ADVERTISEMENT

തൃശൂർ ∙ കഴിഞ്ഞ ദിവസങ്ങളിൽ നഗരത്തിലെത്തിയവരുടെയും നഗരത്തിലെ സമരങ്ങൾ ടിവി ചാനലുകളിൽ കണ്ടവരുടെയും നോട്ടപ്പുള്ളിയായിരുന്നു ജലപീരങ്കി. സമരച്ചൂടു തണുപ്പിക്കാനുള്ള ഈ ആയുധം മാർച്ച് വരും മുൻപേ മാർച്ചിന്റെ ലക്ഷ്യ സ്ഥാനത്തെത്തി നിലയുറപ്പിക്കുന്നുണ്ട്. വെള്ളത്തിനു പാർട്ടി ഇല്ലാത്തതിനാൽ ആരെയും അടിച്ചു വീഴ്ത്തും ഈ പീരങ്കി. ദൂരെ നിന്നു കാണാൻ രസമാണെങ്കിലും അപകടകാരിയാണു പീരങ്കി. വെള്ളം ശരീരത്തിൽ പതിക്കുന്ന ശക്തിയിൽ തന്നെ പരുക്കു പറ്റാൻ സാധ്യതയുണ്ട്.

തറയിൽ വീഴുമ്പോൾ ഉണ്ടാകാൻ സാധ്യതയുള്ള അപകടങ്ങൾ വേറെ. തുടർച്ചയായ സമരങ്ങളും മാർച്ചുകളും നടക്കുന്നതിനിടെ ഇന്നലെയാണ് തൃശൂരിൽ ജലപീരങ്കിക്കു വിശ്രമം ഉണ്ടായത്. മഹിളാ മോർച്ചയുടെ മാർച്ച് എത്തുന്നതു കണക്കിലെടുത്ത് കമ്മിഷണർ ഓഫിസിനു സമീപം പീരങ്കി എത്തിച്ചെങ്കിലും വെള്ളം ചീറ്റിയില്ല. വേനൽക്കാലമായാൽ ഇപ്പോൾ ഉപയോഗിക്കുന്നതു പോലെ എല്ലാ സമരങ്ങളെയും നേരിടാൻ ജലപീരങ്കിയെ ആശ്രയിക്കില്ല.

ജലപീരങ്കിയുടെ വിശേഷങ്ങൾ :

∙ മുകളിൽ ഘടിപ്പിച്ച രണ്ടു പൈപ്പുകൾ (ഗൺ) വഴിയാണു വെള്ളം ചീറ്റുക.
∙ പീരങ്കിയുടെ ശേഷി: 13000 ലീറ്റർ. ഓടിപ്പോകുന്നവരെ തിരിച്ചറിയുന്നതിനായി നിറമുള്ള വെള്ളം ചീറ്റിക്കാൻ 500 ലീറ്റർ സംഭരണശേഷിയുള്ള രണ്ടു പ്രത്യേക ടാങ്കുകൾ.
∙ പ്രത്യേകത: 50 മീറ്റർ ദൂരെ നിൽക്കുന്നവരെപ്പോലും ശക്തിയോടെ വെള്ളം ചീറ്റി ഓടിക്കാൻ കഴിയും.
∙ വെള്ളത്തിന്റെ ശക്തി കൂട്ടാനും കുറയ്ക്കാനും കഴിയും.

∙ വേഗം: മിനിറ്റിൽ 2000 ലീറ്റർ മുതൽ 10,000 ലീറ്റർ വരെ വെള്ളം ചീറ്റിക്കാൻ കഴിയും
∙ സമയം: ശരാശരി ശക്തിയിൽ വെള്ളം ചീറ്റിച്ചാൽ 5 മിനിറ്റ് കൊണ്ടു പീരങ്കി കാലിയാവും. അത്രയും സമയം സമരക്കാർ പിടിച്ചുനിൽക്കില്ല എന്നതാണു പീരങ്കിയുടെ വിജയം.

∙ ജലശുദ്ധി: ടാങ്കിൽ നിറയ്ക്കുന്ന വെള്ളത്തിന്റെ നിലവാരം പരിശോധിക്കാൻ പലപ്പോഴും പൊലീസിനാവില്ല. അതു വഴി സമരക്കാർക്ക് ആരോഗ്യ പ്രശ്നങ്ങളും ഉണ്ടായേക്കാം.
∙ ജാഗ്രത: മാധ്യമ പ്രവർത്തകർക്കും ഭയമാണു ജലപീരങ്കിയെ. ക്യാമറ കേടുവരുത്താൻ പോന്നവനാണ് എന്നതു തന്നെ കാരണം. ചെവിയിൽ തട്ടിയാൽ കർണപുടം തകരും

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com