ADVERTISEMENT

ഇരിങ്ങാലക്കുട ∙ ക്ലാസ്റൂമിലിരുന്നു കാക്കയുടെയും പൂച്ചയുടെയും ശബ്ദമുണ്ടാക്കുന്ന വികൃതിപ്പയ്യനെക്കൊണ്ട് അധ്യാപകർ വലഞ്ഞപ്പോൾ അമ്മ തീരുമാനിച്ചു: ടിസിവാങ്ങി മകനെ മറ്റൊരു സ്കൂളിലേക്കു മാറ്റുക. ഏതു സ്കൂളിൽ ചെന്നാലും മകന്റെ ഗതി ഇതുതന്നെയാകുമല്ലോ എന്നോർത്ത് അമ്മ സൗമ്യ സങ്കടപ്പെട്ടു.  ഇരിങ്ങാലക്കുട എസ്എൻ സ്കൂളിലേക്കു മകനെ മാറ്റിച്ചേർത്തപ്പോഴും സ്ഥിതിയിൽ മാറ്റമുണ്ടായില്ല. ക്ലാസ്മുറിയിൽ നിന്നു മൃഗങ്ങളുടെ ശബ്ദം പ്രവഹിച്ചുകൊണ്ടിരുന്നു.  വീണ്ടും ട‍ിസി പ്രതീക്ഷിച്ച അമ്മയെ ഞെട്ടിച്ചുകൊണ്ട് മകൻ കയറിപ്പോയത് ചാനൽ സ്റ്റുഡിയോകളിലേക്കാണ്! അനുകരണകലയിൽ അനുഗ്രഹീതൻ എന്ന വിശേഷണവുമായി അനുഗ്രഹ് ഉയരങ്ങളിലേക്കു പറന്നതിന് കാരണം എൻ.എസ്. സുമിതയെന്ന അധ്യാപികയും  . 

പൊറത്തിശ്ശേരി സുഭാഷ് നഗറിൽ പേടിക്കാട്ടുപറമ്പിൽ സുരേഷ്–സൗമ്യ ദമ്പതികളുടെ മൂത്തമകനാണ് അനുഗ്രഹ് (11). മൃഗങ്ങളോട്  ഏറെ സ്നേഹമാണ് അനുഗ്രഹിന്. സ്കൂളിൽ ചേർത്തതോടെ അധ്യാപകരുടെയും സഹപാഠികളുടെയും പരാതിപ്രവാഹമായി. ക്ലാസ്മുറിയിൽ ഉച്ചത്തിൽ മൃഗങ്ങളുടെ ശബ്ദം അനുകരിക്കുന്നതു പതിവായതോടെ അധ്യാപകർ അനുഗ്രഹിനെ കയ്യൊഴിഞ്ഞു. എന്നാൽ, സ്കൂളിലെ നല്ലപാഠം കോ–ഓർഡിനേറ്റർ കൂടിയായ അധ്യാപിക എൻ.എസ്. സുമിത അനുഗ്രഹിനെ ഏറ്റെടുത്തു.  മൃഗങ്ങളുടെ ശബ്ദം അനുഗ്രഹ് അനുകരിക്കുന്നത് അസാമാന്യ മികവോടെയാണെന്നു മനസ്സിലാക്കിഅവർ പ്രോത്സാഹിപ്പിക്കാൻ തുടങ്ങി. ‌ഇതോടെ കുട്ടിയുടെ സ്വഭാവത്തിൽ കാര്യമായ മാറ്റങ്ങൾ വന്നുതുടങ്ങി.

കോഴി, നായ, മയിൽ, പശു, എരുമ, സിംഹം, ചിമ്പാൻസി, ഹിപ്പോപ്പൊട്ടാമസ് തുടങ്ങിയവയുടെ ശബ്ദം മനോഹരമായി അനുകരിക്കാൻ തുടങ്ങി. മയിലിന്റെ ശബ്ദം അനുഗ്രഹ് അനുകരിക്കുമ്പോൾ സമീപത്തെ പറമ്പുകളിലെ മയിലുകൾ വീടിനു മുകളിലേക്കു പറന്നെത്താൻ തുടങ്ങി. കഴിഞ്ഞ വർഷത്തെ ഉപജില്ലാ കലോത്സവത്തിൽ ഒരു പരിശീലനവുമില്ലാതെ പങ്കെടുത്ത് എ ഗ്രേഡ് സ്വന്തമാക്കി.  പിന്നീടങ്ങോട്ടു വേദികളുടെ സ്വഭാവം മാറി. സ്കൂൾ മാനേജ്മെന്റും സഹ അധ്യാപകരും പിന്തുണച്ചതോടെ 2 മുൻനിര ചാനലുകളിൽ അടക്കം 20 ലേറെ വലിയ വേദികളിൽ കഴിവു പ്രകടിപ്പിച്ചു. മൃഗങ്ങളുടെ വ്യത്യസ്ത മുഖഭാവങ്ങൾ വരയ്ക്കുന്നതിലും അനുഗ്രഹ് മിടുക്കനാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com