ADVERTISEMENT

ചാലക്കുടി ∙ ടീച്ചറേ, എനിക്ക് പരീക്ഷയിൽ ഫുൾ എ പ്ലസാണോ. എന്ന് അച്ഛൻ പറഞ്ഞു. സത്യമാണോ? ഞാൻ മാത്രം അറിഞ്ഞില്ലല്ലോ ടീച്ചറേ....  ആദിവാസി പെൺകുട്ടി വിജയവിശേഷമറിഞ്ഞ് അധ്യാപകരെ വിളിച്ചപ്പോൾ ആദ്യം, ഒറ്റശ്വാസത്തിൽ പറഞ്ഞതാണീ വാക്കുകൾ. 150 കിലോമീറ്റർ സഞ്ചരിച്ചെത്തി എസ്എസ്എൽസിയെഴുതി ഫുൾ എ പ്ലസ് നേടിയ ശ്രീദേവി, ജൂൺ 30നു പ്രഖ്യാപിച്ച വിജയമറിഞ്ഞതു ജൂലൈ 4ന് രാത്രി 8 മണിയോടെ. ഫലം പ്രഖ്യാപിച്ചയന്ന് ശ്രീദേവി ആ സന്തോഷവാർത്ത അറിഞ്ഞിരിക്കില്ലെന്നു മനോരമ നേരത്തെ സൂചന നൽകിയിരുന്നു. 

കാട്ടു വഴിയിലൂടെ നടന്നും ഓടിയും മൊബൈൽ ഫോണിനു റേഞ്ചുള്ള ഭാഗത്തെത്താൻ ഇവൾ നടന്നത് 7 കിലോമീറ്ററോളം. അധ്യാപകരോടു കാര്യങ്ങൾ പറഞ്ഞു തീരും മുൻപേ മൊബൈൽ ഫോണിലെ പൈസ തീർന്നു. ഇക്കാര്യം മനസ്സിലാക്കിയ അധ്യാപിക മൊബൈൽ ഫോൺ റീ ചാർജ് ചെയ്തു നൽകി. അടുത്ത വിളിയിൽ അവളാദ്യം തിരക്കിയത് തന്റെ കൂട്ടുകാരുടെ വിജയത്തെക്കുറിച്ച്. എല്ലാവരും ജയിച്ചെന്നും സ്മേരയ്ക്കും ഐശ്വര്യയ്ക്കും ഫുൾ എ പ്ലസുണ്ടെന്നും പറഞ്ഞതോടെ അവൾ തുള്ളിച്ചാടി. 

20 കിലോമീറ്റർ അകലെയുള്ള ബന്ധുവിന്റെ ഫോണിൽ അധ്യാപകർ വിളിച്ചുപറഞ്ഞ സന്ദേശം പിറ്റേന്നു തന്നെ അറിയിക്കാമെന്നു ബന്ധുക്കൾ പറഞ്ഞിരുന്നു. കനത്ത മഴ കാരണം  കാട്ടുവഴി താണ്ടി ശ്രീദേവിയുടെ ഊരിലേക്കു പോകാൻ അവർക്കായില്ല. അച്ഛൻ ചെല്ലമുത്തു ശനിയാഴ്ച ബന്ധുവിന്റെ വീട്ടിലെത്തിയപ്പോഴാണു  മകളുടെ ജയം അറിഞ്ഞത്. അദ്ദേഹം രാത്രിയോടെ തിരിച്ചെത്തി ശ്രീദേവിയെ അറിയിച്ചെങ്കിലും അധ്യാപകരോട് നന്ദി പറയാനായില്ല. 

ചാലക്കുടി നായരങ്ങാടി ഗവ. മോഡൽ റസിഡൻഷ്യൽ സ്കൂളിലെ വിദ്യാർഥിനിയായ ശ്രീദേവി പൊള്ളാച്ചിക്കടുത്ത ഉൾക്കാടിനകത്തെ ആദിവാസി ഊരിൽ നിന്ന് 150 കിലോമീറ്റർ സഞ്ചരിച്ച് എസ്എസ്എൽസി പരീക്ഷ എഴുതിയത് വാർത്തകളിൽ നിറഞ്ഞിരുന്നു. റോഡ് വരെ കാട്ടിലൂടെ നടന്നും  തുടർന്ന് അച്ഛന്റെ ബൈക്കിൽ 70 കിലോമീറ്റർ സഞ്ചരിച്ച് മലക്കപ്പാറയിൽ സംസ്ഥാനാതിർത്തി വരെ വന്ന ശേഷം ആംബുലൻസിൽ സ്കൂളിലെത്തിയാണു ശ്രീദേവി പരീക്ഷ എഴുതിയത്. 

സ്കൂളിലെ ഹോസ്റ്റലിൽ താമസിച്ചു പഠിച്ച ശ്രീദേവി, ലോക് ഡൗൺ കാരണം പരീക്ഷ നീട്ടിയതോടെയാണു നാട്ടിലേക്കു മടങ്ങിയത്. പരീക്ഷാവിവരം അറിയാനും ബുദ്ധിമുട്ടിയിരുന്നു. പൊള്ളാച്ചി തിരുമൂർത്തിമലയിലെ കാടംപാറ കോളനിയിലേക്ക് റോഡ് മാർഗം എത്താവുന്നിടത്ത് നിന്ന് 6 കിലോമീറ്റർ കാട്ടുവഴി താണ്ടി വേണം ഊരിലെത്താൻ.  കോവിഡ് നിയന്ത്രണങ്ങളുള്ളതിനാൽ ഒറ്റയ്ക്ക് ഒരു മുറിയിലായിരുന്നു പരീക്ഷ. തുടർന്ന് ദിവസങ്ങളോളം സ്കൂളിലെ മുറിയിൽ ഒറ്റയ്ക്ക് ക്വാറന്റീനിൽ കഴിയുകയും ചെയ്തു. ആരോഗ്യ വകുപ്പ് അനുമതി നൽകിയതോടെ മേയ് 31നാണ് ഊരിലേക്കു മടങ്ങിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com