ADVERTISEMENT

മാള∙ കുഴൂർ പഞ്ചായത്തിൽ 144. കോവിഡ് പോസിറ്റിവിറ്റി കൂടിയതിന്റെ അടിസ്ഥാനത്തിലാണ് പഞ്ചായത്തിൽ 144 പ്രഖ്യാപിച്ചത്. അവശ്യ സാധനങ്ങൾ ഉൾപ്പെട്ട കടകൾ ഒഴികെ മറ്റ് കടകളൊന്നും തന്നെ തുറന്നില്ല. പഞ്ചായത്തിലേക്കുള്ള പ്രവേശനവും പഞ്ചായത്തിനു വെളിയിലേക്കുള്ള യാത്രയും പൊലീസിന്റെ നേതൃത്വത്തിൽ കർശനമായി നിരോധിച്ചിട്ടുണ്ട്.

പ്രവർത്തനങ്ങൾ ക്രമീകരിക്കുന്നതിനായി പഞ്ചായത്ത് അതിർത്തികളായ വണ്ടികയറ്റം, എരവത്തൂർ എന്നിവിടങ്ങളിൽ പൊലീസ് പിക്കറ്റ് സ്ഥാപിച്ചിട്ടുണ്ട്. പഞ്ചായത്തിൽ വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ യോഗം ചേർന്നു. ഇന്നു മുതൽ 4 ക്ലസ്റ്റർ ആയി തിരിച്ച് പരിശോധനയുടെ എണ്ണം വർധിപ്പിക്കാൻ തീരുമാനിച്ചു. ആൾക്കൂട്ടങ്ങളെ നിയന്ത്രിക്കും. അവശ്യ സാധനങ്ങൾ അടങ്ങുന്ന വ്യാപാര സ്ഥാപനങ്ങൾ 7 മണി വരെ തുറക്കാൻ തീരുമാനിച്ചു.

പരിശോധന ഇന്നു മുതൽ

കുഴൂർ∙ പഞ്ചായത്തിലെ 1, 11, 12, 13, 14 വാർഡുകളിലുള്ളവർക്ക് ഐരാണിക്കുളം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ  ഇന്ന് പരിശോധന നടത്തും. 7, 8, 9, 10 വാർഡുകളിലുള്ളവർക്ക് 21നു കുണ്ടൂർ സ്കൂളിൽ പരിശോധന നടക്കും. 5, 6 വാർഡുകളിൽ 22നു എരവത്തൂർ സ്കൂളിലും 2, 3, 4 വാർഡുകളിൽ 23നു കുഴൂർ ദർശന ഓഡിറ്റോറിയത്തിലും പരിശോധന നടക്കുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു. 4000 പേർക്ക് വാക്സിനേഷൻ എടുത്തിട്ടുണ്ട്.

സമൂഹ സുരക്ഷ ഉറപ്പുവരുത്തണം: വി.ആർ.സുനിൽകുമാർ 

മാള ∙ സ്വയം സുരക്ഷിതരാവുന്നതിനൊപ്പം സമൂഹത്തെയും സംരക്ഷിക്കേണ്ടത് ഓരോ വ്യക്തികളുടെയും ഉത്തരവാദിത്തമാണെന്ന് വി.ആർ.സുനിൽകുമാർ എംഎൽഎ പറഞ്ഞു. കോവിഡിന്റെ പശ്ചാത്തലത്തിൽ  മാള പഞ്ചായത്തിൽ ചേർന്ന അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാള, അന്നമനട, കുഴൂർ, പൊയ്യ, പുത്തൻചിറ പഞ്ചായത്തുകളിലെ അധ്യക്ഷൻമാരും വിവിധ സർക്കാർ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.

ആർആർടി വൊളന്റിയർമാരുടെ നേതൃത്വത്തിൽ വീടുകൾ സന്ദർശിച്ച് കൂടുതൽ ബോധവൽക്കരണം നടത്തും. നിലവിലെ ആശുപത്രിയിലെ വാക്സീൻ സ്റ്റോക്കിനനുസരിച്ച് വാർഡ് തലങ്ങളിൽ വാക്സിനേഷൻ ക്യാംപ് നടത്താനും  കോവിഡ് പരിശോധനകളുടെ എണ്ണം വർധിപ്പിക്കാനും തീരുമാനിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ്, മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസൻ, സിഎച്ച്സി സൂപ്രണ്ട് ഡോ.ആശ സേവ്യർ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com