ADVERTISEMENT

തൃശൂർ ∙ വേതനം കൂടിയതോടെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സ്ഥാനാർഥികളുടെ തള്ള്. വനിത സ്ഥാനാർഥികൾക്കു വേണ്ടിയാണു ഇങ്ങനെ തള്ളിക്കയറുന്നവരിൽ ഏറെയും. 50% സംവരണം ഉള്ളതിനാൽ ജില്ലയിലെ 1020 തദ്ദേശ സ്വയംഭരണ സ്ഥാപന സീറ്റുകളിലെങ്കിലും വനിതാ സ്ഥാനാർഥികൾ വേണം. പലയിടത്തും പാർട്ടികളിൽ മികച്ച വനിതാ സ്ഥാനാർഥികളെ കിട്ടാനില്ല.വിവിധ പാർട്ടി ഓഫിസുകളിലും നേതാക്കൾക്കും കിട്ടിയ അപേക്ഷകളുടെ എണ്ണം അമ്പരപ്പിക്കുന്നതാണ്.

ജോലിക്ക് അപേക്ഷിക്കുന്നത് പോലെയാണു പല വനിതകളും സീറ്റ് തേടുന്നത്. രാഷ്ട്രീയ പാരമ്പര്യം അവകാശപ്പെടാനില്ലാത്തവരാണ് മിക്കവരും. കുടുംബത്തിലുണ്ടായിരുന്ന രാഷ്ട്രീയ പ്രവർത്തകരുടെ പേരു പറഞ്ഞ് അപേക്ഷിക്കുന്നവരുമുണ്ട്. പുരുഷ സ്ഥാനാർഥികൾ മിക്കവരും പാർട്ടി പ്രവർത്തകരോ അനുയായികളോ ആയിരിക്കും. എന്നാൽ വനിതകളിൽ പലരും ഭാര്യ, ബന്ധു എന്ന നിലയിൽ പരിഗണിക്കപ്പെട്ടവരാണ്. ഇതുകൊണ്ടു തന്നെ പാർട്ടികളിലെ യഥാർഥ വനിതാ പ്രവർത്തകർ വൻ തോതിൽ അവഗണിക്കപ്പെടുന്നു. കേഡർ പാർട്ടികളിൽ പോലും ഇതാണ് അവസ്ഥ. നേതാക്കളിൽ പലരും സ്വന്തക്കാരെ രംഗത്തിറങ്ങാൻ മാസങ്ങളായി ശ്രമിക്കുന്നുണ്ട്.

പ്രതിഫലത്തിൽ കണ്ണും നട്ട്

ഇപ്പോൾ ജില്ലാ പഞ്ചായത്ത് അംഗത്തിനു 8800 രൂപയും ബ്ലോക് പഞ്ചായത്ത് അംഗത്തിനു 7,600 രൂപയും ഗ്രാമ പഞ്ചായത്ത് അംഗത്തിനു 7000 രൂപയും പ്രതിമാസ പ്രതിഫലമുണ്ട്. നഗരസഭാംഗം ആയാൽ 7,600 രൂപയും കോർപറേഷൻ അംഗമായാൽ 8,200 രൂപയും പ്രതിഫലം കിട്ടും. പഞ്ചായത്ത് പ്രസിഡന്റായാൽ 13,200 രൂപയും ബ്ലോക് പ്രസിഡന്റായാൽ 14,600 രൂപയുമാണു പ്രതിഫലം. ഇതാണു പലരുടെയും പ്രതീക്ഷ. പുതിയ സാഹചര്യത്തിൽ ജോലി നഷ്ടപ്പെട്ടവരും രാജിവച്ചവരും വിരമിച്ചവരുമായി ആയിരക്കണക്കിനാളുകളാണ് ഈ ‘പോസ്റ്റിലേക്ക്’ വരാൻ ശ്രമിക്കുന്നത്.

മുൻപൊരിക്കലും ഇതുപോലെ പാർട്ടികൾക്കു അപേക്ഷകൾ കിട്ടിയിട്ടില്ല. പല നേതാക്കളുടെയും കയ്യിൽ കെട്ടു കണക്കിനു ബയോഡേറ്റയാണ്. സംവരണ സീറ്റുകളിലേക്കാണു കൂടുതൽ അപേക്ഷകരുള്ളത്. ജനറൽ സീറ്റിൽ നേതാക്കൾ നേതാക്കൾ നേരിട്ടു സ്ഥാനാർഥികളെ നിശ്ചയിക്കുമെന്നതിനാൽ ആ ‘പോസ്റ്റിലേക്കു’ അപേക്ഷകർ കുറവാണ്.

കിട്ടുന്ന പ്രതിഫലം കൊണ്ട് ഒന്നും തികയില്ലെന്നും വാഹനത്തിനു ഇന്ധം നിറയ്ക്കാൻ പണം കണ്ടെത്തേണ്ടി വരുമെന്നും തദ്ദേശ സ്വയംഭരണ സ്ഥാപന അംഗങ്ങൾ ചൂണ്ടിക്കാട്ടുന്നു. എന്നാൽ പല അംഗങ്ങളും വൻ തോതിൽ പണമുണ്ടാക്കിയെന്ന പ്രചരണമാണു ഈ തള്ളിക്കയറിലിനു കാരണം. യഥാർഥ പാർട്ടി പ്രവർ‌ത്തകരാണു ഈ തള്ളലിൽ വീണു പോകുന്നത്. പ്രത്യേകിച്ചും സഹായിക്കാൻ നേതാക്കളും സാമുദായിക സംഘടനകളുമില്ലാത്ത വനിതാ പ്രവർത്തകർ.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com