ഒട്ടിച്ചിടത്തെല്ലാം 2 പോസ്റ്ററുകളും തുല്യമായി ഒട്ടിക്കും; പോസ്റ്ററുകൾ പറയും, ഒട്ടിപ്പിൽ തട്ടിപ്പില്ല

SHARE

രണ്ടു മുന്നണികളുടെയും നേതാക്കൾക്കു സന്തോഷമായി. കാരണം, മത്സരം അത്രയേറെ കടുത്തതാണ്. പോസ്റ്റർ ഒട്ടിച്ചതിൽപോലും മത്സരം ഇഞ്ചോടിഞ്ചാണ്. എതിരാളിയുടെ ഓരോ പോസ്റ്ററിനടുത്തും നമ്മുടെ പോസ്റ്ററും ഒട്ടിച്ചിരിക്കുന്നു. ഒരിടത്തുപോലും വ്യത്യാസമില്ല. എതിരാളി 4 അടയാളം ഒട്ടിച്ച സ്ഥലത്തു കിറുകൃത്യമായി നമ്മുടെ 4 അടയാളം. ഇതിലും ശക്തമായി എങ്ങനെ നേരിടാനാകും.

വൈകിട്ടു സ്ഥാനാർഥികൾ കണ്ടുമുട്ടിയപ്പോൾ ഇരുവരും നേതാക്കളുടെ അഭിനന്ദനം പങ്കുവച്ചു. എതിരാളികളാണെങ്കിലും നാട്ടുകാരും എന്നും കാണുന്നവരുമായ സ്ഥാനാർഥികൾക്കു പരസ്പരം പകയോ വിദ്വേഷമോ ഇല്ല. വോട്ടു പെട്ടിയിലായാൽ എന്നും വൈകിട്ടു കണ്ടമുട്ടേണ്ടവരുമാണ്. കിട്ടിയ അഭിനന്ദനമെല്ലാം രാത്രി രഹസ്യമായി ഇരുവരും  ഒരാൾക്കു കൈമാറി.

രാത്രി മുഴുവൻ നടന്നു പോസ്റ്ററൊട്ടിച്ച ചേട്ടന്. രണ്ടുപേരുടെയും പോസ്റ്റർ‌ ഒട്ടിച്ചത് ഒരാളാണ്. രണ്ടുപേരിൽനിന്നും കൂലി വാങ്ങുന്നതിനാൽ കുറ്റം പറയരുതല്ലോ. ഒട്ടിച്ചിടത്തെല്ലാം രണ്ടു പോസ്റ്ററുകളും തുല്യമായി ഒട്ടിച്ചു. ഇരു മുന്നണികൾക്കും വേണ്ടി സംയ്കുതമായി ഉണ്ടാക്കിയ പശ വാരിത്തേച്ച ശേഷം രണ്ടു പാക്കറ്റിൽനിന്നും പോസ്റ്ററുകൾ ഒന്നൊന്നായി എടുത്തു ഒട്ടിച്ചുകൊണ്ടിരുന്നു. 

പശയ്ക്കു രാഷ്ട്രീയമില്ലാത്തതിനാൽ ഇരു പോസ്റ്ററുകളെയും നന്നായി ഒട്ടിക്കുകയും ചെയ്തു. പോസ്റ്റർ മത്സരത്തിൽ ഇരു കൂട്ടരും തുല്യം. നേതാക്കൾക്കു സന്തോഷം. പോകുമ്പോൾ ഒരു രഹസ്യംകൂടി പോസ്റ്റർ ചേട്ടൻ പറഞ്ഞു, ‘അടുത്ത തിരഞ്ഞെടുപ്പിലും പോസ്റ്റർ ഒട്ടിക്കൽ ജോലി നേതാക്കൾ എനിക്കുതന്നെ തരും. കാരണം, ഞാൻ ഒട്ടിച്ചാൽ സ്ഥാനാർഥി ജയിച്ചിരിക്കും. അതൊരു രാശിയാണ്. ’

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN thrissur
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA