ADVERTISEMENT

തൃശൂർ ∙ ഒരു സീറ്റിൽ വിജയവും 2 സീറ്റുകളിൽ രണ്ടാം സ്ഥാനവും പ്രതീക്ഷിച്ചു തിരഞ്ഞെടുപ്പിനിറങ്ങിയ എൻഡിഎയ്ക്കു നേരിട്ടതു വൻ തിരിച്ചടി. ഒരു സീറ്റിലും രണ്ടാംസ്ഥാനം പോലും നേടാനായില്ലെന്നു മാത്രമല്ല, കഴിഞ്ഞ തിരഞ്ഞെടുപ്പിലെ മൊത്തം വോട്ടുവിഹിതത്തിൽ 37,654 വോട്ടിന്റെ കുറവുമുണ്ടായി. 5 മണ്ഡലങ്ങളിൽ മാത്രമാണു വോട്ടുനില വർധിപ്പിക്കാനായത്, അതും 24,485 വോട്ട് മാത്രം.

മറ്റ് 8 മണ്ഡലങ്ങളിലായി 62,139 വോട്ട് നഷ്ടപ്പെട്ടു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നേടിയതിനേക്കാൾ 37,654 വോട്ട് മൊത്തത്തിൽ കുറഞ്ഞു. ജില്ലയിൽ ആകെ വോട്ടർമാരുടെ എണ്ണത്തിൽ വർധനയുണ്ടായിട്ടും സ്വന്തം വോട്ടുകൾ നിലനിർത്താൻ കഴിയാത‍ിരുന്നത് എൻഡിഎ നേതൃത്വത്തിന്, പ്രത്യേകിച്ചു ബിജെപിക്ക് ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. തൃശൂർ, ചേലക്കര, ഒല്ലൂർ, നാട്ടിക, ഇരിങ്ങാലക്കുട മണ്ഡലങ്ങളിൽ മാത്രമാണ് എൻഡിഎ കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിനേക്കാൾ വോട്ടുനില വർധിപ്പിച്ചത്.

തൃശൂർ മണ്ഡലത്തിൽ സുരേഷ് ഗോപിയുടെ വരവോടെ 15,709 വോട്ടുകൾ അധികം നേടാനായതു മാത്രമാണ് എടുത്തു പറയാവുന്ന നേട്ടം. ഒല്ലൂരിൽ 4601, ഇരിങ്ങാലക്കുടയിൽ 3909, ചേലക്കരയിൽ 200, നാട്ടികയിൽ 66 എന്നിങ്ങനെയാണു വോട്ടുവിഹിതം കൂടിയ മണ്ഡലങ്ങൾ. അതേസമയം, വോട്ടു ചോർന്ന മണ്ഡലങ്ങളിലെ കണക്കുകൾ ഞെട്ടിപ്പിക്കുന്നതാണ്. കയ്പമംഗലത്ത് 20,975 വോട്ട് ഒറ്റയടിക്കു നഷ്ടമായി.

thrissur news

വിജയം പ്രതീക്ഷിച്ച് ഉശിരൻ പ്രചാരണം നടത്തിയ മണലൂരിൽ പോലും 1114 വോട്ട് കുറയുകയാണ് ചെയ്തത്. ഗുരുവായൂരിൽ സ്ഥാനാർഥിയില്ലായിരുന്നെങ്കിലും എൻഡിഎ പിന്തുണ പ്രഖ്യാപിച്ച സ്ഥാനാർഥിക്ക് കഴിഞ്ഞ തവണത്തേക്കാൾ 19,196 വോട്ട് കുറഞ്ഞു. ചാലക്കുടിയിൽ 8928, വടക്കാഞ്ചേരിയിൽ 4905, കൊടുങ്ങല്ലൂരിൽ 4589, കുന്നംകുളത്ത് 1492, പുതുക്കാട്ട് 940 എന്നിങ്ങനെയും വോട്ട് കുറഞ്ഞു.

കയ്പമംഗലത്ത് പോയത് 20,975 വോട്ട്

കയ്പമംഗലത്ത് എൻഡിഎയ്ക്ക് ഒറ്റയടിക്കു നഷ്ടപ്പെട്ടത് 20,975 വോട്ട്! ബിഡിജെഎസിനു നൽകിയ സീറ്റാണിത്. ബിഡിജെഎസിനു ലഭിച്ച മറ്റൊരു സീറ്റായ ചാലക്കുടിയിലും എൻഡിഎയ്ക്കു നഷ്ടമായത് 8928 വോട്ട്. ജില്ലയിൽ എൻഡിഎ സ്ഥാനാർഥികൾ മത്സരിച്ച മറ്റൊരു മണ്ഡലത്തിലും ഇത്രയേറെ വോട്ടുചേ‍ാർച്ച ഉണ്ടായിട്ടില്ല.

ബിഡിജെഎസിന്റെ ജില്ലാ പ്രസിഡന്റ് കൂടിയായ സി.ഡി. ശ്രീലാൽ ആണു കയ്പമംഗലത്തു മത്സരിച്ചത്. ബിഡിജെഎസിനു നൽകിയ സീറ്റുകളിൽ സംഭവിച്ചതെന്ത് എന്നത് എൻഡിഎയിൽ ചോദ്യങ്ങളുയർത്തിയിട്ടുണ്ട്. ബിജെപി ജില്ലാ നേതൃത്വത്തിനിടയിലും ഇക്കാര്യത്തിൽ അസ്വസ്ഥത ഉയർന്നിട്ടുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കയ്പമംഗലത്തിനും ചാലക്കുടിക്കും പുറമെ ഒല്ലൂർ, നാട്ടിക, കൊടുങ്ങല്ലൂർ എന്നിവിടങ്ങളിലും ബിഡിജെഎസിനു സീറ്റ് നൽകിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com