ADVERTISEMENT

തൃശൂർ ∙ വെള്ളിക്കുളങ്ങരയിൽ നിന്നു മുറിച്ചു കടത്തുന്ന ചന്ദനം പോകുന്നത് മണ്ണാർക്കാട് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ചന്ദന മാഫിയയിലേക്കെന്ന് സൂചന. ഇവിടെ നിന്നു കർണാടക, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലെ ചന്ദന ഫാക്ടറികളിലേക്ക‍ു തടി അയയ്ക്കുന്നുവെന്നും സൂചനയുണ്ട്. വനംവകുപ്പിന്റെ കണക്കുപ്രകാരം സർക്കാരിനു സംഭവിച്ച നഷ്ടം 1.20 ലക്ഷം എന്നാണ് കണക്കാക്കിയിട്ടുള്ളത്. മറയൂരിൽ വനംവകുപ്പിന്റെ ചന്ദന ഡിപ്പോയിൽ കിലോയ്ക്ക് 4000 രൂപ മുതൽ മുകളിലേക്കാണ് ചന്ദനത്തിന് വില കണക്കാക്കുന്നത്. എന്നാൽ, ഇതര സംസ്ഥാനങ്ങളിലെ സ്വകാര്യ ഫാക്ടറിലെത്തുമ്പോൾ വില കിലോയ്ക്ക് 10,000 മുതൽ 25,000 വരെയാകും.

കാതലിനാണ് വില

ചന്ദന മരത്തിന്റെ കാതൽ നോക്കിയാണ് വില തീരുമാനിക്കുക. മറയ‍ൂരിലെ മുന്തിയ ഇനം ചന്ദനത്തിന് കിലോയ്ക്ക് 20,000 മുതൽ 30,000 വരെ വിലയുണ്ട്. വനത്തിൽ നിന്നു വെട്ടി ഏജന്റുമാരിലെത്തിക്കുന്ന ചെറുകിട സംഘങ്ങൾക്ക് കിലോയ്ക്ക് 3000 രൂപ വരെ മാത്രമേ ലഭിക്കൂ. ഏജന്റുമാർ ചെത്തി മിനുക്കി കാതൽ മാത്രമാക്കി ഫാക്ടറികളിൽ എത്തിക്കുമ്പോൾ വില പല മടങ്ങാകും. വേരു മുതൽ അറക്കപ്പൊടി വരെ പല ഭാഗങ്ങൾക്കും പല വിലയാണ്. വനംവകുപ്പ് നിയമത്തിലെ 47 സി വകുപ്പു പ്രകാരം ചന്ദനമരം കടത്താനോ കൈവശം വയ്ക്കാനോ പാടില്ല. ശിക്ഷ 3 മുതൽ 7 വർഷം വരെ തടവും 1 ലക്ഷം വരെ പിഴയും.

വളർത്താം; വെട്ടരുത്

വീട്ടിൽ ചന്ദന തൈ നടാൻ നിയമ തടസ്സമില്ല. എന്നാൽ, വളർന്നു മരമായ ശേഷം വെട്ടാനോ വിൽക്കാനോ ഉടമസ്ഥന് അവകാശമില്ല. മരം വെട്ടാറാകുമ്പോൾ വനംവകുപ്പിനെ അറിയിക്കണം. അവർ മരം വെട്ടി ലേലം ചെയ്ത ശേഷം തുകയുടെ 70% ഉടമസ്ഥർക്കു നൽകും. 30% സർക്കാരിനും. മറയൂരിലെ ചന്ദന ഡിപ്പോയിലെത്തിച്ചാണ് ലേലം ചെയ്യുക. വീട്ടുവളപ്പിലെ ചന്ദനമരം മോഷണം പോയാൽ ഉടൻ പൊലീസിനെ അറിയിക്കണം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com