ADVERTISEMENT

ചാവക്കാട്, തളിക്കുളം∙ ജില്ലയിൽ രണ്ടിടത്തായി 2 യുവാക്കൾ കടലിൽ മരിച്ചു. ചാവക്കാട് ബ്ലാങ്ങാടും തളിക്കുളം തമ്പാൻകടവിലുമാണ് അപകടം. ബ്ലാങ്ങാട് സുഹൃത്തുക്കളായ 5 പേരാണ് തിരയിൽപ്പെട്ടത്. ഇതിൽ 2 പേരെ കണ്ടെത്താനായില്ല. 2 പേർ  രക്ഷപ്പെട്ടു. ഇരട്ടപ്പുഴ കുമാരൻപ്പടി ചക്കര ബാബുരാജിന്റെ മകൻ വിഷ്ണുരാജാണ് (വിഷ്ണു–19) ബ്ലാങ്ങാട് മരിച്ചത്. വാടാനപ്പള്ളി സൗത്ത് ജുമാ മസ്ജിദിനു വടക്ക് വലിയകത്ത് വീട്ടിൽ മുജീബിന്റെ  മകൻ അബ്ദുൽ ബാസിത്താണ് (17) തളിക്കുളത്ത് മരിച്ചത്.

ബ്ലാങ്ങാട് തീരത്ത് കളിച്ചുകൊണ്ടിരിക്കെ കടലിൽ വീണ ഫുട്ബോൾ എടുക്കാനിറങ്ങിയപ്പോഴാണ് സംഘം അപകടത്തിൽപ്പെട്ടത്. ഇരട്ടപ്പുഴ സ്വദേശികളായ വലിയകത്ത് ജനാർദനന്റെ മകൻ ജിഷ്ണു(23), കരിമ്പാച്ചൻ സുബ്രഹ്മണ്യന്റെ മകൻ ജഗന്നാഥ്(20) എന്നിവരെ കണ്ടെത്താനായില്ല. ഒപ്പം തിരയിൽപ്പെട്ട ഇരട്ടപ്പുഴ ആലിപ്പരി മോഹനന്റെ മകൻ സരിനെ (ചിക്കു–20) മത്സ്യത്തൊഴിലാളികൾ രക്ഷിച്ചു.ഇരട്ടപ്പുഴ ചക്കര ബാലകൃഷ്ണന്റെ മകൻ കണ്ണൻ(20) നീന്തിക്കയറി. രാവിലെ 8.45 നാണ് സംഭവം.

കാണാതായവർക്കുവേണ്ടി കോസ്റ്റൽ ഗാർഡിന്റെ ഹെലികോപ്റ്ററും  കോസ്റ്റൽ പൊലീസും ചാവക്കാട് പൊലീസും  അഗ്നിരക്ഷാസേനയും തിരച്ചിൽ തുടരുന്നു. കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയപ്പോഴാണ് അബ്ദുൽ ബാസിത്ത് തിരയിൽപ്പെട്ടത്. വാടാനപ്പള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർഥിയാണ്. രാവിലെയാണ് സംഭവം. മത്സ്യത്തൊഴിലാളികൾ ബാസിത്തിനെ കരയിലെത്തിച്ചെങ്കിലും  രക്ഷിക്കാനായില്ല. മാതാവ്: സബീന. സഹോദരങ്ങൾ: കാസിം,ബാസിമ. വിഷ്ണുരാജിന്റെ സംസ്കാരം പിന്നീട്. വിഷ്ണുരാജിന്റെ അമ്മ ലിജി. സഹോദരങ്ങൾ: കൃഷ്ണരാജ്, ശിവരാജ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com