തെരുവിന്റെ മക്കൾ ,ഉണ്ണികൃഷ്ണന്റെ ‘സ്നേഹവരി’ക്കാർ

തൃശൂർ നഗരത്തിൽ കടത്തിണ്ണയിൽ അന്തിയുറങ്ങുന്ന അംഗപരിമിതനായ ശിവന് പത്രം നൽകുന്ന ഉണ്ണിക്കൃഷ്ണൻ.
തൃശൂർ നഗരത്തിൽ കടത്തിണ്ണയിൽ അന്തിയുറങ്ങുന്ന അംഗപരിമിതനായ ശിവന് പത്രം നൽകുന്ന ഉണ്ണിക്കൃഷ്ണൻ.
SHARE

തൃശൂർ∙ പത്തു വർഷമായി ആ കൊടുക്കൽ–വാങ്ങൽ മുടങ്ങാറില്ല. കൊടുക്കുന്നതു സൗജന്യ പത്രം, കിട്ടുന്നതു തെരുവു മക്കളുടെ സ്നേഹം. ചെമ്പൂക്കാവ്‌ കുണ്ടുവാറ പുതുവരിപ്പറമ്പിൽ ഉണ്ണികൃഷ്‌ണനും അനിയൻ ഉമേഷും ചേർന്നു നടത്തുന്ന പത്ര ഏജൻസിയാണ് വഴിയോരത്തുള്ള പത്തോളം പേരെ ‘സ്നേഹവരി’ക്കാരാക്കിയിരിക്കുന്നത്.‘നമ്മളെപ്പോലെ തന്നെ കുറച്ചു മനുഷ്യർ. 10 പത്രത്തിന്റെ വരുമാനം കുറഞ്ഞാലും വായിക്കാൻ ആഗ്രഹമുള്ളവർക്കു വാർത്തയും അറിവും പകരുന്ന സുഖം' -അതാണ്‌ ഉണ്ണികൃഷ്‌ണന്റെയും കുടുംബത്തിന്റെയും ആജീവാനന്ത ‘വരിസംഖ്യ’. ഷൊർണൂർ റോഡിലെ സരോജ ആശുപത്രിക്കു മുന്നിൽ ശിവനെ രാവിലെ 7നാണു കണ്ടുമുട്ടുക.

രാവിലത്തെ ചൂടു ചായ പോലൊരു പത്രം കെട്ടിൽ നിന്ന്‌ ശിവനു നേരെ നീളും. കടത്തിണ്ണ വിലാസമാക്കിയ അംഗപരിമിതനായ ശിവനടക്കം നഗരത്തിലെങ്ങും അങ്ങനെ പത്തോളം വായന പ്രേമികൾ.ഉണ്ണികൃഷ്‌ണനും അനിയൻ ഉമേഷും ചേർന്ന്‌ എണ്ണൂറിലധികം പത്രം നഗരത്തിൽ വിതരണം ചെയ്യുന്നുണ്ട്‌. തൃശൂർ താലൂക്ക്‌ ഓഫിസിനു മുൻപിലെ ഉണ്ണികൃഷ്‌ണന്റെ തട്ടുകടയിൽ വിൽക്കാൻ എടുക്കുന്ന പത്രങ്ങളിൽ നിന്നാണ് ഈ ഇഷ്ടദാനം.

മൈലിപ്പാടത്തെ ഇഎംഎസ്‌ വായനശാലയിലേക്കു കുട്ടികൾക്കായി ഏതാനും പത്രങ്ങളും ആനുകാലികങ്ങളും സമ്മാനിക്കുന്നുണ്ട്. അച്ഛന്റെ മരണ ശേഷം പന്ത്രണ്ടാം വയസ്സിൽ തുടങ്ങിയതാണ്‌ ഉണ്ണികൃഷ്‌ണന്റെ പത്ര പ്രയാണം. പുലർച്ചെ 3ന്‌ തുടങ്ങി 6 മണിക്കൂർ നീളുന്ന നഗരി ചുറ്റൽ. 10 മണിയോടെ കടയിലെത്തും. തിരികെ വീട്ടിലെത്തുമ്പോൾ രാത്രി 7. ഈ കാലമത്രയും കക്ഷി രാഷ്ട്രീയ ഭേദമന്യേ പത്ര വിതരണം വഴി കിട്ടിയതാണ് നഗര സ്നേഹം. വഴിയോര കച്ചവടക്കാരുടെ യൂണിയൻ (സിഐടിയു) ഏരിയ വൈസ്‌ പ്രസിഡന്റാണ്‌ ഉണ്ണികൃഷ്‌ണൻ.

കുഞ്ഞൻ പുസ്തകങ്ങൾ സമ്മാനിച്ച് ഗിന്നസ് സത്താർ

എരുമപ്പെട്ടി ∙ വിദേശത്തു നിന്നെത്തി ക്വാറന്റീനിൽ കഴിയുന്ന പ്രവാസികൾക്കും ആരോഗ്യ പ്രവർത്തകർക്കും വായനാദിനത്തോടനുബന്ധിച്ചു കുഞ്ഞൻ പുസ്തകങ്ങൾ എത്തിച്ചു നൽകി ഗിന്നസ് സത്താർ.3 സെന്റിമീറ്റർ നീളവും 1ഗ്രാം തൂക്കവുമുള്ള നഗ്നനേത്രങ്ങൾ കൊണ്ട് വായിക്കാൻ കഴിയുന്ന 93 മിനി കഥകളുടെ സമാഹാരമായ ‘ആധാർ’ എന്ന കുഞ്ഞു പുസ്തകങ്ങളാണ് സത്താർ വെള്ളറക്കാട് തേജസ് എൻജിനീയറിങ് കോളജിൽ കഴിയുന്ന 35 പ്രവാസികൾക്കു നൽകിയത്.

പുസ്തകങ്ങൾ ക്വാറന്റീൻ കേന്ദ്രം കോ–ഓർഡിനേറ്റർ അനൂഷ് സി. മോഹൻ, കടങ്ങോട് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ജലീൽ ആദൂർ എന്നിവർ ഏറ്റു വാങ്ങി. ഒരു സെന്റീ മീറ്ററിനും 5 സെന്റീ മീറ്ററിനും ഇടയിലുള്ള വ്യത്യസ്തമായ 3137 മിനിയേച്ചർ ബുക്കുകൾ തയാറാക്കിയാണു സത്താർ ഗിന്നസ് റെക്കോർഡിൽ ഇടം നേടിയത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN thrissur
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA