ADVERTISEMENT

ചാലക്കുടി ∙ ഓൺലൈൻ പഠന സഹായത്തിനായി ചായ്പൻകുഴി ഗവ. ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകർ ടിവി എത്തിച്ചു നൽകിയപ്പോൾ ഒൻപതാം ക്ലാസ് വിദ്യാർഥി വേദനാഥ് ചോദിച്ചു, ഇത് എവിടെ വയ്ക്കും ടീച്ചറേ? ഉത്തരം പറയാനാകാതെ ഉള്ളുലഞ്ഞാണ് അധ്യാപകർ ടിവി സമ്മാനിച്ചത്.

കോടശേരി പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ പാലയ്ക്ക സന്തോഷിന്റെ മൂന്നു മക്കളിൽ രണ്ടാമനാണു വേദനാഥ്. 4 തൂണുകളിൽ പ്ലാസ്റ്റിക് ഷീറ്റുകൾ വലിച്ചു മറച്ച ചോരുന്നൊരു കുടിലിൽ നാലാം ക്ലാസിൽ പഠിക്കുന്ന അനുജത്തി അടക്കം അഞ്ചംഗ കുടുംബത്തിനു നിന്നു തിരിയാൻ പോലും സ്ഥലമില്ല. സന്നദ്ധ സംഘടനകളുടെയും പൂർവ വിദ്യാർഥി സംഘടനയുടെയും സഹായത്തോടെയും എംഎൽഎ ഫണ്ടിൽ നിന്നുമായി സ്കൂളിൽ 30 ടിവികൾ അധ്യാപകർ വിദ്യാർഥികളുടെ ഓൺലൈൻ പഠനത്തിനായി സംഘടിപ്പിച്ചിരുന്നു.

ടിവി നൽകാൻ എത്തിയപ്പോഴാണ് ജീവിതത്തിന്റെ ദയനീയ ചിത്രം മുന്നിൽ കണ്ടതെന്ന് അധ്യാപിക മഞ്ജുഷ വിത്സൺ പറഞ്ഞു. കൊച്ചു കുടിലിൽ വൈദ്യുതി സേവാഭാരതിയുടെ സഹായത്തോടെ വൈദ്യുത കണക്‌ഷൻ ലഭിച്ചു. രക്ഷിതാക്കൾ കൂലിവേല ചെയ്താണ് കുടുംബം നോക്കുന്നത്. മഴ ശക്തമാകുകയും കുടിലിന്റെ ചോർച്ച കൂടുകയും ചെയ്തതോടെ ഇവർ ബന്ധു വീട്ടിലേക്കു ടീവി മാറ്റി സ്ഥാപിച്ചു. അവിടെയാണ് കുട്ടികളുടെ പഠനം. പഞ്ചായത്തിൽ അപേക്ഷിച്ചെങ്കിലും ഇനിയും വീട് അനുവദിച്ചില്ലെന്നു സന്തോഷ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com