ADVERTISEMENT

പുന്നയൂർക്കുളം ∙ അനുമതി ലഭിച്ച് രണ്ടര വർഷം കഴിഞ്ഞിട്ടും അണ്ടത്തോട് സബ് റജിസ്ട്രാർ ഓഫിസ് നിർമാണം എങ്ങുമെത്തിയില്ല. 2019 ൽ കെട്ടിടം പണി  തുടങ്ങിയെങ്കിലും ഇവിടം പൂഴിമണലായതിനാൽ പൈലിങ് ചെയ്യണമെന്ന നിർദേശത്തെ തുടർന്ന് നിർത്തിവച്ചു. ഇതിന്റെ ചെലവുകൾ ഉൾപ്പെടുത്തിയ പുതിയ എസ്റ്റിമേറ്റ് തയാറാക്കൽ ഇതുവരെ എവിടെയുമെത്തിയിട്ടില്ല.

ഇതിനുവേണ്ടി  കരാറുകാരൻ ഓഫിസുകൾ കയറിയിറങ്ങുകയാണ്. സബ് റജിസ്ട്രാർ ഓഫിസിനു പുതിയ കെട്ടിടം നിർമിക്കാൻ 2018 ജൂലൈ 3 നാണ് 1.326 കോടി രൂപയുടെ അനുമതി ലഭിച്ചത്. കൺസ്ട്രക്ഷൻ കോർപറേഷനാണ് നിർമാണ ചുമതല. കമ്പി, മെറ്റൽ ഉൾപ്പെടയുള്ള സാമഗ്രികൾ എത്തിക്കലും കോൺക്രീറ്റ് കാൽ നിർമിക്കാൻ കുഴിയെടുക്കലും പൂർത്തിയായപ്പോഴാണ് മണ്ണ് പരിശോധന നടത്തണമെന്ന് ബന്ധപ്പെട്ടവർ ആവശ്യപ്പെട്ടത്.

അതോടെ പണി നിർത്തി വയ്ക്കുകയായിരുന്നു.  കുഴികൾ അപകടത്തിനു കാരണമാകുമെന്നതിനാൽ അവയെല്ലാം മണ്ണിട്ട് മൂടി. നിർമാണത്തിനു കൊണ്ടുവന്ന കമ്പി, മിക്‌സിങ് യൂണിറ്റ് ഉൾപ്പെടെയുള്ള കോൺക്രീറ്റ് സാമഗ്രികൾ എന്നിവ ഇവിടെ കിടന്നു തുരുമ്പെടുക്കുകയാണ്.

പനന്തറയിലെ പഴയ ഓഫിസിന്റെ കാലപ്പഴക്കം കണക്കിലെടുത്താണ് സമീപത്തു തന്നെ പുതിയ കെട്ടിടം നിർമിക്കാൻ പദ്ധതി തയാറാക്കിയത്. ഇവിടെ മരങ്ങൾ മുറിച്ചു മാറ്റാനുള്ള അനുമതിക്കു തന്നെ മാസങ്ങൾ കാത്തിരിക്കേണ്ടിവന്നു. സമീപത്തുള്ള വടക്കേകാട് പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതൽ മാറ്റാനും  മാസങ്ങളെടുത്തു. പണി തുടങ്ങിയ അന്നുതന്നെ നിർത്തേണ്ടിയും വന്നു.

എസ്റ്റിമേറ്റ് തയാറാക്കുന്ന സമയത്ത് മണ്ണ് പരിശോധന നടത്തിയില്ലെന്ന വീഴ്ചയാണ് പ്രതിസന്ധിക്ക് കാരണമായത്. ദിവസങ്ങൾക്കകം പുതിയ എസ്റ്റിമേറ്റ് തയാറാക്കാമെങ്കിലും ബന്ധപ്പെട്ടവരുടെ അനാസ്ഥയും റജിസ്ട്രാർ ഓഫിസിന്റെ കാലക്കേടിനു കാരണമാകുന്നുവെന്ന് പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com