ADVERTISEMENT

കൊടുങ്ങല്ലൂർ ∙ മലവെള്ളപ്പാച്ചിലിൽ 100 കിലോമീറ്ററിലേറെ ഒഴുകിയെത്തിയ കൊമ്പനാനയുടെ ജഡം കാഞ്ഞിരപ്പുഴയിൽ കോട്ടപ്പുറത്ത് അടുപ്പിച്ചു. 20 വയസ്സ് പ്രായം തോന്നിക്കുന്ന കൊമ്പന്റെ ഒരാഴ്ച പഴക്കമുള്ള ജഡമാണു ഒഴുകിയെത്തിയത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നിനു ഉൾനാടൻ ജലഗതാഗത വിഭാഗം ടെർമിനലിനു സമീപം വടം ഉപയോഗിച്ചു ജഡം കരയ്ക്കടുപ്പിക്കുകയായിരുന്നു. രാവിലെ 6.30 ന് പെരിയാറിൽ കാലടി ചൗക്കയിലാണ് വനം വകുപ്പ് അധികൃതർ ജ‍ഡം കണ്ടത്.

അവിടം മുതൽ വനം വകുപ്പ് പെരുമ്പാവൂർ ഫ്ലൈയിങ് സ്ക്വാഡും സ്പെഷൽ ഫോറസ്റ്റ് പ്രൊട്ടക്ഷൻ ഫോഴ്സും നിരീക്ഷിച്ചു. മാഞ്ഞാലിപ്പുഴ വഴി ഗോതുരുത്ത് കടവിനടുത്തെത്തി. അവിടെ വച്ചു തടയാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. അഴീക്കോട് അഴിമുഖ കവാടത്തിലേക്കു ഒഴുകുകയായിരുന്നു. ഇതോടെ ഗോതുരുത്തിൽ നിന്നു ബോട്ട് മാർഗം വനം വകുപ്പ് അധികൃതർ പിന്തുടർന്ന് കോട്ടപ്പുറത്ത് അടുപ്പിക്കുകയായിരുന്നു.

നേര്യമംഗലത്ത് നിന്നു ഭൂതത്താൻ കെട്ട് ഡാം വഴി ജഡം ഒഴുകി എത്തിയതാണെന്നാണ് വനം വകുപ്പ് നിഗമനം. കോട്ടപ്പുറത്ത് നിന്നു മാറ്റിയ ജഡം ചാലക്കുടി ഫോറസ്റ്റ് ഡിവിഷന്റെ പരിധിയിൽ ഇന്നു പോസ്റ്റ്മോർട്ടം നടത്തി സംസ്കരിക്കും.ഡിഎഫ്ഒമാരായ രാജു കെ. ഫ്രാൻസിസ്, ടി.സി. ത്യാഗരാജ്, കെ.വി. വിനോദ് എന്നിവർ സ്ഥലത്തെത്തി. ഫോറസ്റ്റ് ഓഫിസർമാരായ എം.വി. ജോഷി, ജെ.ബി. സാബു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ജഡം കരയ്ക്കടുപ്പിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com