ADVERTISEMENT

തൃശൂർ ∙ പ്രചാരണ രംഗത്ത് സിനിമാ സ്റ്റൈലിൽ ഇളക്കിമറിക്കൽ നടത്തിയ സുരേഷ് ഗോപി വോട്ടെണ്ണൽ ദിവസവും ഏറെ നേരം കേരളം മുഴുവൻ താരമായി. സ്ഥാനാർഥി പ്രഖ്യാപനം വന്ന ശേഷം ഏറെ ദിവസം പ്രചാരണ രംഗത്തേ ഉണ്ടാവാതിരുന്ന സുരേഷ് ഗോപി പിന്നീടു തൃശൂരിലെത്തിയ ശേഷം ഇളക്കി മറിച്ച് പ്രചാരണം നടത്തുകയായിരുന്നു. പങ്കെടുത്ത റോഡ് ഷോ അടക്കം ആളുകളുടെ പങ്കാളിത്തം കൊണ്ടു ശ്രദ്ധേയമായി.

പാർലമെന്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയപ്പോൾ ‘തൃശൂരിങ്ങെടുക്കുവാ’ എന്ന പ്രയോഗത്തിലൂടെ കേരളമാകെ ട്രോളുകളിലും അല്ലാതെയും നിറഞ്ഞ സുരേഷ് ഗോപി ഇക്കുറി വന്ന ഉടൻ ‘തൃശൂർ ഇക്കുറി എനിക്കു തരണം’ എന്നു പറഞ്ഞും കയ്യടി നേടിയിരുന്നു. അതും കേരളമാകെ നിറഞ്ഞു പ്രചരിച്ചു. ഇന്നലെ ഫലം വന്നു തുടങ്ങിയപ്പോൾ ആദ്യഘട്ടത്തിൽ യുഡിഎഫിലെ പത്മജ വേണുഗോപാലിനായിരുന്നു ലീഡ്. പക്ഷേ, സിനിമയിൽ നായകൻ വരും പോലെ ആ ലീഡ് തട്ടിത്തെറിപ്പിച്ച് സുരേഷ് ഗോപി രംഗപ്രവേശം ചെയ്തത് പെട്ടെന്നായിരുന്നു.

ഇതോടെ കേരളത്തിലങ്ങോളമിങ്ങോളം നിന്ന് സുരേഷ് ഗോപിയുടെ സാധ്യത അന്വേഷിച്ച് മാധ്യമ പ്രവർത്തകർക്കും പൊതുപ്രവർത്തകർക്കും ഫോൺ വിളികൾ എത്തിത്തുടങ്ങി. ചാനലുകളിലും തൃശൂരിലെ ഫലത്തിനായി ശ്രദ്ധ. ഇടയ്ക്ക് പി.ബാലചന്ദ്രൻ വീണ്ടും ലീഡിലെത്തി. പിന്നീട് സുരേഷ് ഗോപി മൂവായിരത്തിലേറെ വോട്ടിന്റെ ലീഡിലേക്ക് എത്തിയതോടെ ക്ലൈമാക്സ് എന്താകും എന്നറിയാനുള്ള ഉദ്വോഗത്തിലായി കേരളം. സുരേഷ് ഗോപി തൃശൂരിനെ എടുത്തു എന്നു കാണിച്ച് ബിജെപി പ്രവർത്തകർ സമൂഹമാധ്യമങ്ങളിൽ പോസ്റ്ററുകൾ പ്രചരിപ്പിച്ചു തുടങ്ങിയിരുന്നു അപ്പോഴേക്കും. ബിജെപിയുടെ നന്ദി പോസ്റ്ററുകളും ഇറങ്ങി.

പക്ഷേ, 12 മണിയോടെ ലീഡ് തിരിച്ചുപിടിച്ച ബാലചന്ദ്രൻ പിന്നീട് പുറകോട്ടു പോയില്ല. ഇതിനൊപ്പം യുഡിഎഫ് സ്ഥാനാർഥി പത്മജ രണ്ടാം സ്ഥാനത്തേക്ക് എത്തുകയും ചെയ്തു. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ രണ്ടാം സ്ഥാനം നേടിയ സുരേഷ് ഗോപിക്ക് ഇക്കുറി മൂന്നാം സ്ഥാനം കൊണ്ടു തൃപ്തിപ്പെടേണ്ടി വന്നു. പ്രചാരണത്തിനെത്തിയ ദിവസം തന്നെ, തൃശൂരിൽ ജയസാധ്യത അല്ല, മത്സര സാധ്യത ആണ് ഉള്ളത് എന്നു പറഞ്ഞ് വോട്ടർമാരെ ‘ചിന്തിപ്പിച്ച’ സുരേഷ് ഗോപി എന്താണ് അന്ന് ഉദ്ദേശിച്ചത് എന്ന് വോട്ടർമാർക്ക് പിടി കിട്ടിയത് ഫലം വന്നപ്പോഴാണ്. ഹിറ്റ് സിനിമയെ വെല്ലുന്ന മത്സരമാണ് തൃശൂരിൽ അരങ്ങേറിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com