കൊടകരയിലൊരു ചെമ്പടവട്ടം; കൊട്ടിക്കേറ്റം ഫുജൈറയിൽ

thrissur-kodakara-unni
കൊടകര ഉണ്ണി
SHARE

കൊടകര ∙ പാഞ്ചാരിയുടെ ചെമ്പടവട്ടങ്ങൾ കേട്ട് കൂടെ കൊട്ടുകയാണ് കാനഡയിലെ ആൽബർട്ടയിലും യുഎഇയിലെ ഫുജൈറയിലുമുള്ള ചിലർ. കൊടകരയിലെ വീട്ടിൽ നിന്നാണ് ഈ കൊട്ടിന്റെ ഉത്ഭവം. പാഞ്ചാരിയുടെ അക്ഷരകാലങ്ങളെ  ഓൺലൈനിലൂടെ ഏഴാംകടലിനക്കരെയുള്ള ശിഷ്യർക്കു പകർന്നു നൽകുകയാണു കൊടകര ഉണ്ണിയെന്ന മേളകലാകാരൻ.   കോവിഡ് മഹാമാരിയിൽ ഉത്സവങ്ങൾ ഉപേക്ഷിച്ചതോടെ ദുരിതക്കയത്തിലായ വാദ്യകലാകാരൻമാരിലൊരാളാണ് ഉണ്ണി.

എൺപതിൽപരം ബാച്ചുകളിലായി ആയിരത്തി അഞ്ഞൂറിൽ അധികം പേർക്ക് പാഞ്ചാരിയുടെ താളവട്ടങ്ങൾ പകർന്നു നൽകിയിട്ടുണ്ട്. നാട്ടിലെ വിവിധ ക്ഷേത്രസങ്കേതങ്ങളെയും കലാസംഘടനകളെയും കേന്ദ്രീകരിച്ചായിരുന്നു പരിശീലനം. ശുദ്ധപാഞ്ചാരിയുടെ കണക്കും കാലങ്ങളും കോൽപെരുക്കങ്ങളും ഉണ്ണിയിൽ നിന്ന് അഭ്യസിച്ചവരിൽ 7 വയസ്സുകാർ മുതൽ സപ്തതി പിന്നിട്ടവർ വരെയുണ്ട്.

എൻജിനീയറിങ് വിദ്യാർഥികളും വിരമിച്ച അധ്യാപകരുമൊക്കെ ഉണ്ണിയുടെ ശിഷ്യഗണത്തിൽപ്പെടുന്നു. വളയിട്ട കൈകളിലും വാദ്യപ്പെരുക്കം വഴങ്ങുമെന്നു,  പത്തോളം വരുന്ന വനിതാശിഷ്യരിലൂടെ തെളിയിച്ചിട്ടുമുണ്ട്. 32 വർഷമായി തൃശൂർ പൂരത്തിൽ പാറമേക്കാവ് വിഭാഗത്തിന്റെ ഇലഞ്ഞിത്തറമേളത്തിൽ വലംതലയിൽ സജീവ സാന്നിധ്യമാണ്. 2017ൽ തൃശൂർ പൂരത്തിന്റെ ചെറുപൂരമായ കണിമംഗലത്തിന്റെ മേളപ്രമാണിയായിരുന്നു. 

ഓസ്‌ട്രേലിയയിലെ മെൽബണിലെ 13 പേരെ സ്‌കൈപ് ഉപയോഗിച്ചു പഞ്ചാരി അഭ്യസിപ്പിച്ചിരുന്നു. എന്നാൽ, കോവിഡ് കാലത്ത് അവർക്ക് ഒന്നിച്ചിരുന്നു പഠിക്കുന്നതു ബുദ്ധിമുട്ടായതിനാൽ ആ ക്ലാസ്സുകൾ താൽക്കാലികമായി നിർത്തി. മേയിലാണു മലയാളികളായ ലിജോ ജോസ് ഫുജൈറയിലും ജയകൃഷ്ണൻ കാനഡയിലും ഓൺലൈൻ ബാച്ചുകൾ ആരംഭിച്ചത്. യഥാക്രമം ബോട്ടിം ആപ്പിലും വാട്ട്‌സാപ്പിലുമാണു ക്ലാസുകൾ. 

വാദ്യകലാകാരൻമാരുടെ കൂട്ടായ്മയായ മേളകലാ സംഗീതസമിതിയുടെ സ്ഥാപക സെക്രട്ടറിയായ ഉണ്ണി വാദനകലയുടെ സാധക രീതികൾ, വാദ്യകലയിലെ നാദ നക്ഷത്രങ്ങൾ എന്നീ പുസ്തകങ്ങളുടെ രചയിതാവു കൂടിയാണ്. കോവിഡ് കാലത്ത് മുപ്പത്തോളം കവിതകളും രചിച്ചിട്ടുണ്ട്. വിശ്രമജീവിതം നയിക്കുന്ന വാദ്യ കലാകാരനായിരുന്ന അച്ഛൻ നാരായണൻ നായരും അമ്മ കുളങ്ങര അമ്മിണിയമ്മയും ഭാര്യ പ്രിയയും മക്കളായ അഭിഷേകും അഭിനവും അടങ്ങുന്നതാണ് ഉണ്ണിയുടെ കുടുംബം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN thrissur
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA