ADVERTISEMENT

തൃശൂർ ∙ പൂരത്തിന് എഴുന്നള്ളിക്കുന്ന ആനകളുടെ പാപ്പാന്മാർ കോവിഡ് പോസിറ്റീവ് ആണെന്നു കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കാൻ തീരുമാനം. ഒന്നാം പാപ്പാൻ പോസിറ്റീവ് ആണെങ്കിൽ ആനയെ പൂരത്തിന് എഴുന്നള്ളിപ്പിക്കാതെ മാറ്റും. രണ്ടാം പാപ്പാനു പോസിറ്റീവ് ആയാൽ ആനയെ എഴുന്നള്ളിക്കുന്നതിനു തടസ്സമില്ല, മറ്റൊരു പാപ്പാനെ പകരം നിയോഗിക്കും.

അതേസമയം, കോവിഡ് വാക്സീൻ 2 ഡോസ് പൂർത്തിയായാൽ മാത്രമേ പൂരത്തിൽ പങ്കെട‍ുക്കാൻ പാസ് അനുവദിക്കൂ എന്ന തീരുമാനത്തിൽ മാറ്റമില്ലെന്നു കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തിരുവമ്പാടി, പാറമേക്കാവ് ദേവസ്വം പ്രതിനിധികളെ അറിയിച്ചു. കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയാൽ പൂരം നടത്തിപ്പിനു തടസ്സമാകുമെന്നു ദേവസ്വം പ്രതിനിധികൾ പ്രതികരിച്ചു.

പൂരം നടത്താതിരിക്കാൻ നീക്കമുണ്ടെന്ന ആരോപണവും ദേവസ്വം പ്രതിനിധികൾ ഉന്നയിച്ചതോടെ അന്തിമ തീരുമാനമെടുക്കാൻ ചീഫ് സെക്രട്ടറി വി.പി. ജോയ് ഇന്നു യോഗം വിളിച്ചു. പാപ്പാന്മാർ പോസിറ്റീവ് ആയാൽ ആനയെ മാറ്റി നിർത്തുമെന്ന തീരുമാനം പുനഃപരിശോധിക്കണമെന്ന ദേവസ്വങ്ങളുടെ ആവശ്യവും ഇന്നത്തെ യോഗത്തിൽ പരിഗണിക്കും. അതേസമയം, പൂരം നടത്തിപ്പിനുള്ള ചെലവു ചുരുക്കൽ സംബന്ധിച്ചു ദേവസ്വങ്ങൾക്ക് അനുകൂലമായി ജില്ലാ ഭരണകൂടവും പൊലീസും നിലപാടെടുത്തു.

സാധാരണഗതിയിൽ പൂരം ഡ്യൂട്ടിക്കെത്തുന്ന പൊലീസുകാരുടെ ചെലവ് ദേവസ്വങ്ങൾ ആണു വഹിക്കാറുള്ളത്. ഇത്തവണ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്തു സർക്കാർ ഈ ചെലവു വഹിക്കും. പൂരപ്പറമ്പ് പ്രത്യേക മേഖലയായി തിരിക്കാൻ ആവശ്യമുള്ള ബാരിക്കേഡിന്റെ ചെലവു പൊലീസും വഹിക്കും. അതേസമയം, 2 ഡോസ് വാക്സീൻ അല്ലെങ്കിൽ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമെന്ന നിബന്ധനയിൽ നിന്നു വാദ്യക്കാരെ പോലും ഒഴിവാക്കാനാകില്ലെന്നാണ് അധികൃതരുടെ നിലപാട്.

കലക്ടർ എസ്. ഷാനവാസിന്റെ അധ്യക്ഷതയിൽ കമ്മിഷണർ ആർ. ആദിത്യ, ദേവസ്വം കമ്മിഷണർ എൻ. ജ്യോതി, പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി. രാജേഷ്, തിരുവമ്പാടി ദേവസ്വം സെക്രട്ടറി രവികുമാർ, അസി. ഫോറസ്റ്റ് കൺസർവേറ്റർ പ്രഭു തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. 

മെഡിക്കൽ ബോർഡ് വേണം

കോവിഡുമായി ബന്ധപ്പെട്ട കണക്കുകൾ പെരുപ്പിച്ചുകാട്ടി ജനത്തെ ഭീതിയിലാക്കാൻ ഡിഎംഒ ഉൾപ്പെടെയുള്ളവർ ശ്രമിക്കുന്നുവെന്നു പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി. രാജേഷ് ആരോപിച്ചു. കോവിഡ് സ്ഥിതി പരിശോധിക്കാൻ ഒരു മെഡിക്കൽ ബോർഡിനെ നിയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജില്ലാ ഭരണകൂടം പറയുന്നത്..

 ആഘോഷങ്ങൾക്കു മാറ്റു കുറയില്ല. എന്നാൽ, കോവിഡ് മാനദണ്ഡങ്ങൾക്കു തന്നെയാണ് പ്രഥമ പരിഗണന.

 പ്രധാന ആഘോഷങ്ങൾ നടക്കുന്ന ഭാഗങ്ങളിൽ ബാരിക്കേഡ് നിരത്തി ജനത്തെ നിയന്ത്രിക്കും.

 ആർടിപിസിആർ സർട്ടിഫിക്കറ്റ് പരിശോധനയ്ക്ക് വിപുല സൗകര്യം ഒരുക്കും.

 പാപ്പാൻമാർക്ക് 2 ഡോസ് വാക്സീൻ നിർബന്ധം. ഒന്നാം പാപ്പാൻ പോസിറ്റീവ് ആയാൽ ആനയെ മാറ്റി നിർത്തും.

 പൂരം വെടിക്കെട്ടിന്റെ സമയക്രമവും നിയന്ത്രണങ്ങളും ചീഫ് സെക്രട്ടറിയുടെ യോഗത്തിനു ശേഷം കലക്ടർ ദേവസ്വങ്ങളെ അറിയിക്കും.

 പൂരം പ്രദർശനം തുടങ്ങാനാകാത്ത സാഹചര്യത്തിൽ പൂരപ്പറമ്പിലെ ഒരുക്കങ്ങൾ ജില്ലാ ഭരണകൂടവും കോർപറേഷനും ഏറ്റെടുത്തു ചെയ്യും.

 പൂരത്തിൽ പങ്കെടുക്കുന്ന കലാകാരന്മാർക്കു ഭക്ഷണം വിതരണം ചെയ്യുന്നതിൽ കോവിഡ് നിബന്ധന തടസ്സമാകില്ല.

 കോവിഡ് വ്യാപനമുണ്ടായാൽ കണ്ടെയ്ൻമെന്റ് സോൺ അടക്കമുള്ള നിയന്ത്രണം പരിഗണിക്കും. എന്നാൽ, പൂരത്തെ ബാധിക്കാതിരിക്കാൻ നടപടിയെടുക്കും.

പൂരം ഒഴിവാക്കണം: സാംസ്കാരിക നായകർ

തൃശൂർ∙ ജില്ലയിൽ മാത്രം പ്രതിദിന കോവിഡ് ബാധിച്ചവർ 1000 കടക്കുകയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയരുകയും ചെയ്ത സാഹചര്യത്തിൽ തൃശൂർ പൂരാഘോഷം അവിവേകമാകുമെന്നും ഒഴിവാക്കണമെന്നും സാംസ്കാരിക നായകർ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു. സമീപ ജില്ലകളിൽ നിന്നും പൂരത്തിന് ആളെത്തുമെന്നതിനാൽ നിയന്ത്രണവും സാമൂഹിക അകലവും പാലിച്ചുള്ള പൂരം പ്രായോഗികമാകില്ലെന്നു കെ.ജി.ശങ്കരപ്പിള്ള,

വൈശാഖൻ, കൽപറ്റ നാരായണൻ, കെ.വേണു, കെ.അരവിന്ദാക്ഷൻ, അഷ്ടമൂർത്തി, ഐ.ഷണ്മുഖദാസ്, പി.എൻ.ഗോപീകൃഷ്ണൻ, ആസാദ്, ഡോ.കെ.ഗോപിനാഥൻ തുടങ്ങി മുപ്പതോളം പേർ ഒപ്പിട്ട പ്രസ്താവനയിൽ അഭിപ്രായപ്പെട്ടു. സർക്കാരും പൂരം സംഘാടകരും സാമൂഹിക ഉത്തരവാദിത്തമുള്ള തീരുമാനമെടുക്കണമെന്ന് അഭ്യർഥിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com