ADVERTISEMENT

പുതുക്കാട് ∙ മുക്കുപണ്ടത്തിൽ സ്വർണം പൂശി പണയം വച്ചാൽ ഉരച്ചു നോക്കുമ്പോൾ പിടിക്കപ്പെടുമെന്നതിനാൽ ജയരാജും കൂട്ടരും പയറ്റിയത് വേറിട്ട തട്ടിപ്പ്. 28% സ്വർണവും 72% വ്യാജ ലോഹക്കൂട്ടും ചേർത്തായിരുന്നു ഇവരുടെ ആഭരണ നിർമാണം. വെള്ളിയും ചെമ്പും കാഡ്മിയവും കൊണ്ട് ആഭരണങ്ങൾ നിർമിച്ച ശേഷം സ്വർണം പൊതിയും.

ഉരച്ചാലും സ്വർണം മാത്രമേ കണ്ടെത്താനാകൂ. പണയം വച്ചതിലേറെയും വളകളാണ് എന്നതിനാൽ നിർമാണവും എളുപ്പം. ഹാൾമാർക്കിങ് മുദ്ര പതിച്ചിട്ടുള്ളതു കാരണം ആർക്കും സംശയവും തോന്നില്ല. എന്നാൽ, വരന്തരപ്പള്ളിയിൽ സവാള കയറ്റിയ ലോറിയിൽ നിന്നു സ്പിരിറ്റ് പിടിച്ച സംഭവത്തിൽ ജയരാജ് അറസ്റ്റിലായതോടെയാണ് തട്ടിപ്പു മുഴുവൻ പുറത്തായത്.

നിർമാണം സൂക്ഷ്മം

സ്വർണാഭരണ നിർമാണ തൊഴിലാളികളാണ് കേസിലെ നാലും അഞ്ചും പ്രതികളായ ദിനേഷും പ്രതീഷും. ലോഹക്കൂട്ട് ഉപയോഗിച്ചു കമ്പിവളകൾ നിർമിക്കുന്നതും സ്വർണപ്പാളി കൊണ്ടു പൊതിയുന്നതും ദിനേഷാണ്. ഉരച്ചുനോക്കിയാൽ പിടിക്കാൻ കഴിയാത്തവിധം സൂക്ഷ്മതയോടെയാണ് നിർമാണം.  അഞ്ചാം പ്രതി പ്രതീഷ് ആണ് ഹാൾമാർക്കിങ് മുദ്ര പതിപ്പിച്ചിരുന്നത്.

നൂറുകണക്കിന് അസൽ സ്വർണാഭരണങ്ങൾ ഹാൾമാർക്കിങ്ങിന് എത്തിക്കുമ്പോൾ മൂന്നും നാലും വീതം വ്യാജൻ കൂടി മുദ്ര പതിപ്പിച്ചെടുക്കുകയായിരുന്നു ഇയ‍ാളുടെ രീതി. അത‍ുകൊണ്ടു പിടിക്കപ്പെട്ടിരുന്നില്ല. പണയം വച്ചശേഷം തിരിച്ചെടുക്കുകയാണെങ്കിൽ പിടിക്കപ്പെടില്ലെന്നതായിരുന്നു ഇവരുടെ കണക്കുകൂട്ടൽ.

വീട് ജപ്തിയിൽ

ജയരാജിന്റെ വീട് ജപ്തി ഭീഷണിയ‍ിലായതോടെയാണ് മാറ്റു കുറഞ്ഞ ആഭരണങ്ങൾ നിർമിച്ചു പണയം വയ്ക്കാൻ തുടങ്ങിയതെന്നു വിവരമുണ്ട്. ജയരാജ് വൻ കടക്കെണിയില‍ായെന്നും അബ്കാരി കേസിൽ പിടിയിലായെന്നും ധനകാര്യ സ്ഥാപനങ്ങൾക്കു വിവരം ലഭിച്ചിരുന്നു. എന്നിട്ടും കൂടുതൽ മൂല്യമുള്ള സ്വർണാഭരണങ്ങൾ പണയത്തിൽ നിന്നെടുത്തു വിൽക്കാൻ ഇയാൾ ശ്രമിക്കുന്നില്ല എന്നതാണ് സംശയത്തിനിടയാക്കിയത്.

വളകളിൽ ചിലതു മുറിച്ചു നോക്കിയപ്പോൾ തന്നെ തട്ടിപ്പു പിടികിട്ടി. കൂട്ടുപ്രതി വിനീഷുമായി ചേർന്ന് ഇയാൾ പരിചയക്കാരിലൂടെ കൂടുതൽ ആഭരണങ്ങൾ പല സ്ഥലങ്ങളിലായി പണയം വച്ചിട്ടുണ്ടെന്നും സൂചനയുണ്ട്. ഇതോടെ തട്ടിപ്പിന്റെ വ്യാപ്തിയേറും.

ഇവർക്കു സ്വർണവും മറ്റു ലോഹങ്ങളും വാങ്ങാൻ പണം മുടക്കിയ പാലയ്ക്കൽ സ്വദേശിയെ പിടികൂടാൻ പൊലീസ് തിരച്ചിൽ ശക്തമാക്കി. എസ്ഐ ഐ.സി. ചിത്തരഞ്ജന്റെ നേതൃത്വത്തിൽ എഎസ്ഐ വെൽസ് കെ. തോമസ്, സീനിയർ സിപിഒ എം.എസ്. ബൈജു, സിപിഒ എസ്. സുരേഷ് കുമാർ, ഡേവിസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com