ADVERTISEMENT

ചാവക്കാട്∙ ദിലീപിന്റെ ക്യാമറയ്ക്ക് മിന്നുന്ന ഫ്ലാഷുകളില്ല. മഞ്ജുവിന്റെ നൃത്തച്ചുവടുകൾക്കൊപ്പം ചിലമ്പൊലിയുമില്ല. ജീവിതത്തിന്റെ അടുക്കളയിൽ ഇരുവരും പെ‌ാരിച്ചെടുക്കുന്നത്  അതിജീവനത്തിന്റെ മധുരം. മണത്തല മടേക്കടവിൽ ഫ്രീലാൻസ് ഫൊട്ടോഗ്രഫറായ ദിലീപും ‘ദിയ സ്കൂൾ ഓഫ് ഡാൻസ്’ എന്ന നൃത്തവിദ്യാലയം നടത്തുന്ന ഭാര്യ മഞ്ജുവും കോവിഡിന്റെ പ്രതിസന്ധിയെ മറികടക്കാൻ കോഴിക്കോടൻ വിഭവങ്ങളുടെ പുത്തൻരുചികൾ തീർക്കുകയാണ്. പ്രണയിച്ച് ഒന്നായിതീർന്ന മണത്തല മടേക്കടവ് സ്വദേശിയായ ദിലീപും കോഴിക്കോട് നടക്കാവ് സ്വദേശിനിയായ മഞ്ജുവും അവരവരുടെ മേഖലകളിൽ മുന്നേറികൊണ്ടിരുന്നപ്പോഴാണ് കോവിഡ് ജീവിതത്തെ മാറ്റിമറിച്ചത്.  മക്കളുടെ ഫീസടയ്ക്കാൻ കഴിയാതെ വന്നപ്പോഴാണ് പലഹാരങ്ങളുണ്ടാക്കി വിൽക്കാമെന്ന ആശയം ഉദിച്ചത്. അധ്യാപികയിൽ നിന്നു മഞ്ജു അടുക്കളയിലേക്ക് ചുവട് മാറി.

ചട്ടിപ്പത്തിരിയും മുട്ടസുർക്കയും പഴംപൊരിയും ഇലഅടയും ഉണ്ണിയപ്പവും ബജിയും നെയ്യപ്പവും  രുചിയുടെ വകഭേദങ്ങളായി. പുലർച്ചെ 3ന് വീടിനോട് ചേർന്ന അടുക്കളയിൽ മഞ്ജു ജോലി ആരംഭിക്കും. വിഭവങ്ങൾ പുലർച്ചെ 5 മുതൽ ആവശ്യക്കാർക്ക് എത്തിക്കുന്ന ജോലി ദിലീപിന്റേതാണ്. അടുത്ത പരിചയക്കാരെയും സുഹൃത്തുക്കളെയും ഉൾപ്പെടുത്തി ‘ഹോം ഫ്രഷ് സ്നേക്സ്’ എന്ന വാട്സ് ആപ് കൂട്ടായ്മയും ഉണ്ടാക്കി. ഓർഡറുകൾ ഇതിലൂടെയും വന്നുതുടങ്ങി. വൈകിട്ട് 5 വരെ പലഹാരങ്ങൾ വീടുകളിലെത്തിച്ചു നൽകും. ഗുരുവായൂർ ദേവസ്വം ഇംഗ്ലിഷ് മീഡിയം സ്കൂൾ കെജി സെക്‌ഷൻ, തിരുവത്ര ശ്രീനാരായണ വിദ്യാനികേതൻ സെൻട്രൽ സ്കൂൾ എന്നിവിടങ്ങളിൽ നൃത്തം പഠിപ്പിച്ചിരുന്നു മഞ്ജു. നൃത്തവിദ്യാലയം മടേക്കടവിലും എടക്കഴിയൂരിലും നടത്തുന്നുണ്ട്.  മമ്മിയൂർ എൽഎഫ്സിയുപി സ്കൂൾ വിദ്യാർഥിനി ദിയയും  തിരുവത്ര ശ്രീനാരായണ വിദ്യാനികേതനിലെ വിദ്യാർഥി ദക്ഷിതും മക്കളാണ്.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com