയ്യാൻ ശ്രമിച്ചപ്പോൾ ദൃശ്യമായത് ‘9മണിവരെ മാത്രം ബുക്കിങ്’ എന്ന സന്ദേശവും. ഇതോടെ ബുക്കിങ് കുത്തനെ കുറഞ്ഞു. ചില ബാറുകളിൽ സ്റ്റോക്ക് കുറവായിരുന്നെങ്കിലും സ്റ്റോക്കുള്ള ബാറുകളിലൊന്നും വലിയ തിരക്കു പ്രകടമായില്ല. രാവിലെ 10.30 കഴിഞ്ഞിട്ടും ഒരാൾ പോലും ടോക്കണുമായി എത്താത്ത മദ്യശാലകളുണ്ട്. 

ഇതോടെ ചില സ്ഥലങ്ങളിൽ ബാറുകളിൽ ടോക്കൺ ഇല്ലാതെ രഹസ്യമായി മദ്യവിൽപന തുടങ്ങി. ഇത്തരം മദ്യശാലകളിൽ ജനത്തിരക്കേറ‍ിയതോടെ പൊലീസ് ഇടപെട്ടു വിൽപന നിർത്തിച്ചു. ടോക്കൺ കാണിക്കുന്നവർക്കു മാത്രം മദ്യം നൽകിയാൽ മതിയെന്നു കർശന നിർദേശം കൊടുത്തു. ബാറുകളിൽ സ്റ്റോക്ക് തീർന്നുവെന്നു സമൂഹമാധ്യമങ്ങളിലൂടെ വ്യാപക പ്രചാരണം ഉണ്ടായെങ്കിലും സ്റ്റോക്ക് തീർന്നിട്ടില്ലെന്നാണ് വിവരം. ടോക്കൺ കുത്തനെ കുറഞ്ഞതു കാരണം സ്റ്റോക്കിലെ കുറവു പ്രകടമായില്ല.

പല ബാറുകളിലും തീരെ വിലകുറഞ്ഞ ലോക്കൽ മദ്യം മാത്രമാണ് കൊടുക്കുന്നത്. ഒരു ലീറ്ററിന്റെയോ അര ലീറ്ററിന്റെയോ കുപ്പികൾ സ്റ്റോക്കില്ലെന്നാണ് പലയിടത്തും ജനത്തിനു ലഭിക്കുന്ന മറുപടി. ‘പൈന്റ്’ വലുപ്പത്തിലുള്ള കുപ്പികളാണ് പലയിടത്തും ലഭിക്കുന്നത്. ചില ബാറുകളിൽ ആപ്പ് വഴി ടോക്കൺ സ്കാൻ ചെയ്യുന്നതിൽ തടസ്സം നേരിട്ടു. ഇതോടെ ടോക്കണുമായി എത്തുന്നവരുടെ വിവരങ്ങൾ കുറിച്ചെടുത്ത ശേഷം മദ്യം നൽകി. ചാലക്കുടി പരിയാരത്ത് ആദ്യ ദിവസം സ്റ്റോക്ക് തീർന്നതു കാരണം ഇന്നലെ എത്തിയവർക്കു പകരം മദ്യം നൽകി. 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com