ADVERTISEMENT

കുതിരാൻ ∙ വൻ ദുരന്തത്തിൽ നിന്നു തലനാരിഴയ്ക്കു രക്ഷപ്പെട്ടതിന്റെ ആശ്വാസമുണ്ടെങ്കിലും അപകടത്തിന്റെ നടുക്കം ഈ കുടുംബത്തിന് ഇപ്പോഴും വിട്ടുമാറിയിട്ടില്ല. കുതിരാനിൽ ദുരന്ത പരമ്പര സൃഷ്ടിക്കുന്ന 3 കിലോമീറ്റർ അപകട മേഖലയിൽ നടന്ന ഒടുവിലത്തെ സംഭവമാണ് വ്യാഴാഴ്ച രാത്രി 11.30ന് ലോറി വീട്ടിലേക്കു പാഞ്ഞുകയറ‍ിയുണ്ടായ അപകടം.

ദേശീയപാതയിൽ നിന്ന് 150 മീറ്ററോളം തെന്നിമാറി പാഞ്ഞ ലോറി മുട്ടം തോട്ടിൽ മത്തായിയുടെ വീടിന്റെ ഒരുഭാഗം തകർത്താണ് നിന്നത്. കിടപ്പുമുറിയിൽ ഉറങ്ങിക്കിടന്നിരുന്ന മുത്തശ്ശിയും പേരക്കുട്ടിയും രക്ഷപ്പെട്ടതു തലനാരിഴയ്ക്ക്. മണ്ണുത്തി- വടക്കഞ്ചേരി ദേശീയപാതയിൽ ഏറ്റവുമധികം അപകടങ്ങളുണ്ടാകുന്ന മേഖലയാണു കുതിരാനിലെ 3 കിലോമീറ്റർ.

വഴുക്കുംപാറയിൽ കുതിരാൻ കയറ്റം തുടങ്ങുന്ന ഭാഗത്താണ് കഴിഞ്ഞ ദിവസം രാത്രിയിലെ ലോറിയപകടം. ഡ്രൈവർ ഉറങ്ങിപ്പോയതോ വണ്ടി നിയന്ത്രണം വിട്ടതോ ആകാം അപകടകാരണമെന്നാണു നിഗമനം. കഴിഞ്ഞ ഡിസംബർ 31ന് ഇതേ സ്ഥലത്തു തന്നെയാണു 9 വാഹനങ്ങൾ കൂട്ടിയിടിച്ചു 3 പേർ മരിച്ചത്.

ഡിസംബറിൽ 2 ലോറികൾ മറിഞ്ഞ് അപകടമുണ്ടായതും ഇതേ സ്ഥലത്തോടു ചേർന്നാണ്. ചരക്കു വാഹനങ്ങൾ കുതിരാൻ കയറുമ്പോഴും ഇറങ്ങുമ്പോഴും നിയന്ത്രണം വിട്ട് അപകടങ്ങളുണ്ടാവുന്നതും പതിവാണ്. ഇന്ധനം തീർന്നു കുതിരാനിൽ വാഹനങ്ങൾ തകരാറിലാകുന്നതും ഡ്രൈവർമാർ ഉറക്കത്തിലായി അപകടങ്ങൾ ഉണ്ടാവുന്നതും കുതിരാനിലെ പതിവുകാഴ്ചകളാണ്.

കുതിരാനിലെ അപകട കയറ്റിറക്കങ്ങൾ ഒഴിവാക്കിയുള്ള ഗതാഗതം ലക്ഷ്യമാക്കിയാണു വഴുക്കുംപാറയിൽ നിന്ന് വിശാലമായ റോഡും തുരങ്കവും നിർമിക്കാൻ തീരുമാനിച്ചത്. എന്നാൽ 2011ൽ പൂർത്തിയാക്കേണ്ട ദേശീയപാതയും തുരങ്കവും 10 വർഷമായിട്ടും പൂർത്തിയായില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com